തിരുവനന്തപുരം: സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന സിബിഐ റിപ്പോർട്ട് ഞെട്ടിപ്പിക്കുന്നതാണെന്നു കെ.കെ.രമ എംഎൽഎ നിയമസഭയിൽ. ഷാഫി പറമ്പിൽ അവതരിപ്പിച്ച അടിയന്തരപ്രമേയവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു ആർഎംപി എംഎൽഎ.

''താൽക്കാലിക രാഷ്ട്രീയ നേട്ടത്തിനു വേണ്ടി വയോധികനായ ഒരു മുന്മുഖ്യമന്ത്രിയെ ഏറ്റവും മ്ലേച്ഛമായ ഭാഷയിൽ ആരോപണങ്ങൾ ഉയർത്തിക്കൊണ്ടു വന്നതു മുതൽ വിവിധ അന്വേഷണങ്ങൾ പ്രഖ്യാപിച്ചതും സിബിഐ അന്വേഷണം വരെ എത്തിച്ചതും ഗൂഢാലോചന ആണെന്നാണ് ഇപ്പോൾ തെളിഞ്ഞുകൊണ്ടിരിക്കുന്നത്. ദല്ലാൾ നന്ദകുമാറിന്റെ കാർമികത്വത്തിൽ മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഗൂഢാലോചന നടന്നതെന്നും വ്യക്തമാകുകയാണെന്നും അവർ പറഞ്ഞു.

നന്ദകുമാറും മുഖ്യമന്ത്രിയും പരാതിക്കാരിയും ചർച്ച ചെയ്തതിനു ശേഷമാണ് അവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. പത്തു കോടി രൂപ വാഗ്ദാനം നൽകി ഉമ്മൻ ചാണ്ടിക്കെതിരെ ലൈംഗികാരോപണം ഉന്നയിക്കാൻ സിപിഎം നേതാക്കൾ ബന്ധപ്പെട്ടുവെന്ന് പരാതിക്കാരി മുൻപ് പറഞ്ഞതു നമുക്കു മുന്നിലുള്ളതാണ്. പണം നൽകി സ്ത്രീയെ കൊണ്ട് ആരോപണം ഉന്നയിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനിറങ്ങുന്നത് നെറികേടാണ്. നിങ്ങൾ എങ്ങനെയാണ് ഇടതുപക്ഷമാകുന്നത്.

എങ്ങനെയാണ് കമ്യൂണിസ്റ്റാകുന്നത്. കേരളത്തെ ലജ്ജിപ്പിക്കുന്ന ഈ കേസിൽ സിബിഐയെ കൊണ്ടുതന്നെ ഗൂഢാലോചന അന്വേഷിപ്പിച്ച് പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനുള്ള ആർജവം മുഖ്യമന്ത്രി കാണിക്കണം. വ്യക്തിഹത്യക്കു മൗനാനുവാദം നൽകിയ മുഖ്യമന്ത്രി അടക്കമുള്ളവർ ഉമ്മൻ ചാണ്ടിയുടെ കുടുംബത്തോടു മാപ്പു പറയണം. ആരോപണം ഉന്നയിച്ച സ്ത്രീ കേരളത്തിലെ സ്ത്രീ സമൂഹത്തിന് അപമാനമാണ്. ഇവരെയും നിയമനടപടിക്കു വിധേയമാക്കണം.'' - രമ പറഞ്ഞു.

നേരത്തെ ഷാഫി പറമ്പിൽ എംഎൽഎയാണ് സഭയിൽ സഭയിൽ അടിയന്തര പ്രമേയം അവതരിപ്പിച്ചത്. നട്ടാൽകുരുക്കാത്ത നുണകളുടെ പേരിൽ ഉമ്മൻ ചാണ്ടിയെ വേട്ടയാടിയെന്ന് ഷാഫി പറമ്പിൽ അടിയന്തര പ്രമേയം അവതരിപ്പിച്ചു കൊണ്ട് പറഞ്ഞു. തട്ടിപ്പുകാരിയുടെ കത്ത് ഉപയോഗിച്ച് ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചവർ മാപ്പ് പറയണം. മുഖ്യമ്രന്തി ആദ്യം ഉമ്മൻ ചാണ്ടിയോട് മാപ്പ് പറയണം. വ്യാജമായി ഉണ്ടാക്കിയ അഞ്ച് കത്തുകളുടെ പേരിലാണ് വേട്ടയാടൽ നടത്തിയത്. ആറാമത്തെ കത്ത് പി.സി ജോർജിനാണ് നൽകിയത്. അതിൽ ഉമ്മൻ ചാണ്ടിയെ കാണാൽ ക്ലിഫ് ഹൗസിൽ ചെന്നപ്പോൾ അദ്ദേഹം ധരിച്ചിരുന്ന വസ്ത്രത്തിന്റെയും തന്റെ വസ്ത്രത്തേയും വർണിച്ചുകൊണ്ടുള്ള കത്ത്. അത് അന്നത്തെ സാഹചര്യത്തിൽ ഉമ്മൻ ചാണ്ടിയോടുള്ള രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ താനും ഉപയോഗിച്ചുവെന്ന് പി.സി ജോർജും മൊഴി നൽകിയിട്ടുണ്ട്.

