തിരുവനന്തപുരം: ഏതെങ്കിലും ഗുണ്ടയെയോ ഗുണ്ടകളെയോ സംരക്ഷിക്കുന്ന നിലപാട് സംസ്ഥാന സർക്കാരിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആകാശ് തില്ലങ്കേരി വിഷയത്തിൽ നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ മറുപടി. തില്ലങ്കേരി എന്നത് രക്തസാക്ഷികളുടെ പേര് പറയുമ്പോൾ ഓർക്കുന്ന ഒന്നാണ്. ആകാശ് തില്ലങ്കേരി ഒന്നാം പ്രതിയായ ഷുഹൈബ് വധക്കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാൽ സർക്കാരിന് അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി.

കേസുകളുമായി ബന്ധപ്പെട്ട് ഫലപ്രദമായ അന്വേഷണം കേരള പൊലീസ് നടത്തി കൊണ്ടിരിക്കുമ്പോൾ, സിബിഐ അന്വേഷണം വേണമെന്ന ആവശ്യം വന്നാൽ സാധാരണഗതിയിൽ അത് അംഗീകരിക്കാനാകില്ല.കാരണം നിഷ്പക്ഷമായി കൃത്യതയോടെ തന്നെ ഇവിടെ പൊലീസ് അന്വേഷണം നടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

'ഇങ്ങനെ നിൽക്കുമ്പോൾ സിബിഐ ഏൽപ്പിക്കണമെന്ന ഒരു നിലപാട് വരുമ്പോൾ അതിനെ നിയമപരമായി ചോദ്യം ചെയ്യാൻ സർക്കാർ ബാധ്യസ്ഥരമാണ്. നല്ലനിലക്ക് ഇവിടുത്തെ നടപടികൾ പൊലീസ് സ്വീകരിക്കുന്നത് എന്നത് തന്നെയാണ് അതിന്റെ കാരണം. ഇത്തരം കേസുകളിൽ പൊലീസ് കണ്ടെത്തിയതിന് അപ്പുറം പിന്നീട് സിബിഐ വന്നതിന് ശേഷം ഉണ്ടായിട്ടുള്ള അനുഭവമുണ്ടോ..? അത് നമ്മൾ പരിശോധിക്കേണമല്ലോ. സിബിഐ വരുമ്പോഴേക്കും പൊലീസ് അന്വേഷണം ഒരു ഘട്ടത്തിൽ എത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായി പൊലീസ് അന്വേഷിച്ച തെളിവുകൾ ആധാരമാക്കി കൊണ്ട് തന്നെയാണ് പല കേസുകളിലും സിബിഐക്ക് അടക്കം നീങ്ങേണ്ടി വന്നിട്ടുള്ളത്. നിയമപരമായി നേരിടുമ്പോൾ അതിന് പറ്റിയ അഭിഭാഷകരെ ഏൽപ്പിക്കേണ്ടി വരും. അവർക്ക് ഫീസ് കൊടുക്കേണ്ടെന്ന നിലപാട് സർക്കാരിനില്ല.അപ്പോൾ അവർക്ക് അവരുടേതായ ഫീസ് നൽകേണ്ടി വരും' മുഖ്യമന്ത്രി പറഞ്ഞു.

ജയിലിനുള്ളിൽ നിന്നായാലും പുറത്ത് നിന്നായാലും നിയമവിരുദ്ധ പ്രവർത്തനം ആര് ചെയ്താലും ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും സർക്കാർ കാണിക്കില്ല. സർക്കാരിന്റെ പ്രവർത്തനം നടത്തുന്നതിന് ഒരു തരത്തിലുള്ള ഇടനിലക്കാരുടേയും ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
'ഭരണം ആകുമ്പോൾ സ്വാഭാവികമായി പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. അക്കാര്യത്തിൽ ഞങ്ങൾ എപ്പോഴും ജാഗരൂകരാണ്. കാരണം നാം ജീവിക്കുന്ന സമൂഹം, ആ സമൂഹത്തിന്റേതായ പ്രത്യേകതകളും ചില ചെറ്റത്തരങ്ങളും നമ്മളെയും സ്വാധീനിക്കാനിടവരും. അക്കാര്യത്തിൽ സ്ഥായിയായ നിലപാട് ഞങ്ങൾക്കുണ്ട്. ഞങ്ങൾ എപ്പോഴും ജാഗ്രത പാലിക്കുന്നവരാണ്. അത്കൊണ്ടാണ് വലിയ കേടുപാടുകൾ ഞങ്ങൾക്ക് പറ്റാതിരിക്കുന്നത്. കൂടുതൽ ജാഗ്രത പാലിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ ഉപദേശത്തിന് നന്ദി' മുഖ്യമന്ത്രി പറഞ്ഞു.

പൊലീസിൽ എല്ലാ കാലത്തും ചില ക്രിമിനലുകളുണ്ട്. ഏതായാലും അത് അവസാനിപ്പിക്കുകയാണ്. ചിലർ പുറത്തായി കഴിഞ്ഞു. ചിലർ പുറത്താകാനിരിക്കുകയാണ്. അടുത്ത തള്ളിന് അവരും പുറത്താകും. ഒരു വിട്ടുവീഴ്ചയുമില്ലെന്നും നിയമസഭയിൽ മുഖ്യമന്ത്രി വ്യക്തമാക്കുകയുണ്ടായി.