ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയ്ക്കെതിരെ എടുത്ത കേസ് പിൻവലിക്കില്ല; കോടതി വിധി ലംഘിച്ചുള്ള വിഴിഞ്ഞം സമരത്തിൽ സ്വീകരിച്ചത് നിയമാനുസൃത നടപടികൾ; അന്വേഷണം തുടരുകയാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണത്തെ തുടർന്ന് നടത്തിയ അനുരഞ്ജന ചർച്ചയിൽ സമരം താൽക്കാലികമായി നിർത്തി വച്ചെങ്കിലും, കേസുകൾ പിൻവലിക്കില്ല. ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയ്ക്കെതിരെ എടുത്ത കേസ് പിൻവലിക്കില്ലെന്ന് സർക്കാർ നിയമസഭയിൽ വ്യക്തമാക്കി. സമരം നടന്നത് കോടതി വിധി ലംഘിച്ചാണെന്നും നിയമാനുസൃതമായാണ് പൊലീസ് നടപടിസ്വീകരിച്ചതെന്നും അനൂപ് ജേക്കബ് എംഎൽഎയുടെ ചോദ്യത്തിന് മുഖ്യമന്ത്രി രേഖാമൂലം മറുപടി നൽകി.
വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പിനെതിരെ കേസെടുത്തിട്ടുണ്ടോ? വിശദമാക്കാമോ എന്ന അനൂപ് ജേക്കബിന്റെ ചോദ്യത്തിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ രേഖാമൂലം മറുപടി നൽകിയത്.
ബിഷപ്പിനെതിരെ കേസെടുത്തിട്ടുണ്ട്. ബഹുമാനപ്പെട്ട ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായങ്ങളിലെ നിർദ്ദേശങ്ങൾ ലംഘിച്ചുനടന്ന സമരത്തിനിടെയുണ്ടായ സംഭവങ്ങളിൽ ക്രമസമാധാന പാലനത്തിന്റെ ഭാഗമായുള്ള നിയമാനുസൃതമായ നടപടികളാണ് പൊലീസ് സ്വീകരിച്ചത്. ഈ കേസുകളിൽ അന്വേഷണം നടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം കേസുകൾ പിൻവലിക്കുമോ എന്ന ചോദ്യത്തിന് നിയമാനുസൃതമായ അന്വേഷണം നടക്കുകയാണ് എന്നാണ് മുഖ്യമന്ത്രി മറുപടി നൽകിയത്.
വിഴിഞ്ഞം തുറമുഖത്തിനെതിരെ നടന്ന സമരം പൊലീസ് സ്റ്റേഷൻ ആക്രമണം ഉൾപ്പെടെയുള്ള അക്രമ സംഭവങ്ങൾക്കിടയാക്കിയതോടെയാണ് ആർച്ച് ബിഷപ്പ് ഉൾപ്പടെ അമ്പതോളം പേർക്കെതിരെ പൊലീസ് കേസെടുത്തത്. ആർച്ച് ബിഷപ്പും വൈദികരും ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. സഹായമെത്രാൻ ക്രിസ്തുരാജ് ഉൾപ്പെടെ അമ്പതോളം വൈദികർ പ്രതിപ്പട്ടികയിലുണ്ട്. ബിഷപ്പിനെതിരെ കേസെടുത്തതോടെയാണ് സമരം പൊലീസ് സ്റ്റേഷൻ ആക്രമണത്തിലേക്ക് നീങ്ങിയതെന്നും ആരോപണം ഉയർന്നിരുന്നു.
മറുനാടന് മലയാളി ബ്യൂറോ