പി.സി ജോർജിനെ പോലെയുള്ള പൊളിറ്റിക്കൽ വേസ്റ്റിനെ കൂട്ടുപിടിച്ചാണ് ഉമ്മൻ ചാണ്ടിയെ സിപിഎം വേട്ടയാടിയത്. രാഷ്ട്രീയ ദുരന്തമാണ് സോളാർ കേസ്. പത്തനാപുരം എംഎൽഎ കെബി ഗണേശ് കുമാറിന്റെ പി എ കത്തു കൈപ്പറ്റിയെന്ന് റിപ്പോട്ടിലുണ്ട്. പരാതിക്കാരിയുടെ അന്നത്തെ ഭർത്താവ് ബിജു രാധാകൃഷ്ണൻ ചെന്ന് കണ്ടത് എന്തിനെന്ന് മരിക്കും വരെ ഉമ്മൻ ചാണ്ടി വ്യക്തമാക്കിയിട്ടില്ല. ഓ.സിയുടെ പേര് കത്തിൽ ഉണ്ടായിരുന്നില്ലെന്ന് സിബിഐ കണ്ടെത്തി. ആദ്യം കത്ത് കൈപറ്റിയവരിൽ നിന്നും പിന്നെ കത്തു കൈ പറ്റിയത് ടി ജി നന്ദകുമാറാണ്.

സിപിഎം നേതാക്കളുടെ സമ്മർദ്ദം കൊണ്ടാണ് കത്തിൽ ഇടപെട്ടത് എന്ന് നന്ദകുമാർ മൊഴി നൽകിയിട്ടുണ്ട്. കേരള രാഷ്ട്രീയത്തിൽ സൈബർ ആക്രമണത്തിന്റെ തുടക്കം സോളാർ കേസിലാണ്. ഉമ്മൻ ചാണ്ടിയെയും കുടുംബത്തേയും സമാനതകളില്ലാതെ വേട്ടയാടി. നാളെ ഉമ്മൻ ചാണ്ടി നിങ്ങളോട് ക്ഷമിച്ചാൽ പോലും കേരള സമൂഹം നിങ്ങളോട് മാപ്പ് തരില്ല. കത്തിൽ പിണറായിയുടെ പങ്ക് പുറത്തു വരണം. അവതാരങ്ങൾ ഉണ്ടാകില്ലെന്ന് പറഞ്ഞ് 2016ൽ അധികാരത്തിലെത്തിയ മൂന്നാം ദിവസം പരാതിക്കാരിയുടെ കത്ത് ദല്ലാൾ നന്ദകുമാർ വഴി വാങ്ങിപ്പിച്ചെടുക്കുകയും പരാതിക്കാരിയെ ഓഫീസിലേക്ക് വിളിച്ചുവരുത്തി പരാതി എഴുതിവാങ്ങുകയും ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയനാണ്.

ഒരു സ്ത്രീ ആയതിനാലാണ് പരാതിക്ക് പരിഗണന നൽകിയതെന്നായിരുന്നു ഇതിനുള്ള വിശദീകരണം. എന്നാൽ മുഖ്യമന്ത്രിയെ കാണാനെത്തിയ ജിഷ്ണു പ്രണോയ് എന്ന യുവാവിന്റെ അമ്മയെ പൊലീസ് കൈകാര്യം ചെയ്തത് എങ്ങനെയാണെന്ന് സമൂഹം കണ്ടതാണ്. നിയമസഭയ്ക്ക് അകത്തും പുറത്തും ഉമ്മൻ ചാണ്ടിയെ വേട്ടയാടി. വി എസ് അച്യുതാനന്ദനെ പോലെയുള്ളവർ ഹീനമായ ഭാഷ ഉപയോഗിച്ചു. ഉമ്മൻ ചാണ്ടിയെ വേട്ടയാടിയതിൽ രാഷ്ട്രീയമായി സിപിഎം കേരള ജനതയോട് മാപ്പ് പറയണം. രാഷ്ട്രീയ ഗൂഢാലോചന പരിശോധിക്കണമെന്നൂം ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.