- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദൈവത്തിന്റെ സ്വന്തം നാടിന്റെ പേര് മാറ്റുന്നു; 'കേരള', കേരളമാക്കി മാറ്റാനുള്ള പ്രമേയം പാസാക്കി നിയമസഭ; ഭരണഘടനയിലും, ഔദ്യോഗിക രേഖകളിലും കേരളം എന്ന് മാറ്റാൻ കേന്ദ്രത്തോട് ആവശ്യപ്പെടും
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് ഭരണഘടനയിലും മറ്റ് ഔദ്യോഗിക രേഖകളിലും കേരളം എന്നാക്കി മാറ്റുന്നതിന് കേന്ദ്ര സർക്കാരോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭ ഐകകണേ്ഠ്യന പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത്. ഭരണഘടന അനുസരിച്ച് ഇതിനുള്ള നടപടികൾ കേന്ദ്ര സർക്കാർ വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
പ്രമേയം പാസാക്കിയതോടെ 'കേരള' എന്നുള്ളത് 'കേരളം' എന്നാക്കി മാറ്റണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെടും. സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിച്ചാൽ ഇംഗ്ലീഷിലും മലയാളത്തിലും പേര് കേരളം എന്നായിരിക്കും രേഖപ്പെടുത്തുക.
'കേരളം' പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നടത്തിയ പ്രസംഗം
നമ്മുടെ സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമധേയം ഇന്ത്യൻ ഭരണഘടനയുടെ എട്ടാം പട്ടികയിൽ ഉൾപ്പെട്ട എല്ലാ ഭാഷകളിലും 'കേരളം' എന്നാക്കി മാറ്റാൻ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിക്കുന്ന ചട്ടം 118 പ്രകാരമുള്ള പ്രമേയം ഈ സഭയിൽ അവതരിപ്പിക്കുകയാണ്. അതിനു മുന്നോടിയായി ചില പ്രധാനപ്പെട്ട കാര്യങ്ങൾ സഭയുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ ആഗ്രഹിക്കുകയാണ്.
ഈ വർഷത്തെ (2023) കേരളപ്പിറവി ദിനമായ നവംബർ 1 മുതൽ ഒരാഴ്ചക്കാലയളവിൽ കേരളം ഇതുവരെ കൈവരിച്ച നേട്ടങ്ങളെയും, നമ്മുടെ വിവിധ മേഖലകൾ നേരിടുന്ന പ്രശ്നങ്ങളെയും മുന്നോട്ടുള്ള സാധ്യതകളെയും കുറിച്ചുള്ള സംവാദങ്ങളും, നമ്മുടെ തനത് വിഭവങ്ങളെയും സാംസ്‌കാരിക പൈതൃകത്തെയും, കാർഷിക-വ്യവസായ പുരോഗതിയെയും, നൂതന സാങ്കേതികവിദ്യാ രംഗത്തെ നേട്ടങ്ങളെയും വിളിച്ചറിയിക്കുന്ന പ്രദർശനങ്ങളും സംഘടിപ്പിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നു.
കേരളത്തെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്ന കേരളീയം 2023 എന്ന ഈ പരിപാടിയുടെ സംഘാടനം ഒരു ബൃഹത്തായ ഉദ്യമമാണ്. ഇതിന്റെ വിജയകരമായ നടത്തിപ്പിന് വിപുലമായ ഒരു സംഘാടകസമിതി രൂപീകരിക്കാൻ ഉദ്ദേശിക്കുന്നു. ഈ സമിതിയിൽ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും, ബഹു. നിയമസഭാ സ്പീക്കറും ബഹു. പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിമാരായ ശ്രീ. വി എസ്. അച്യുതാനന്ദൻ, ശ്രീ. എ.കെ. ആന്റണി എന്നിവരും തിരുവനന്തപുരം ജില്ലയിലെ എംഎൽഎമാരും എംപിമാരും മറ്റ് ജനപ്രതിനിധികളും കലാ-സാംസ്‌കാരികരംഗത്തെ പ്രമുഖരും ഉൾപ്പെടുന്നതാണ്. ഇരുപതോളം കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചുകൊണ്ടാണ് കേരളീയം 2023 സംഘടിപ്പിക്കുന്നത്. സംഘാടകസമിതിയുടെ യോഗം 2023 ഓഗസ്റ്റ് 14-ന് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ ചേരുവാൻ ഉദ്ദേശിക്കുന്നു.
