സഭാ കവാടത്തിൽ വെച്ച് മുഖ്യമന്ത്രി പൂച്ചെണ്ട് നൽകിയപ്പോൾ മുഖത്തു നോക്കാതെ സ്വീകരിച്ചു; കൈ കൊടുത്തതുമില്ല; ഒരു മിനിറ്റ് കൊണ്ട് നയപ്രഖ്യാപനം നടത്തിയ ശേഷം പിണറായി അനുഗമിക്കും മുമ്പേ വേഗത്തിൽ മടക്കവും; ഗവർണർ - മുഖ്യമന്ത്രി പോര് ശരീരഭാഷയിൽ നിന്നും വ്യക്തം; പിണക്കവും നാടകമെന്ന് വിമർശിച്ചു പ്രതിപക്ഷം
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള പിണക്കം കുറച്ചുകാലമായി തന്നെ നിലനിൽക്കുന്നണ്ട്. ഇരു നേതാക്കളും പരസ്പ്പരം മുഖത്തു നോക്കിയിട്ട് കാലം കുറച്ചായി. അതുകൊണ്ട് തന്നെ ഇരുവരുടെയും ശരീരഭാഷയിൽ തന്നെ ഈ ഭിന്നത പ്രകടമാണ്. ഇതിന് മുമ്പ് മറ്റൊരു മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ ഇത്തരത്തിൽ പ്രത്യക്ഷമായി പോരടിച്ചിട്ടില്ല.
ഇന്ന് നിയമസഭയിൽ ഒരു മിനിറ്റ് കൊണ്ട് ഗവർണർ നയപ്രഖ്യാപനം അവസാനിപ്പിച്ചതിന് പിന്നിലും ഈ പിണക്കം തന്നെയാണ്. ഗണേശ് കുമാറിന്റെയും കടന്നപ്പള്ളി രാമചന്ദ്രന്റെും സത്യപ്രതിജ്ഞാ ചടങ്ങിലും ഇരു നേതാക്കളും തമ്മിലുള്ള അകൽച്ച പ്രകടമായിരുന്നു. ഇന്ന് മുഖ്യമന്ത്രി കുറച്ചു മയപ്പെട്ടു എങ്കിലും ആരിഫ് മുഹമ്മദ് ഖാൻ അമ്പിനും വില്ലിനും അടക്കാത്ത പ്രകൃതത്തിലായിരുന്നു.
മുഖ്യമന്ത്രിയോടും സർക്കാരിനോടുമുള്ള തർക്കത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന ഭാവത്തോടെയായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് നിയമസഭയിലെത്തിയതും മടങ്ങിയതും. ശരീരഭാഷയിലും ചലനത്തിലും തന്റെ അനിഷ്ടം അദ്ദേഹം പ്രകടമാക്കുകയും ചെയ്തു. നിയമസഭാ ബജറ്റ് സമ്മേളനത്തിന് തുടക്കംകുറിച്ചുകൊണ്ടുള്ള നയപ്രഖ്യാപന പ്രസംഗത്തിനായി നാടകീയമായി ആയിരുന്നു ഗവർണറുടെ വരവും പോക്കും.
ഗവർണർ വരുന്നത് കണ്ട് കീഴ്വഴക്കം തെറ്റിക്കാതെ നിയമസഭാ കവാടത്തിൽ സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉണ്ടായിരുന്നു. മുഖ്യമന്ത്രിക്കൊപ്പം സ്പീക്കർ എ എൻ ഷംസീറും പാർലമെന്ററി കാര്യമന്ത്രി കെ രാധാകൃഷ്ണനും സ്വീകരിക്കാൻ മുൻനിരയിൽ എത്തി കാത്തിരുന്നു. കൃത്യസമയത്തുതന്നെ എത്തിയ ഗവർണർ മുഖ്യമന്ത്രിയിൽ നിന്നും സ്പീക്കറിൽ നിന്നും ബൊക്കെ സ്വീകരിച്ചു. മുഖ്യമന്ത്രി ബൊക്ക കൈമാറിയതും പുഞ്ചിരിക്കാതെ ആയിരുന്നു.
എന്നാൽ, മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കാനോ ഒരു പുഞ്ചിരി കൈമാറാനോ ഗവർണർ തയ്യാറായില്ല. മുഖ്യമന്ത്രിയുടെ മുഖത്തു നോക്കാതെ ബൊക്ക വാങ്ങി ഗൗരവഭാവത്തിൽ അലക്ഷ്യമായി ഒരു കൈക്കൂപ്പൽ നടത്തിയ ശേഷം മുന്നോട്ടുനടന്നു. കൈ കൊടുക്കാനും തയ്യാറായില്ല. തുടർന്ന് നിയമസഭയ്ക്കുള്ളിലേക്ക് കയറിയ ഗവർണർ മുഖ്യമന്ത്രിയെ കാത്തുനിൽക്കാതെതന്നെ സ്പീക്കറുടെ ഡയസിലേക്ക് പോയി. പോകുന്നതിനിടെ എഴുന്നേറ്റുനിന്ന ഭരണപക്ഷ നിരയിലെ മന്ത്രിമാരടക്കമുള്ളവർ കൈക്കൂപ്പിയെങ്കിലും അവരുടെ മുഖത്ത് നോക്കാതെയും പുഞ്ചിരിക്കാതെയുമായിരുന്നു ഗവർണർ തിരിച്ച് കൈക്കൂപ്പിയത്.
