തിരുവനന്തപുരം: സംസ്ഥാനത്ത് വിലക്കറ്റം രൂക്ഷമെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടിയുമായി ഭക്ഷ്യ മന്ത്രി ജി ആർ അനിൽ. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സംസ്ഥാനത്ത് വിലക്കയറ്റം കുറവെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രസർക്കാരിന്റെ നയങ്ങളാണ് വിലക്കയറ്റത്തിന് കാരണം. വിലക്കയറ്റം ഉണ്ടാകുമ്പോൾ ഒരു സർക്കാരിന് ചെയ്യാൻ കഴിയുക വിപണയിൽ ഇടപെടുകയെന്നതാണ്. വിലകയറ്റം സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി ജി.അനിൽ.

13 ഇനം അവശ്യസാധനങ്ങൾ 2016 ഏപ്രിൽ മാസത്തെ വിലയ്ക്കാണ് നൽകുന്നതെന്ന് മന്ത്രി നിയമസഭയിൽ അറിയിച്ചു. ഇതുമുലം സംസ്ഥാന സർക്കാരിന് പ്രതിവർഷം ശരാശരി 315 കോടി രൂപയാണ് ചെവല് വരുന്നതെന്നും മന്ത്രി പറഞ്ഞു. 13 ഇനം സബ്സിഡി ഉത്പന്നങ്ങൾ നിശ്ചിത അളവിൽ പൊതുവിപണിയിൽ നിന്നും വാങ്ങുന്നതിന് 1383 രൂപ നൽകേണ്ടി വരുമ്പോൾ സപ്ലൈകോയിൽ ഇത് 756 രൂപയ്ക്ക് ലഭിക്കുന്നതായും മന്ത്രി പറഞ്ഞു.

ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ഇത്തരം വിപണി ഇടപെടൽ നടത്തുന്നില്ല. പ്രതിമാസം നാൽപ്പത് ലക്ഷം കാർഡ് ഉടമകൾ സപ്ലൈകോയുടെ സബ്സിഡി ഉത്പന്നങ്ങൾ വാങ്ങുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഈ ഓണക്കാലത്ത് സംസ്ഥാനത്ത് നീല, വെള്ള കാർഡ് ഉടമകൾക്ക് 5 കിലോ അരി സ്പെഷ്യൽ ആയി നൽകുമെന്ന് മന്ത്രി പറഞ്ഞു.

സാമ്പത്തിക പ്രയാസങ്ങൾ ഉണ്ടായെങ്കിലും സപ്ലൈകോയിൽ സബ്സിഡി ഉത്പന്നങ്ങൾ ഉൾപ്പെടെ വിതരണം ചെയ്യുന്നതിൽ തടസമുണ്ടായിട്ടില്ല. ചില ഉത്പന്നങ്ങൾ മാസത്തിലെ അവസാന ദിവസങ്ങളിലും ആദ്യദിവസങ്ങളിൽ ഇല്ലാതെ വരുന്നത് സ്വാഭാവികമാണെന്നും മന്ത്രി പറഞ്ഞു. റേഷൻ കടകളിൽ ഇപോസ് മെഷീനിൽ തകരാർ ഉണ്ടെങ്കിൽ അതിനാവശ്യമായ സമയം നീട്ടി നൽകാറുണ്ടെന്നും മന്ത്രി പറഞ്ഞു.

2022 ഏപ്രിലിൽ 6109.14 ലക്ഷം രൂപയുടെ സബ്സിഡി ഉത്പന്നങ്ങൾ വിൽപന നടത്തിയപ്പോൾ 2023 ഏപ്രിലിൽ ഇത് 7655.96 ലക്ഷം രൂപയുടെ ഉത്പന്നങ്ങളാണ് വിറ്റത്. 25 ശതമാനത്തിന്റെ വർധനവുണ്ടായി. 2022 മെയ്-5505 ലക്ഷം രൂപയുടെ വിൽപനയാണ് ഉണ്ടായിരുന്നത്. 2023ലത് 8159 ലക്ഷം രൂപ ആയി. 2022 ജൂൺ 5988.53 ലക്ഷം രൂപ വിൽപനയുണ്ടായിരുന്നത് 2023 ജൂണിൽ 7493.24 ലക്ഷം രൂപ ആയെന്നും ഭക്ഷ്യ മന്ത്രി സഭയിൽ പറഞ്ഞു.

സപ്ലൈകോ ഔട്ട്ലെറ്റുകളിൽ ഡിമാൻഡ് കൂടുമ്പോൾ സാധനങ്ങൾ തീർന്ന് പോകും. ജൂലായിൽ അത്തരത്തിൽ ചില പ്രയാസങ്ങളുണ്ടായി എന്നത് യാഥാർഥ്യമാണ്. തീർന്ന സാധനങ്ങൾ വേഗത്തിൽ എത്തിക്കാനുള്ള നടപടികൾ എടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ, വിലകയറ്റം എല്ലാ സീമകളും ലംഘിക്കുമ്പോൾ സർക്കാർ ജനങ്ങളെ നോക്കി പരിഹസിക്കുകയാണെന്ന് പി.സി.വിഷ്ണുനാഥ് പറഞ്ഞു. മന്ത്രിയും മുഖ്യമന്ത്രിയും പറഞ്ഞ സബ്സഡി സാധനങ്ങളൊന്നും സപ്ലൈകോ ഔട്ട്ലെറ്റിൽ ഇല്ലെന്നും വിഷ്ണുനാഥ് വ്യക്തമാക്കി. നിയമസഭയുടെ തൊട്ട് സമീപമുള്ള ഔട്ട്ലെറ്റിൽ പോയാൽ തന്നെ മന്ത്രിക്ക് കാര്യങ്ങൾ ബോധ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.