ന്യൂഡൽഹി: കേന്ദ്ര ബജറ്റിലെ പ്രഖ്യാപനം സ്വർണം വാങ്ങാൻ ഒരുങ്ങുന്നവർക്ക് വൻ തിരിച്ചടിയാകും. അതേസമയം സ്വർണം കൈവശം വെച്ചിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം സന്തോഷം നൽകുന്ന കാര്യവുമാണ്. ആഡംബര പ്രിയർക്ക് തിരിച്ചടിയാകുമ്പോൾ തന്നെ സ്വർണംക്കടത്തു വർധിക്കാനും വഴിവെക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. സ്വർണത്തിനും വെള്ളിക്കും വജ്രത്തിനും വില കൂടുമെന്നാണ് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം ആഡംബര ആഭരണങ്ങൾക്ക് വിലകൂടുമ്പോൾ തന്നെ തുണിത്തരങ്ങൾക്കും വില കൂടും. കൂടാതെ പുകവലിക്കാർക്കും ആഘാഥമാണ്. സിഗരറ്റ് വിലയിലും വർധനവുണ്ടാകുമെന്നാണ് പ്രഖ്യാപനമുള്ളത്. തുണിത്തരങ്ങൾക്കും വില കൂടുമെന്നാണ് പ്രഖ്യാപനം. അതേസമയം കേന്ദ്രബജറ്റിൽ നികുതിയിളവ് പ്രഖ്യാപിച്ചതോടെ മൊബൈൽ ഫോണുകളുടെ വില കുറയും.

ഇലക്ട്രിക് കിച്ചൺ ചിമ്മിനികളുടെ തീരുവ കുറച്ചു. ക്യാമറ പാർട്സിന് ഇളവ് പ്രഖ്യാപിച്ചു. കസ്റ്റംസ് തീരുവ 13 ശതമാനമായി കുറച്ചു. ലിഥിയം ബാറ്ററികളുടെ തീരുവ ഒഴിവാക്കി. ടെലിവിഷൻ സ്പെയർ പാർട്സുകളുടെ കസ്റ്റംസ് തീരുവയിൽ ഇളവ് പ്രഖ്യാപിച്ചു. ചിമ്മിനികളുടെ ഹീറ്റ് കോയിലിന് തീരുവ 20ൽ നിന്ന് 15 ശതമാനമായാണ് കുറച്ചത്. സിഗരറ്റിന് മൂന്ന് വർഷത്തേക്ക് ദേശീയ ദുരന്ത തീരുവ 16 ശതമാനം കൂട്ടി.

ടെലിവിഷൻ പാനലുകൾക്ക് തീരുവ കുറയ്ക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചതോടെ ടെലിവിഷൻ സെറ്റുകൾക്ക് വില കുറയും. ടെലിവിഷൻ പാനലുകളുടെ തീരുവ 2.5 ശതമാനമാണ് കുറയുക. മൊബൈൽ നിർമ്മാണ സാമഗ്രികളുടെ തീരുവ കുറച്ചു. ഇതോടെ മൊബൈൽ ഫോണുകളുടെ വില കുറയും. ഇലക്ട്രിക്ക് വാഹനങ്ങളുടെ ബാറ്ററികളുടെ വിലയിൽ കുറവുണ്ടാവും. സിഗരറ്റ്, സ്വർണം, വെള്ളി, വജ്രം എന്നിവയുടെ വിലകൂടും. കോംപൗണ്ടിങ് റബറിന്റെ തീരുവയും കൂട്ടിയട്ടുണ്ട്.