ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്താഴ്ച നടക്കാനിരിക്കെ, എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയൽ രാജി വച്ചു. അദ്ദേഹത്തിന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു. രാജിയുടെ കാരണം വ്യക്തമല്ല.

നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഒരു ഒഴിവുണ്ടായിരുന്നു. ഒരാൾ കൂടി രാജി വച്ചതോടെ, മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ മാത്രമാണ് അവശേഷിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷണർ അനൂപ് ചന്ദ്ര പാണ്ഡെ ഫെബ്രുവരിയിൽ വിരമിച്ചിരുന്നു. ഗോയലിന്റെ രാജിയോടെ, അടുത്താഴ്ച തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമോ എന്ന കാര്യത്തിൽ സംശയം ഉയർന്നിട്ടുണ്ട്.

1985 ബാച്ച് പഞ്ചാബ് കേഡർ ഐഎഎസ് ഓഫിസറായ അരുൺ ഗോയൽ 2022ലാണ് തിരഞ്ഞെടുപ്പ് കമ്മിഷണറുടെ ചുമതലയേറ്റെടുത്തത്. അദ്ദേഹത്തിന്റെ നിയമനത്തിനെതിരെ സുപ്രീംകോടതിയിൽ അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് ഹർജി നൽകിയിരുന്നു. കേന്ദ്രഘനവ്യവസായ സെക്രട്ടറിയായിരുന്ന അരുൺ ഗോയൽ 2022 നവംബർ 18നാണ് വിആർഎസ് എടുത്തത്. ഒരുദിവസത്തിന് ശേഷം തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കപ്പെടുകയും ആയിരുന്നു. നിയമനത്തിൽ ധൃതി കാട്ടിയതിനെ സുപ്രീം കോടതി വിമർശിക്കുകയും ചെയ്തിരുന്നു.

'ചുരുക്കപട്ടികയിൽ നിന്ന് നിയമമന്ത്രി നാല് പേരുകൾ തിരഞ്ഞെടുക്കുന്നു. നവംബർ 18 ന് ഫയൽ ഉണ്ടാക്കി അന്ന് തന്നെ മുന്നോട്ടുവയ്ക്കുന്നു. പ്രധാനമന്ത്രി അതേ ദിവസം പേര് ശുപാർശ ചെയ്യുന്നു. ഞങ്ങൾ എന്തെങ്കിലും ഏറ്റുമുട്ടലിന് മുതിരുകയല്ല. പക്ഷേ എന്തിനായിരുന്നു ഇത്രയും ധൃതി? എന്തായിരുന്നു ഇത്രയും തിടുക്കം', കോടതി ചോദിച്ചിരുന്നു.

ഗോയലിന്റെ നിയമനത്തിന് എതിരായ ഹർജി രണ്ടംഗ ബഞ്ച് പിന്നീട് തള്ളിയിരുന്നു. ഗോയലിന്റെ നിയനകാലാവധി 2027 വരെയായിരുന്നു. അടുത്ത വർഷം രാജീവ് കുമാർ വിരമിക്കുന്നതിനെ തുടർന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആകേണ്ടതായിരുന്നു.