തിരുവനന്തപുരം: ടിപി കേസ് പ്രതികളുടെ ശിക്ഷാ ഇളവ് സബ്മിഷന് മറുപടി പറയാൻ മുഖ്യമന്ത്രി സഭയിൽ വരാത്തതിനെ വിമർശിച്ചു വടകര എംഎൽഎ കെ കെ രമ. ഇന്നലെ രാത്രി കൊളവല്ലൂർ പൊലീസ് മൊഴിയെടുക്കാൻ വിളിച്ചപ്പോഴാണ് ശിക്ഷാ ഇളവിന് മനോജ് എന്ന പ്രതിയെ കൂടി പരിഗണിക്കുന്ന കാര്യം മനസിലാകുന്നത്. ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്ത സർക്കാൻ ഇപ്പോൾ ചെയ്യുന്നത് മുഖം രക്ഷിക്കാനുള്ള്ള ശ്രമമാണെന്നും കെകെ രമ പഞ്ഞു. ടിപി കേസിലെ ഗൂഢാലോചനയിൽ ഉൾപ്പെട്ട പ്രതിയാണ് മനോജ്. എല്ലാം നിർത്തിവെച്ചു എന്ന് സർക്കാർ പറയുന്നതിനിടെയാണ് ശിക്ഷാ ഇളവ് മറ്റൊരു ഭാഗത്ത് നടക്കുന്നതെന്നും കെ കെ രമ ആരോപിച്ചു.

ടിപി കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവിന് നീക്കമില്ലെന്ന സർക്കാർ വിശദീകരണത്തിനിടെയാണ് ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ട്രൗസർ മനോജിന് കൂടി ശിക്ഷാ ഇളവിന് നൽകുന്നതിന് മുന്നോടിയായി കൊളവല്ലൂർ പൊലീസ് ഇന്നലെ രാത്രി തന്റെ മൊഴി രേഖപ്പെടുത്തിയെന്ന് കെകെ രമ നിയമസഭയിൽ പറഞ്ഞത്. ടിപി അണ്ണൻ സിജിത്. ടികെ രജീഷ്, മുഹമ്മദ് ഷാഫി എന്നിവർക്ക് ഇളവ് നൽകാനുള്ള നീക്കമായിരുന്നു നേരത്തെ പുറത്തുവന്നത്. ഇതിനിടെയാണ് സബ്മിഷനിൽ ട്രൗസർ മനോജിന് കൂടി ഇളവിനുള്ള ശ്രമം പ്രതിപക്ഷനേതാവ് ഉന്നയിക്കുന്നത്.

കണ്ണൂർ തൂവക്കുന്ന് സ്വദേശിയും കടുങ്ങോൻപയിൽ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന മനോജിനെയാണ് ശിക്ഷാ ഇളവ് നൽകി പുറത്തിറക്കാനുള്ള പട്ടികയിൽ ഏഴാമനായി ഉൾപ്പെടുത്തിയത്. ടിപിയുടെ കൊലപാതക ഗൂഢാലോചനയിൽ ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയും ഒടുക്കാൻ വിചാരണ കോടതി ശിക്ഷിച്ചു. ഇളവില്ലെന്ന് ആവർത്തിക്കുന്നതിനിടെയാണ് കൊളവല്ലൂർ പൊലീസ് ഇന്നലെ രാത്രിയും മനോജിന്റെ ഇളവിനായി രമയെ വിളിക്കുന്നത്.

അതേസമയം സർക്കാർ നടപടികളെല്ലാം വിവാദമായ പശ്ചാത്തലത്തിലാണ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാൻ ശുപാർശ ചെയ്ത ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ നടപ്പിലാക്കിയത്. ശിക്ഷാ ഇളവിനുള്ള ശുപാർശയിൽ ടി പി ചന്ദ്രശേഖരൻ വധക്കേസിലെ തടവുകാരെ ഉൾപ്പെടുത്തി പൊലീസ് റിപ്പോർട്ട് തേടിയ ജയിൽ ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവ് നൽകുകയായിരുന്നു. മൂന്ന് ജയിൽ ഉദ്യോഗസ്ഥരെയാണ് സസ്‌പെൻഡ് ചെയ്തത്.

കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ എസ് ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ്-ക ബി ജി അരുൺ, അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ഒ വി രഘുനാഥ് എന്നിവരെയാണ് അന്വേഷണ വിധേയമായി സർവീസിൽ നിന്ന് സസ്പെന്റ് ചെയ്യാൻ ഉത്തരവിട്ടത്. ടി പി വധക്കേസിലെ ശിക്ഷാ ഇളവിൽ പ്രതിപക്ഷം നിയമസഭയിൽ സബ്മിഷൻ അവതരിപ്പിക്കാനിരിക്കെയാണ് സർക്കാരിന്റെ നീക്കം. ഇതോടെ സ്പീക്കർ എ എൻ ഷംസീർ പ്രതിരോധത്തിലായി. ടി പി വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാൻ നീക്കം ഇല്ലെന്നായിരുന്നു കഴിഞ്ഞ ദിവസം സ്പീക്കർ സഭയിൽ പറഞ്ഞത്.

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷം തയ്യാറാക്കിയ പട്ടികയിലാണ് പ്രതികളുടെ പേര് ഉൾപ്പെട്ടിരുന്നത്. സർക്കാർ നിർദ്ദേശ പ്രകാരം വിട്ടയക്കേണ്ട പ്രതികളുടെ പട്ടിക ജയിൽ ഉപദേശകസമിതി തയ്യാറാക്കിയപ്പോൾ ടി പി കേസിൽ ജീവപര്യന്തം തടവിന് ഹൈക്കോടതി വിധിച്ച രണ്ടാം പ്രതി ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നിവരെ ഉൾപ്പെടുത്തുകയായിരുന്നു. പൊലീസിന്റെ പ്രൊബേഷൻ റിപ്പോർട്ട് ലഭിച്ചാൽ സർക്കാരിന് ഉത്തരവിറക്കാനാകും. അതിൽ ഗവർണർ ഒപ്പിടുന്നതോടെയാണ് പ്രതികൾക്ക് പുറത്തിറങ്ങാനാവുക. ശിക്ഷാ ഇളവ് നൽകാൻ ജയിൽ സുപ്രണ്ട് പൊലീസ് കമ്മീഷണർക്ക് കത്ത് നൽകിയിരുന്നു.

ജൂൺ മാസത്തിലാണ് ഇത്തരമൊരു നീക്കം സർക്കാർ നടത്തിയത്. ജൂൺ 13 നാണ് കണ്ണൂർ സെൻട്രൽ ജയിൽ സുപ്രണ്ട്, സിറ്റി പൊലീസ് കമ്മീഷണർക്ക് കത്തയച്ചത്. സർക്കാർ ഉത്തരവിൽ പരാമർശിച്ചിരിക്കുന്ന മാനദണ്ഡപ്രകാരം തടവുകാർക്ക് സ്പെഷ്യൽ റിമിഷൻ നൽകി വിട്ടയക്കാൻ വേണ്ടി തീരുമാനിച്ചെന്നും പ്രതികളുടെ പ്രൊബേഷൻ റിപ്പോർട്ട് സഹിതം ഫയലുകൾ സർക്കാരിലേക്ക് സമർപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നുമായിരുന്നു കത്തിൽ. പട്ടികയിൽ സൂചിപ്പിക്കുന്ന പ്രതികളുടെ റിമിഷനായി പ്രതികളുടെ ബന്ധുക്കളുടേത് ഉൾപ്പെടെയുള്ള പ്രതികരണങ്ങൾ ഉൾപ്പെടുത്തി സർക്കാരിലേക്ക് അയക്കണമെന്നുമായിരുന്നു നിർദ്ദേശം.