സുസ്ഥിര വികസന സൂചികകളിൽ കേരളം മുന്നിൽ;സാമ്പത്തിക പ്രതിസന്ധിക്കിടയിലും സംസ്ഥാനം പതിനേഴ് ശതമാനം വളർച്ച നേടി; കേരളത്തിന്റെ നേട്ടങ്ങൾ വിവരിച്ച് നയപ്രഖ്യാപന പ്രസംഗവുമായി ഗവർണ്ണർ; സംസ്ഥാനത്തിന്റെ കടമെടുപ്പ് തടയാൻ നീക്കമെന്ന് കേന്ദ്രത്തിന് രൂക്ഷവിമർശനവും; ഗവർണർ-സർക്കാർ ഒത്തുതീർപ്പെന്ന് പ്ലകാർഡുമായി പ്രതിപക്ഷത്തിന്റെ പ്രതിഷേധം
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന് തുടക്കം. സംസ്ഥാനത്തിന്റെ വികസന നേട്ടങ്ങളെ പ്രശംസിച്ചാണ് ഗവർണർ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്.സുസ്ഥിര വികസന സൂചികകളിൽ കേരളം മുന്നിലാണ്.സാമ്പത്തിക പ്രതിസന്ധിക്കിടയിലും സംസ്ഥാനം പതിനേഴ് ശതമാനം വളർച്ച നേടിയെന്നും ഗവർണർ പറഞ്ഞു.
വയോജന സംരക്ഷണത്തിൽ രാജ്യത്തുതന്നെ കേരളം മുന്നിലാണ്. തൊഴിലില്ലായ്മ പരിഹരിക്കുന്നതിലും സംസ്ഥാനം മുൻപിലാണ്. കേരള നോളജ് എക്കണോമി മിഷനിലൂടെ കൂടുതൽ തൊഴിലവസരങ്ങളുണ്ടാക്കി. സർക്കാർ ജീവനക്കാർക്കായി ഇൻഷുറൻസ് പദ്ധതി ആവിഷ്ക്കരിച്ചു. സർക്കാർ സേവനങ്ങൾ ഓൺലൈനാക്കി. തൊഴിലില്ലായ്മ പരിഹരിക്കാൻ വിവിധ പദ്ധതികൾ നടപ്പിലാക്കി. സർക്കാർ ജീവനക്കാർക്കായി ഇൻഷുറൻസ് പദ്ധതി ആവിഷ്ക്കരിച്ചു. സാധാരണക്കാർക്ക് വീടു നൽകാനുള്ള ലൈഫ് മിഷൻ പദ്ധതി തുടരും. തോട്ടം മേഖലയ്ക്ക് ഊന്നൽ നൽകും.
കേന്ദ്രസർക്കാരിനെ വിമർശിച്ച ഗവർണർ, സംസ്ഥാനത്തിന്റെ കടമെടുപ്പ് തടയാൻ നീക്കം നടക്കുന്നുവെന്ന് പറഞ്ഞു.ഭരണഘടനാമൂല്യങ്ങൾ സംരക്ഷിക്കാൻ നാം പ്രതിജ്ഞാബന്ധമാണെന്നും ഗവർണർ പറഞ്ഞു. ശക്തമായ രാജ്യത്തിനു ശക്തമായ കേന്ദ്രവും അധികാരശ്രേണികളും വേണം. ജനങ്ങളുടെ താൽപര്യങ്ങൾ പ്രതിഫലിക്കുന്ന നിയമസഭകൾ സംരക്ഷിക്കപ്പെടണമെന്നും ഗവർണർ പറഞ്ഞു.
മാധ്യമ സ്വാതന്ത്യത്തെ ഹനിക്കുന്ന വാർത്തകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കേൾക്കുന്നു. എന്നാൽ, കേരള സർക്കാർ മാധ്യമ സ്വാതന്ത്യം സംരക്ഷിക്കുന്നതിനാണ് പ്രാധാന്യം നൽകുന്നത്. മത്സ്യത്തൊഴിലാളികളുടെ ജീവിത, തൊഴിൽ സാഹചര്യം മെച്ചപ്പെടുത്താൻ സർക്കാർ നടപടി സ്വീകരിച്ചു. വീടുകളില്ലാത്ത മത്സ്യത്തൊഴിലാളികൾക്ക് പുനർഗേഹം പദ്ധതിയിലൂടെ വീടുകൾ നിർമ്മിച്ചു നൽകി. തുറമുഖങ്ങൾ നവീകരിക്കുന്നതിനു നടപടികൾ സ്വീകരിച്ചതായും ഗവർണർ പറഞ്ഞു.
വിദ്യാഭ്യാസ മേഖലയിലും പുരോഗതിയുണ്ടായി. ഉന്നത വിദ്യാഭ്യാസത്തിന്റെ കേന്ദ്രമായി കേരളം മാറി. പാഠ്യപദ്ധതി കാലോചിതമായി പരിഷ്ക്കരിക്കും. ആരോഗ്യരംഗം ഏറെ മെച്ചപ്പെട്ടു. ജനങ്ങൾക്ക് ആരോഗ്യമേഖലയിൽ വിശ്വാസം കൂടി. പ്രസവശിശുമരണ നിരക്ക് കുറഞ്ഞു. ആർദ്രം മിഷൻ അടിസ്ഥാന ചികിത്സാ മേഖലയിൽ പുരോഗതിയുണ്ടാക്കി. സർക്കാർ ആശുപത്രികളിൽ കുറഞ്ഞ ചെലവിൽ മികച്ച ചികിത്സ ലഭിക്കുന്നു.