നയപ്രഖ്യാപന പ്രസംഗം ഒരുമിനിറ്റിനുള്ളിൽ അവസാനിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മടങ്ങിയപ്പോഴും ഈ ഭിന്നത പ്രകടമായിരുന്നു. ദേശീയ ഗാനത്തിന് ശേഷം ഗവർണർ പ്രസംഗിക്കാനായി എഴുന്നേറ്റ് നിന്നപ്പോൾ എല്ലാം ഒത്തുത്തീർപ്പായോ എന്ന് പ്രതിപക്ഷ നിരയിൽ നിന്ന് ചോദ്യങ്ങളുയർന്നു. തുടർന്ന് ആമുഖം വായിച്ച ശേഷം ഞാൻ അവസാന ഖണ്ഡിക വായിക്കുകയാണെന്ന് അറിയിച്ചു. തുടർന്ന് അവസാന ഖണ്ഡിക വായിക്കുകയും ദേശീയ ഗാനത്തിന് ശേഷം ഉടൻ സഭ വിടുകയുമായിരുന്നു.
പോകുന്ന ഘട്ടത്തിലും മുഖ്യമന്ത്രി കൂടെ ചെന്നെങ്കിലും അദ്ദേഹത്തെ തിരിഞ്ഞ് നോക്കാൻപോലും ഗവർണർ തയ്യാറായില്ല. മുഖ്യമന്ത്രി സീറ്റിൽ നിന്നും എഴുനേൽക്കുന്നത് പോലും കാത്തു നിൽക്കാതെ അതിവേഗത്തിലാണ് ഗവർണർ മടങ്ങിയതും. ചുരുക്കത്തിൽ മുഖ്യമന്ത്രിയും - ഗവർണറും തമ്മിലുള്ള പോര് തുടരുമെന്ന് തന്നെയാണ് ഇന്നത്തെ നേതാക്കളുടെ ശരീര പ്രകൃതത്തിൽ നിന്നും വ്യക്തമായതും. അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പു വരെ ഈ ഉടക്ക് തുടരുമെന്നാണ് സൂചന. കേന്ദ്രവിരുദ്ധ വാദം ഉയർത്തി വോട്ടു പിടിക്കാനാണ് സിപിഎം ലക്ഷ്യമിടുന്നത്. അതുകൊണ്ട് ഇപ്പോഴത്തെ പോര് തുടർന്നു പോകും.
ഇത് മുന്നിൽ കണ്ടാണ് എല്ലാം ഒത്തുകളിയാണെന്ന വിമർശനം പ്രതിപക്ഷം ഉന്നയിക്കുന്നതും. സർക്കാരും ഗവർണറും തമ്മിൽ കുറേ നാളുകളായി നടക്കുന്ന രാഷ്ട്രീയ നാടകത്തിന്റെ പരിതാപകരമായ അന്ത്യമാണ് ഇന്ന് നിയമസഭയിൽ നടന്നതെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിമർശിച്ചത്. യഥാർത്ഥത്തിൽ സർക്കാർ തയ്യാറാക്കി കൊടുത്ത നയപ്രഖ്യാപന പ്രസംഗത്തിൽ ഒരു കാര്യവുമില്ല. ഗവണ്മെന്റിന്റെ സ്ഥിതി മുഴുവൻ പ്രതിഫലിക്കുന്ന ഒരു നയപ്രഖ്യാപന പ്രസംഗമാണ് എഴുതി തയ്യാറാക്കി കൊടുത്തത്. അതിൽ കാര്യാമായൊരു കേന്ദ്ര വിമർശനവുമില്ല. കേന്ദ്രത്തിനെതിരെ ഡൽഹിയിൽ സമരം ചെയ്യാൻ പോയ മുഖ്യമന്ത്രി കേന്ദ്ര ഏജൻസികളെ പേടിച്ച് പ്രക്ഷോഭം സമ്മേളനമാക്കി മാറ്റിയ ദയനീയമായ കാഴ്ചയാണ് കണ്ടത്': അദ്ദേഹം പറയുന്നു.
കേന്ദ്രത്തിനെതിരെ സമരം ചെയ്യാനുള്ള സർക്കാരിന്റെ ക്ഷണം പ്രതിപക്ഷം നിരസിച്ചിരുന്നു. അതിനെ തുടർന്ന് ഒറ്റക്ക് സമരം ചെയ്യുമെന്ന് സർക്കാർ അറിയിച്ചു. എന്നാൽ, സമരം പൊതുസമ്മേളനമാക്കി മാറ്റിയത് കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തെ ഭയന്നാണെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു. കൊള്ളപ്പിരിവിലൂടെ നടത്തിയ പരിപാടികളാണ് കേരളീയവും നവകേരള സദസും. വിവരാവകാശ നിയമപ്രകാരം ചോദിച്ചിട്ടും വ്യക്തമായ കണക്ക് പുറത്തുവിട്ടിട്ടില്ല സർക്കാർ. വാചക കസർത്ത് മാത്രം നടത്തി പൊള്ളയായ കാര്യങ്ങൾ മാത്രമാണ് നയപ്രഖ്യാപനത്തിലുള്ളതെന്നും സതീശൻ പറഞ്ഞു.
സർക്കാരും ഗവർണറും തമ്മിൽ നാടകം നടക്കുന്നു. സർക്കാർ എപ്പോഴൊക്കെ പ്രതിരോധത്തിൽ ആകുന്നോ അപ്പോഴൊക്കെ ഗവർണർ രക്ഷിക്കാൻ എത്താറുണ്ട്. ഇവരുടെ പിണക്കം പോലും രാഷ്ട്രീയ നാടകമാണ്. മുഖ്യമന്ത്രി തെരുവിൽ പറഞ്ഞതെല്ലാം വെറുതെയാണ് എന്ന് വ്യക്തമായിരിക്കുന്നുവെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