കേരളീയം 2023 ന്റെ ഭാഗമായി ലോകപ്രശസ്തരായ വിദഗ്ദ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് വിവിധ മേഖലകളെപ്പറ്റി അർത്ഥവത്തായ സംവാദങ്ങൾ നടത്തുന്നതാണ്. ലോകശ്രദ്ധ ആകർഷിക്കുംവിധം കേരളം കൈവരിച്ച പുരോഗതിയും നിലവിൽ സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങളും നവകേരള സൃഷ്ടിക്കായി നടത്തുന്ന ശ്രമങ്ങളും സംവാദങ്ങളിൽ വിശകലനത്തിന് വിധേയമാക്കും. കാർഷിക രംഗം, ഫിഷറീസ്, ക്ഷീര മേഖലകൾ, ഭൂപരിഷ്‌കരണം, സഹകരണരംഗം, വ്യവസായം, വിവര സാങ്കേതികവിദ്യ, ടൂറിസം, തൊഴിൽ, കുടിയേറ്റം, പട്ടികജാതി-പട്ടികവർഗ മേഖല, ഉന്നത-പൊതുവിദ്യാഭ്യാസ മേഖലകൾ, പൊതുജനാരോഗ്യം, ജനസൗഹൃദ പൊതുസേവനം, അധികാരവികേന്ദ്രീകരണവും പ്രാദേശിക സർക്കാരുകളും, കേരളത്തിന്റെ സമ്പദ്ഘടന എന്നിവയെപ്പറ്റിയാണ് വിദഗ്ദ്ധർ ഉൾപ്പെടുന്ന സെമിനാറുകൾ സംഘടിപ്പിക്കുന്നത്. ഇതിൽ നിന്നും ഉരുത്തിരിയുന്ന ആശയങ്ങൾ ക്രോഡീകരിച്ചുകൊണ്ട് കേരളീയം 2023 ന്റെ ഭാഗമായി നവകേരളത്തിനായുള്ള പരിപ്രേക്ഷ്യം അവതരിപ്പിക്കുന്നതാണ്.
കേരളീയം 2023 ന്റെ ഭാഗമായി നമ്മുടെ വിവിധ കലാരൂപങ്ങളുടെ അവതരണം, പൊതുജനങ്ങൾക്ക് ആസ്വദിക്കാനും കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തെ കുറിച്ച് മനസ്സിലാക്കാനും വേണ്ടി കലാ പ്രദർശനവും ഉണ്ടാവും. തിരുവനന്തപുരം നഗരത്തിൽ പൂർണ്ണമായും ഉത്സവ പ്രതീതിയുണർത്തും വിധം കവടിയാർ മുതൽ കിഴക്കേക്കോട്ട വരെ ഉള്ള സ്ഥലങ്ങളിൽ മികച്ച ദീപാലങ്കാരവും പുസ്തകോത്സവം, ചലച്ചിത്രോത്സവം, പുഷ്പ മേള എന്നിവയും ഉണ്ടാകുന്നതാണ്.
കേരളീയം 2023 ന്റെ വിജയകരമായ നടത്തിപ്പിനായി എല്ലാവരുടെയും മികച്ച രീതിയിലുള്ള സഹായ സഹകരണങ്ങളും വിലപ്പെട്ട നിർദ്ദേശങ്ങളും ലഭ്യമാക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്.
സംസ്ഥാനത്തിന്റെ പേര് ഭരണഘടനയിലും മറ്റ് ഔദ്യോഗിക രേഖകളിലും 'കേരളം' എന്നാക്കി മാറ്റുന്നതിന് കേന്ദ്രസർക്കാരിനോടാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയം
നമ്മുടെ സംസ്ഥാനത്തിന്റെ നാമധേയം മലയാള ഭാഷയിൽ കേരളം എന്നാണ്. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപവൽക്കരിക്കപ്പെട്ടത് 1956 നവംബർ 1-നാണ്. കേരളപ്പിറവി ദിനവും നവംബർ 1-നാണ്. മലയാള ഭാഷ സംസാരിക്കുന്ന ജനവിഭാഗങ്ങൾക്കായി ഐക്യകേരളം രൂപപ്പെടണമെന്നത് ദേശീയ സ്വാതന്ത്ര്യസമര കാലം മുതൽ ശക്തമായി ഉയർന്നുവന്നിരുന്ന ആവശ്യമാണ്. എന്നാൽ ഭരണഘടനയുടെ ഒന്നാം പട്ടികയിൽ നമ്മുടെ സംസ്ഥാനത്തിന്റെ പേര് കേരള എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് കേരളം എന്നാക്കി ഭേദഗതിപ്പെടുത്തുന്നതിനുവേണ്ട അടിയന്തര നടപടികൾ ഭരണഘടനയുടെ അനുച്ഛേദം 3 പ്രകാരം കൈക്കൊള്ളണമെന്ന് ഈ നിയമസഭ ഏകകണ്ഠമായി യൂണിയൻ ഗവൺമെന്റിനോട് ആവശ്യപ്പെടുന്നു. ഭരണഘടനയുടെ എട്ടാം പട്ടികയിൽ പറയുന്ന എല്ലാ ഭാഷകളിലും നമ്മുടെ നാട് 'കേരളം' എന്ന പേരിൽ മാറ്റണമെന്നും ഈ സഭ അഭ്യർത്ഥിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