തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരായ എസ്എഫ്‌ഐഒ അന്വേഷണം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം സഭ ബഹിഷ്‌കികരിച്ചു പ്രതിഷേധിച്ചു. ചട്ടപ്രകാരമല്ല അടിയന്തര പ്രമേയ നോട്ടീസ് എന്നു കാണിച്ചാണ് സ്പീക്കർ എ എൻ ഷംസീർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചത്. ഇതിനെതിരെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധിച്ചു.

തുടർന്ന് സഭാ നടപടികൾ ബഹിഷ്‌കരിച്ച് വാക്കൗട്ട് നടത്തി. നിയമസഭയിൽ ചോദ്യോത്തര വേള തുടങ്ങിയതിന് പിന്നാലെയാണ് അടിയന്തര പ്രമേയം കൊണ്ടുവന്നത്. മാത്യു കുഴൽനാടനാണ് അടിയന്തര പ്രമേയത്തിന് അനുമതി നേടി നോട്ടീസ് എഴുതി നൽകിയത്. എന്നാൽ, ചട്ടപ്രകാരമല്ലെന്ന് കാണിച്ച് സ്പീക്കർ അനുമതി നിഷേധിക്കുകയാണ് ഉണ്ടായത്. അടിയന്തര പ്രമേയത്തിന്റെ നോട്ടീസിനുപോലും അനുമതി നൽകാത്ത അസാധാരണ നടപടിയാണുണ്ടായതെന്ന് പ്രതിപക്ഷം ആരോപിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചത്. പ്ലക്കാർഡുകളും ബാനറുകളുമേന്തിയാണ് പ്രതിപക്ഷം സഭയിൽ പ്രതിഷേധിച്ചത്. കേരളം കൊള്ളയടിച്ച് പിവി ആൻഡ് കമ്പനി എന്നെഴുതിയ ബാനറുമേന്തിയാണ് പ്രതിപക്ഷാംഗങ്ങൾ സഭയിൽനിന്നും പുറത്തേക്ക് വന്നത്. സഭയ്ക്ക് പുറത്ത് പ്ലക്കാർഡുകളും ബാനറുകളുമേന്തി പ്രതിപക്ഷാംഗങ്ങൾ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

തന്റെ കൈകൾ ശുദ്ധം ആണെന്നും മകൾക്കെതിരായ കണ്ടെത്തലുകൾ ആരോപണങ്ങൾ മാത്രമാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. മുഖ്യമന്ത്രി രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. സർക്കാർ സ്ഥാപനമായ കെഎസ്‌ഐഡിസി കൂടി അന്വേഷണ പരിധിയിലുള്ള സാഹചര്യത്തിലാണ് ഇന്ന് രാവിലെ സഭയിൽ വലിയരീതിയിലുള്ള പ്രതിഷേധത്തിലേക്ക് പ്രതിപക്ഷം കടന്നത്.

മുഖ്യമന്ത്രിയുടെ മകളും മകളുടെ കമ്പനിയും പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഡിസിക്ക് പങ്കാളിത്തമുള്ള സിഎംആർഎൽ കമ്പനിയിൽ നിന്നും നൽകാത്ത സേവനങ്ങൾക്ക് പണം കൈപ്പറ്റി എന്ന ഇൻകം ടാക്‌സ് ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെയും ആർഒസിയുടെയും ഗുരുതരമായ കണ്ടെത്തലുകളും അതിനെതുടർന്ന് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ അന്വേഷണവും സഭ നിർത്തിവച്ച് ചർച്ച ചെയ്യമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിലെ ആവശ്യം. മുഖ്യമന്ത്രി ഇന്ന് സഭയിൽ എത്തിയിരുന്നില്ല.

വീണയുടെ കമ്പനിയായ എക്സാലോജിക്കിന്റെ ഇടപാടുകൾ ദുരൂഹമാണെന്നും ക്രമക്കേടുകളുണ്ടെന്നും കമ്പനിയുടെ പ്രവർത്തനം മരവിപ്പിക്കാൻ തെറ്റായ രേഖകൾ ഹാജരാക്കിയെന്നും രജിസ്റ്റ്രാർ ഓഫ് കമ്പനീസ് (ആർഒസി) നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഉന്നത അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

കരാർ അനുസരിച്ചുള്ള സേവനങ്ങളൊന്നും നൽകാതെയാണ് എക്സാലോജിക് വൻതുക കരിമണൽ കമ്പനിയായ കെഎംആർഎല്ലിൽ നിന്നു കൈപ്പറ്റിയിരുന്നതെന്ന് ആദായ നികുതി സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവിൽ വ്യക്തമാക്കിയപ്പോൾ വീണയോട് വിശദീകരണം ചേദിച്ചില്ലെന്നായിരുന്നു സിപിഎമ്മും മുഖ്യമന്ത്രിയും ഉയർത്തിയ പ്രതിരോധം. എന്നാൽ ആവശ്യപ്പെട്ടിട്ടും ഇടപാടുകൾ സംബന്ധിച്ച് മതിയായ വിശദീകരണവും രേഖകളും വീണ നൽകിയില്ലെന്നും തെറ്റായ രേഖകൾ നൽകിയെന്നുമാണ് ആർഒസി റിപ്പോർട്ടിൽ പറയുന്നത്.

ഗുരുതരമായ കണ്ടെത്തലുകൾ വൻ രാഷ്ട്രീയ വിവാദം സൃഷ്ടിച്ചിട്ടും വീണയോ കമ്പനിയോ ഇതുവരെ വിശദീകരണത്തിനു തയാറായിട്ടില്ല. പകരം ആ ചുമതല ഏറ്റെടുത്തത് സിപിഎം സംസ്ഥാന നേതൃത്വമാണ്. അവർക്കാകട്ടെ, വീണ എന്തു സേവനത്തിനാണ് പണം കൈപ്പറ്റിയതെന്ന ലളിതമായ ചോദ്യത്തിന് ഇതുവരെ വ്യക്തമായ ഉത്തരം നൽകാനുമായിട്ടില്ല. ഇവിടം മുതലാണ് വീണയുടെ പ്രതിരോധം തകർന്നു വീണത്. എക്സാലോജിക്ക് മാത്രമല്ല, മറ്റ് കമ്പനികളിൽ നിന്നും പണം പറ്റിയെന്നാണ് മാത്യു കുഴൽനാടൻ ഉന്നയിച്ച ആരോപണം. ഈ ആരോപണത്തിന്റെ വസ്തുതയും അന്വേഷണത്തിൽ തെളിയും.