തിരുവനന്തപുരം: ധനകാര്യ മാനേജ്‌മെന്റിലെ വീഴ്ചയും ധൂർത്തും കാരണം സംസ്ഥാനം അഭിമുഖീകരിക്കുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധി ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തരപ്രമേയം ചർച്ച ചെയ്യാൻ അനുമതി നൽകി സർക്കാർ. ഉച്ചയ്ക്ക് ഒരു മണിക്ക് ചർച്ച ആരംഭിച്ച ചർച്ച അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്.

പ്രമേയം കൊണ്ടുവന്ന പ്രതിപക്ഷത്തോട് നന്ദി രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി പറഞ്ഞു. "ധനപ്രതിസന്ധി സഭ നിർത്തിവച്ച് ചർച്ച ചെയ്യണം എന്നാണ് പ്രതിപക്ഷ ആവശ്യം. സർക്കാരിനെ കുറ്റപ്പെടുത്താനാണ് പ്രമേയത്തിലൂടെ ശ്രമിച്ചതെങ്കിലും യഥാർഥ വസ്തുത പ്രതിപക്ഷത്തിനും നോട്ടിസിലൂടെ പറയേണ്ടിവന്നു. കേന്ദ്രസർക്കാർ പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ ഭാഗമായി സംസ്ഥാനത്തോട് കാട്ടിയ അവഗണന ധനപ്രതിസന്ധിയുടെ ഒരുകാരണമാണെന്നാണ് പ്രതിപക്ഷം നോട്ടിസിൽ പറയുന്നത്. അതിനും നന്ദി.

ധനപ്രതിസന്ധിയുടെ ഒരു കാരണമാണ് പ്രതിപക്ഷത്തിനു ബോധ്യപ്പെട്ടതെങ്കിൽ മറ്റു കാരണങ്ങൾകൂടി ബോധ്യപ്പെടാനുള്ള നിലപാട് നമുക്ക് എടുക്കാം. ലോക്‌സഭയിൽ 18 അംഗങ്ങൾ യുഡിഎഫിൽനിന്നുണ്ട്. അവിടെ ഇത്തരം ഒരു അടിയന്തരപ്രമേയം കൊണ്ടുവരാൻ തയാറായില്ല എന്ന് ഓർക്കണം. പ്രതിപക്ഷത്തിനു മറ്റു കാര്യങ്ങൾ കൂടി മനസ്സിലാക്കാൻ ധനപ്രതിസന്ധി വിശദമായി ചർച്ച ചെയ്യാം." മുഖ്യമന്ത്രി പറഞ്ഞു.

ധനപ്രതിസന്ധി കാരണം ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയ സർക്കാരിന്റെ എല്ലാ പ്രവർത്തനവും താളം തെറ്റിയിരിക്കുകയാണെന്ന് അടിയന്തര പ്രമേയ നോട്ടിസിന്റെ വിശദീകരണക്കുറിപ്പിൽ പറയുന്നു. നികുതി ഭരണത്തിലെ കെടുകാര്യസ്ഥതയും ഐജിഎസ്ടി പിരിവ് കാര്യക്ഷമം അല്ലാത്തതും സ്വർണം, ബാർ എന്നിവയിൽനിന്ന് നികുതിപിരിക്കാൻ സർക്കാർ പരാജയപ്പെട്ടതും അഴിമതിയും ധൂർത്തുമാണ് സാമ്പത്തിക പ്രതിസന്ധിയുടെ മുഖ്യകാരണങ്ങളെന്ന് നോട്ടിസിൽ പറയുന്നു.

റോജി എം ജോൺ എംഎൽഎ ആണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ചൂണ്ടിക്കാണിച്ച റോജി എം ജോൺ ധനസ്ഥിതി മോശമാകാൻ കാരണം ഇടതുസർക്കാരെന്നും വിമർശിച്ചു. പ്രതിസന്ധിക്ക് കാരണം ധൂർത്ത്, നികുതി പിരിവും കാര്യക്ഷമമല്ല. ഇന്ധനസെസ് പിൻവലിക്കണമെന്നും റോജി എം ജോൺ ആവശ്യപ്പെട്ടു. കേന്ദ്ര നിലപാടും പ്രതിസന്ധിയുടെ ആക്കം കൂട്ടിയെന്നും റോജി എം ജോൺ പറഞ്ഞു.

ജിഎസ്ടി ഇനത്തിൽ സംസ്ഥാനത്തിന് ഉണ്ടായ നഷ്ടം പരിഹരിക്കാൻ ഇടപെട്ടില്ലെന്നും സർക്കാർ ഇപ്പോൾ ധനപ്രതിസന്ധികൾ പറയുകയാണെന്നും എംഎൽഎ കുറ്റപ്പെടുത്തി. ധനപ്രതിസന്ധി പറഞ്ഞ് നികുതി കൂട്ടുകയാണ് സർക്കാർ. ദുരഭിമാനം വെടിഞ്ഞു ഇന്ധന സെസ് പിൻവലിക്കണം. ക്ഷേമ നിധി പെൻഷൻ കൊടുക്കാത്തവരാണ് ഇടത് ബദൽ പറയുന്നതെന്നും എംഎൽഎ അടിയന്തര പ്രമേയത്തിൽ വിമർശിച്ചു. കേന്ദ്രം ചെയ്യുന്ന അതെ പണിയാണ് തദ്ദേശ സ്ഥാപനങ്ങളോട് സംസ്ഥാനസർക്കാർ ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി ഉൾപ്പെട്ട കേസ് വാദിക്കാൻ ലക്ഷങ്ങൾ മുടക്കി വക്കീലിനെ ഇറക്കി. 15 ധനകാര്യ കമ്മീഷന്റെ കാലം കഴിയാറായപ്പോൾ സമരവുമായി ഇറങ്ങിയിരിക്കുകയാണ്. കേന്ദ്രത്തെ കണ്ടാൽ കവാത്ത് മറക്കുന്നവരെല്ല പ്രതിപക്ഷമെന്നും റോജി എം ജോൺ പറഞ്ഞു.