സംസ്ഥാനത്ത് മയക്കുമരുന്നു കേസുകളിൽ കുതിച്ചു ചാട്ടം; ലഹരിക്കേസിൽ ഓഗസ്റ്റ് വരെ പിടിയിലായത് 17,834 പേർ; പിടിച്ചെടുത്തത് 6.7 കിലോ എംഡിഎംഎ; സ്ഥിരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ വിചാരണ ഇല്ലാതെ രണ്ടു വർഷം കരുതൽ തടങ്കലിൽ പാർപ്പിക്കാൻ ഉത്തരവ് ഇറക്കുമെന്ന് മുഖ്യമന്ത്രി
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി കേസുകളുടെ വർധനവ് വന്ന വിഷയം സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. കോൺഗ്രസ് എംഎൽഎ പിസി വിഷ്ണുനാഥ് നിയമസഭയിൽ അടിയന്തിരപ്രമേയത്തിന് നോട്ടീസ് നൽകി. വിഷയം അതീവ ഗൗരവമായ കാര്യമാണെന്നും കർക്കശമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മറുപടി നൽകി. ഇത് ബോധപൂർവം ചെയ്യുന്ന കുറ്റമാണ്. ഇതിനെതിരെ രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒന്നിച്ചു നിൽക്കണം. വരുന്ന ഒക്ടോബർ രണ്ട് മുതൽ ലഹരി ഉപയോഗത്തിനെതിരെ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എക്സൈസ്, പൊലീസ് വകുപ്പുകൾ ഏകോപിതമായി ലഹരിമരുന്നു വേട്ട നടത്തിയതിലൂടെ 2022 ഓഗസ്റ്റ് 29 വരെ 16,128 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തതെന്നും 1340 കിലോ കഞ്ചാവും 6.7 കിലോ എംഡിഎംഎയും 23.4 കിലോ ഹാഷിഷ് ഓയിലും പിടികൂടിയെന്നും മുഖ്യമന്ത്രി സഭയിൽ അവതരിപ്പിച്ച കണക്കിൽ വ്യക്തമാക്കി. നിലവിൽ കേസ് കൈകാര്യം ചെയ്യുന്നതിൽ ചില മാറ്റങ്ങൾ വരുത്തേണ്ടിവരും. കുറ്റകൃത്യങ്ങളിൽ ഉൾപ്പെടില്ലെന്ന ബോണ്ട് വാങ്ങാൻ നിയമമുണ്ട്. വിചാരണ ഇല്ലാതെ രണ്ടുവർഷം കരുതൽ തടങ്കലിൽ പാർപ്പിക്കാൻ ഉത്തരവ് ഇറക്കും. കേസിൽ ഉൾപ്പെടുന്നവരുടെ ഹിസ്റ്ററി ഷീറ്റ് തയ്യാറാക്കി സൂക്ഷിക്കും. ഇവരെ നിരന്തരം നിരീക്ഷിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. എൻഡിപിഎസ് കേസിൽ ഉൾപ്പെടുന്നവരുടെ പട്ടിക തയ്യാറാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്കൂൾ കുട്ടികൾക്ക് മയക്കുമരുന്ന് നൽകുന്നവരുടെ പേരിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് ചുമത്തണമെന്ന് അടിയന്തര പ്രമേയത്തിന് അനുമതി ചോദിച്ചു കൊണ്ട് പിസി വിഷ്ണുനാഥ് ആവശ്യപ്പെട്ടു. എക്സ്സൈസ് വകുപ്പിന് ഇതിനുള്ള അനുമതി നൽകണം. നിരന്തരം മയക്കുമരുന്ന് ഇടപാട് നടത്തുന്നവർക്ക് എതിരെ കാപ്പ ചുമത്തണം. അയ്യായിരം കേസുകളിൽ നിന്നാണ് ഈ വർഷം വെറും എട്ടു മാസം കൊണ്ട് 120 % വർധനവുണ്ടായത്. പഞ്ചാബ് കഴിഞ്ഞാൽ ഏറ്റവുമധികം മയക്കുമരുന്ന് ബാധിത പ്രദേശം കേരളമാണെന്ന നിലയിലേക്ക് എത്തിയെന്നും അടിയന്തിര പ്രമേയമവതരിപ്പിച്ച് കൊണ്ട് വിഷ്ണുനാഥ് ആരോപിച്ചു.
വിഷയം മുഖ്യമന്ത്രി വളരെ ഗൗരവത്തോടെ എടുത്തുവെന്നും അതിനെ സ്വാഗതം ചെയ്യുന്നുവെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ഇന്ന് സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ലഹരി ഉപയോഗം. പിടിക്കപ്പെടുന്നവർ വീണ്ടും കച്ചവടത്തിന് ഇറങ്ങുന്നു. കുഞ്ഞുങ്ങളെ കാത്തിരിക്കുന്നത് വലിയ ചതിക്കുഴികളാണ്. പ്രതിപക്ഷം പൂർണമായും ഇതിൽ സർക്കാരിനൊപ്പം ഉണ്ടാകുമെന്നും സതീശൻ വ്യക്തമാക്കി.
കഴിഞ്ഞ വർഷങ്ങളിൽ സംസ്ഥാനത്ത് രജിസ്റ്റർ കേസുകൾ
2020 - 4650
2021 - 53342022 - 16,128 (ഓഗസ്റ്റ് 29 വരെ)പിടിയിലായവർ
2020 - 5674
2021 - 67042022 - 17,834ഈ വർഷം പിടികൂടിയത്
1340 കിലോ കഞ്ചാവ്
6.7 കിലോ എം.ഡി.എം.എ23.4 കിലോ ഹാഷിഷ് ഓയിൽ
മറുനാടന് മലയാളി ബ്യൂറോ