വളഞ്ഞ വഴിയിലൂടെ ഉമ്മൻ ചാണ്ടിക്ക് വേലവെക്കേണ്ട കാര്യമില്ല; സോളാർ കേസിൽ ഞങ്ങളെ രക്ഷിക്കണേ എന്നു പറഞ്ഞ് തന്നെ വിളിച്ച നേതാക്കൾ സഭയിലുണ്ട്; കപട സദാചാരത്തിൽ താൻ വിശ്വസിക്കുന്നില്ല: ഗണേശ് കുമാറിന്റെ മറുപടി
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: താൻ വളഞ്ഞ വഴിയിലൂടെ ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ശ്രമിച്ചിട്ടില്ലെന്ന് കെ ബി ഗണേശ് കുമാർ എം എൽ എ. അനാവശ്യമായ പ്രചാരണങ്ങളാണ് നടക്കുന്നത്. കപടസദാചാരത്തിൽ വിശ്വസിക്കുന്നില്ലെന്നും സത്യമാണ് തന്റെ ദൈവമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ചയ്ക്കിടെ തന്റെ പേരു പരാമർശിക്കപ്പെട്ടതിൽ സ്വമേധയാ വിശദീകരണം നൽകുകയായിരുന്നു അദ്ദേഹം.
അടിയന്തര പ്രമേയ ചർച്ചയ്ക്കിടെ സണ്ണി ജോസസും ഷംസുദ്ദീനും തന്റെ പേരു പരാമർശിച്ചു. അതിനാലാണ് മറുപടി പറയുന്നത്. തനിക്കെതിരെ മാധ്യമങ്ങളിൽ അനാവശ്യമായ പ്രചാരണം നടക്കുകയാണ്. അവരുടെ മുന്നിൽ പോയി മറുപടി പറയാൻ താത്പര്യമില്ല. ഉമ്മൻ ചാണ്ടിയോട് രാഷ്ട്രീയമായ എതിർപ്പാണുണ്ടായിരുന്നത്. കേരള കോൺഗ്രസ് പാർട്ടിക്ക് ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയത്തിനോടുള്ള എതിർപ്പാണത്. ആർ ബാലകൃഷ്ണ പിള്ളയ്ക്കോ ഗണേശ് കുമാറിനോ ഉമ്മൻ ചാണ്ടിയോട് വ്യക്തിപരമായി എതിർപ്പില്ല.
വളഞ്ഞ വഴിയിലൂടെ വേലവെക്കേണ്ട കാര്യമില്ല. മുഖത്തുനോക്കി പറയുകയും മുഖത്തുനോക്കി ചെയ്യുകയും ചെയ്യും. കപടസദാചാരത്തിൽ വിശ്വസിക്കുന്ന ആളല്ല ഞാൻ. സത്യമാണ് എന്റെ ദൈവം. സിബിഐ, ഉമ്മൻ ചാണ്ടി സാറിനേക്കുറിച്ചും ഹൈബി ഈഡനേക്കുറിച്ചും എന്നോട് ചോദിച്ചു. രണ്ടുപേരേക്കുറിച്ചുമുള്ള കാര്യങ്ങൾ എനിക്കറിയില്ല എന്നാണ് ഞാൻ പറഞ്ഞത്, ഗണേശ് കുമാർ പറഞ്ഞു.
വ്യക്തിപരമായ കാര്യങ്ങളാലാണ് ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽനിന്നു രാജിവച്ചത്. ക്ലിഫ് ഹൗസിൽ പോയി രാജി നിർബന്ധിച്ചു നൽകുകയായിരുന്നു. തന്റെ ജീവിതം തുറന്ന പുസ്തകമാണ്. കപട സദാചാരം അഭിനയിച്ചു രാഷ്ട്രീയത്തിൽ നിൽക്കുന്നയാളല്ല താനെന്ന് ഗണേശ് കുമാർ പറഞ്ഞു.
സോളാർ കേസുമായി ബന്ധപ്പെട്ട് ഞങ്ങളെ രക്ഷിക്കണേ എന്നു പറഞ്ഞ് തന്നെ വിളിച്ച നേതാക്കൾ ഇപ്പോഴും നിയമസഭയിൽ ഉണ്ട്. അവരുടെ പേരു വെളിപ്പെടുത്താത്തത് തന്റെ അന്തസ്സാണ്. അച്ഛൻ തുറന്നു പറഞ്ഞ കാര്യങ്ങൾ പലതും താൻ വെളിപ്പെടുത്തുന്നില്ല. വേണ്ടിവന്നാൽ അപ്പോൾ വെളിപ്പെടുത്തുമെന്ന് ഗണേശ് കുമാർ പറഞ്ഞു.
പരാതിക്കാരി എഴുതിയ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് ഉണ്ടായിരുന്നില്ലെന്ന് കത്ത് വായിച്ച എന്റെ പിതാവ് എന്നോട് പറഞ്ഞിരുന്നു. ഇക്കാര്യം രേഖപ്പെടുത്തണമെന്ന് സിബിഐയോട് ഞാൻ ആവശ്യപ്പെട്ടിരുന്നു. ഉമ്മൻ ചാണ്ടിയുടെ പേര് ചേർക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ഞാൻ അങ്ങനെ പറയുമോ?, ഗണേശ് കുമാർ ചോദിച്ചു.
2013-ൽ കേരള കോൺഗ്രസ് ബി, എൽഡിഎഫിൽ പോയപ്പോൾ പാർട്ടി വിട്ട് പുറത്തുപോയ ആളാണ് മനോജ് കുമാർ. എന്റെ ബന്ധുവാണ്. അദ്ദേഹം കോൺഗ്രസുകാരനാണ്. രാഷ്ട്രീയമായി എനിക്കെതിരാണ്. ഈ ദിവസംവരെ പരാതിക്കാരിയോ അവരുമായി ബന്ധപ്പെട്ടവരോ, നേരിട്ടോ അല്ലാതെയോ എന്നെ ബന്ധപ്പെട്ടിട്ടില്ല. അത് തെളിയിക്കാൻ ഏത് സിബിഐയെയും വെല്ലുവിളിക്കുകയാണെന്നും ഗണേശ് കുമാർ പറഞ്ഞു.
എൽഡിഎഫിനെ വഞ്ചിച്ച് യുഡിഎഫിനൊപ്പം വരുമെന്ന് ആരും കരുതേണ്ട. രാഷ്ട്രീയം മതിയാക്കി വീട്ടിലിരിക്കേണ്ടിവന്നാലും അഴിമതിക്കെതിരേ സംസാരിച്ചതിന് എന്നെ പുറത്താക്കിയ യുഡിഎഫിലേക്ക് പോകില്ല. എല്ലാ കാലവും ഭരണപക്ഷത്തിരിക്കാൻ ആഗ്രഹമില്ല. ജനങ്ങൾ എനിക്കൊപ്പമുണ്ട്.
ഉമ്മൻ ചാണ്ടിസാറിന്റെ കുടുംബം നന്ദിയോടെ ഓർക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനെയാണ്. മരിച്ചുപോയ അദ്ദേഹത്തിന്റെ ആത്മാവിന് ഈ അന്വേഷണത്തിലൂടെ ഒരു ശുദ്ധിനൽകാൻ കഴിഞ്ഞല്ലോ. പ്രമേയത്തിലേക്ക് എന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുകയായിരുന്നെന്നും ഗണേശ് കുമാർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