തിരുവനന്തപുരം: ഷാർജ ഭരണാധികാരിയുടെ സന്ദർശനം, നിരോധിത സാറ്റലൈറ്റ് ഫോൺ, മുഖ്യമന്ത്രിയുടെ യു.എ.ഇ സന്ദർശനം, മുഖ്യമന്ത്രിയുടെ യാത്രയിലെ കരുതൽ തടങ്കൽ, എ.കെ.ജി സെന്റർ ആക്രമണം എന്നീ ചോദ്യങ്ങൾക്ക് നിയമസഭയിൽ വിലക്ക്. മുഖ്യമന്ത്രി പിണറായി വിജയനോട് യു.ഡി.എഫ് എം എൽ എ മാർ ചോദിച്ച നക്ഷത്ര ചിഹ്നം ഇട്ട ചോദ്യ നോട്ടീസുകൾ ചട്ടവിരുദ്ധമായി നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യങ്ങളായാണ് അനുവദിച്ചത്. ഇതിനെതിരെ എ.പി അനിൽകുമാർ എം എൽ എ സ്പീക്കർക്ക് പരാതി നൽകി.

23.8.22ന് 'ഷാർജ ഭരണാധികാരിയുടെ കേരള സന്ദർശനം' സംബന്ധിച്ച ചോദ്യം സഭയിൽ ഉന്നയിക്കുവാനുള്ള പൊതു പ്രാധാന്യം ഇല്ല, കേട്ടു കേൾവിയുടെ അടിസ്ഥാനത്തിൽ ഉള്ള ചോദ്യമാണ്' എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിയമസഭാ സെക്രട്ടറിയേറ്റ് നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യമായി മാറ്റിയത്. 'എ.കെ.ജി. സെന്റർ ആക്രമണം, മുഖ്യമന്ത്രിയുടെ യാത്രയിലെ കരുതൽ തടങ്കൽ' എന്നിവ സംബന്ധിച്ച ചോദ്യങ്ങളും 'സഭാതലത്തിൽ ഉന്നയിക്കാനുള്ള പൊതു പ്രാധാന്യമില്ല, കേട്ട് കേൾവിയുടെ അടിസ്ഥാനത്തിലുള്ള ചോദ്യമാണ്' എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടി നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യമായി മാറ്റി.

കേരളം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് ബോംബെറിഞ്ഞ കുറ്റവാളികളെ പിടികൂടുവാൻ സാധിക്കാത്ത പൊലീസ് നിഷ്‌ക്രിയത്വവും ക്രമസമാധാന തകർച്ചയും, മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ സാധാരണ ജനങ്ങളെ നിയമവിരുദ്ധമായി കരുതൽ തടങ്കലിൽ വയ്ക്കുന്ന പൊലീസ് നടപടിയും സംസ്ഥാന നിയമസഭയിൽ ചോദ്യമായി ഉന്നയിക്കാനുള്ള പൊതുപ്രാധാന്യം ഇല്ലാത്ത കാര്യങ്ങൾ ആണെങ്കിൽ നിയമസഭാ സമ്മേളനം തന്നെ അപ്രസക്തമാണെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. 'ഷാർജ ഭരണാധികാരിയുടെ കേരള സന്ദർശനം, മുഖ്യമന്ത്രിയുടെ യാത്രയിലെ കരുതൽ തടങ്കലുകൾ ' എന്നിവ സംബന്ധിച്ച നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങളും സമാന നടപടിയിലൂടെ സഭയിൽ ഉന്നയിക്കുന്നതിനുള്ള അവസരം നിഷേധിച്ചു.

കൂടാതെ കേരള പൊതുസമൂഹം ഇന്ന് വളരെയധികം ചർച്ച ചെയ്യുന്ന 'മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനം, നിരോധിത സാറ്റലൈറ്റ് ഫോണുമായി പിടിയിലായ വിദേശ പൗരനെ രക്ഷപ്പെടുത്താൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടത് എന്നിവ സംബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ വിവിധ സാമാജികരും, കെ.കെ.രമ എംഎൽഎയും നോട്ടീസ് നൽകിയ നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങളും പൊതു പ്രാധാന്യമില്ല എന്ന കാരണം ചൂണ്ടിക്കാട്ടി നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യങ്ങളായി മാറ്റി.

കേരള നിയമസഭാ സെക്രട്ടറിയേറ്റിന്റെ ചരിത്രത്തിൽ ആദ്യമാണ് ചട്ടങ്ങളുടെയും റൂളിംഗുകളുടെയും നിർദ്ദേശങ്ങളുടെയും അന്തസത്തയ്ക്ക് വിരുദ്ധമായി ചോദ്യ നോട്ടീസുകൾ നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യങ്ങളായി അഡ്‌മിറ്റ് ചെയ്തത്. അംഗങ്ങൾ മുൻഗണന രേഖപ്പെടുത്തി നൽകുന്ന ചോദ്യ നോട്ടീസുകൾ സംബന്ധിച്ച് എന്തെങ്കിലും അവ്യക്തത ഉള്ള പക്ഷം നിയമസഭാ സെക്രട്ടറിയേറ്റ് സാധാരണഗതിയിൽ സാമാജികരുടെ ഓഫീസുമായോ അല്ലെങ്കിൽ അതാതു പാർലമെന്ററി പാർട്ടി ഓഫീസുകളുമായോ ബന്ധപ്പെട്ട് ആവശ്യമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് ചട്ടങ്ങൾക്കും നിർദ്ദേശങ്ങൾക്കും അനുസൃതമായി ചോദ്യങ്ങൾ നക്ഷത്ര ചിഹ്നമിട്ട ചോദ്യമായി തന്നെ അനുവദിക്കുന്ന രീതിയാണ് പിന്തുടർന്ന് വരുന്നത്.

എന്നാൽ ഇത്രയധികം ചോദ്യ നോട്ടീസുകൾ നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യങ്ങളായി അഡ്‌മിറ്റ് ചെയ്തിട്ടും ഒരു നോട്ടീസ് സംബന്ധിച്ച് പോലും അത്തരത്തിൽ ഒരു വ്യക്തത വരുത്തുവാൻ നിയമസഭാ സെക്രട്ടറിയേറ്റ് തയ്യാറാകാതിരുന്നത് ദുരൂഹമാണ്. മുഖ്യമന്ത്രിക്കും സർക്കാരിനും സഭാതലത്തിൽ മറുപടി പറയുവാൻ ബുദ്ധിമുട്ടുള്ള വിഷയങ്ങളിലെ ചോദ്യങ്ങൾ ഒഴിവാക്കുന്നതിന് ബോധപൂർവ്വമായ ശ്രമം സ്പീക്കറുടെ ഭാഗത്ത് നിന്നുണ്ടായി എന്ന് വ്യക്തം.

നിയമസഭാ നടപടി ചട്ടം 38, 39 എന്നിവ പ്രകാരം ചോദ്യ നോട്ടീസുകൾ അനുവദിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം സ്പീക്കറിൽ നിക്ഷിപ്തമാണ്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി പിണറായി വിജയനെ ആരോപണ ശരങ്ങളിൽ നിന്ന് രക്ഷിക്കാൻ സ്പീക്കർ മുന്നിട്ടിറങ്ങി കളിച്ചതാണ് ചോദ്യങ്ങൾ മാറ്റാനുണ്ടായ സാഹചര്യം എന്ന് വ്യക്തം.