മാലിന്യനിർമ്മാർജത്തിന് വിവിധ പദ്ധതികൾ നടപ്പിലാക്കുന്നു. പട്ടിജാതിപട്ടിക വർഗ വിഭാഗത്തിന് തൊഴിൽ നൽകാൻ പ്രത്യേക പദ്ധതികൾ ആവിഷ്ക്കരിച്ചു. നിക്ഷേപം ആകർഷിക്കുന്നതിന് ഭാവിയെമുന്നിൽ കണ്ടുള്ള വ്യവസായ നയം രൂപീകരിച്ചു. സ്റ്റാർട്ട്അപ് മിഷൻ സ്റ്റാർട്ട്അപ്പുകളുടെ രൂപീകരണത്തിന് ആവശ്യമായ സഹായങ്ങൾ നൽകുന്നു. അതിഥി തൊഴിലാളികളെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചു. ന്യൂനപക്ഷ ക്ഷേമത്തിന് ആവശ്യമായ നടപടികൾ സ്വീകരിച്ചു.
2023 എന്റർപ്രൈസസ് വർഷമായി ആചരിക്കും. 202324ൽ പബ്ലിക് എന്റർപ്രൈസസ് റിക്രൂട്ട്മെന്റ് ബോർഡ് തുടങ്ങും. ചെറുകിടമധ്യമേഖലകളിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. പ്രളയ സാധ്യത കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കും. സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കാൻ സർക്കാർ ആലോചിക്കുന്നു. വിശദമായ പദ്ധതി റിപ്പോർട്ട് കേന്ദ്രത്തിനു സമർപ്പിച്ചു. ദേശീയപാതാ വികസനത്തിന് ആവശ്യമായ കാര്യങ്ങളെല്ലാം നടപ്പിലാക്കുന്നുവെന്നും ഗവർണർ പറഞ്ഞു.
അതേസമയം, ഗവർണർ-സർക്കാർ ഒത്തുതീർപ്പെന്ന് മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം പ്രതിഷേധിച്ചു.പ്ലക്കാർഡുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്.സർക്കാർ-ഗവർണർ ഭായ് ഭായ് എന്നു വിളിച്ച് പ്രതിപക്ഷം പരിഹാസിച്ചു.കേന്ദ്രത്തിനെതിരായ വിമർശനം നയപ്രഖ്യാപനത്തിൽ മയപ്പെടുത്തിയത് ഒത്തുതീർപ്പിന്റെ ഭാഗമാണെന്നും പ്രതിപക്ഷം ആരോപിച്ചു.സർക്കാർ ഗവർണർ പോര് അയഞ്ഞതോടെയാണ്,ഗവർണറുടെ നയപ്രഖ്യാപനപ്രസംഗത്തോടെ സഭാസമ്മേളനം തുടങ്ങാൻ തീരുമാനിച്ചത്. സർക്കാർ സമർപ്പിച്ച നയപ്രഖ്യാപന പ്രസംഗം മാറ്റങ്ങളൊന്നും നിർദേശിക്കാതെ ഗവർണർ നേരത്തെ അംഗീകരിച്ചിരുന്നു.
രാവിലെ ഒൻപതോടെ നയപ്രഖ്യാപന പ്രസംഗത്തിനായി ഗവർണർ നിയമസഭയിലെത്തി. മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ എ.എൻ.ഷംസീറും ചേർന്ന് സഭാ കവാടത്തിൽ ഗവണർറെ സ്വീകരിച്ചു.ബജറ്റ് സമ്മേളനമാണ് ഇത്തവണ നടക്കുന്നത്. 33 ദിവസമാണ് സമ്മേളനം.ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളിൽ ഗവർണറുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയചർച്ച നടക്കും.തുടർന്ന് മൂന്നിനാണ് ബജറ്റ് അവതരണം. റിപ്പബ്ലിക് ദിനം മുതൽ 31 വരെ ഇടവേളയാണ്.
ഫെബ്രുവരി 6 മുതൽ 8 വരെ ബജറ്റിന്മേലുള്ള പൊതുചർച്ച. 13 മുതൽ രണ്ടാഴ്ച സബ്ജക്ട് കമ്മിറ്റികൾ ധനാഭ്യർഥനകളുടെ സൂക്ഷ്മപരിശോധന നടത്തും. 2023-24 സാമ്പത്തിക വർഷത്തെ ധനാഭ്യർഥനകൾ ചർച്ച ചെയ്ത് പാസാക്കാൻ ഫെബ്രുവരി 28 മുതൽ മാർച്ച് 22 വരെ കാലയളവിൽ 13 ദിവസം നീക്കിവച്ചിട്ടുണ്ട്.ഈ സാമ്പത്തികവർഷത്തെ അന്തിമ ഉപധനാഭ്യർഥനകളെയും ബജറ്റിനെയും സംബന്ധിക്കുന്ന രണ്ട് ധനവിനിയോഗ ബില്ലുകൾ ഈ സമ്മേളനത്തിൽ പാസാക്കും.
സർക്കാർ കാര്യങ്ങൾക്കായി നീക്കിവച്ച ദിവസങ്ങളിലെ ബിസിനസ് സംബന്ധിച്ച് കാര്യോപദേശക സമിതി ചേർന്ന് പിന്നീട് തീരുമാനിക്കുമെന്ന് സ്പീക്കർ എ.എൻ.ഷംസീർ പറഞ്ഞു. നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങൾക്ക് ഉത്തരം നിശ്ചിത സമയത്തിനകം നൽകണമെന്ന കാര്യം മന്ത്രിമാരുടെ ശ്രദ്ധയിൽപെടുത്തുമെന്നും ഷംസീർ വ്യക്തമാക്കി
മറുനാടന് മലയാളി ബ്യൂറോ