- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടി പി കേസ് പ്രതികളെ സിപിഎമ്മിന് പേടി; ആഞ്ഞടിച്ചു കെ കെ രമ
തിരുവനന്തപുരം: ടിപി കേസ് പ്രതികൾക്ക് ശിക്ഷ ഇളവ് നൽകാനുള്ള നീക്കത്തിൽ സംസ്ഥാന സർക്കാറിനെതിരെ ആഞ്ഞടിച്ചു ആർഎംപി നേതാവും എംഎൽഎയുമായ കെ കെ രമ. ടിപി കേസ് പ്രതികൾക്ക് ശിക്ഷ ഇളവ് നൽകാനുള്ള നീക്കത്തിനെതിരായ അടിയന്തരപ്രമേയ നോട്ടീസ് തള്ളിയ സ്പീക്കറുടെ നടപടിക്കെതിരെ രൂക്ഷ വിമർശനമാണ് രമ ഉയർത്തിയത്. സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും അവർ കടുത്ത ഭാഷയിൽ വിമർശിച്ചു.
പ്രതികളെ വിട്ടയക്കാൻ നീക്കമില്ലെന്ന് സഭയിൽ പറയേണ്ടത് മുഖ്യമന്ത്രിയായിരുന്നു, സ്പീക്കറല്ല. മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കി ഒരു പാട് ചോദ്യങ്ങൾ ഉണ്ടായിരുന്നു. ചോദ്യങ്ങളെ മുഖ്യമന്ത്രിക്ക് ഭയമാണെന്നും അവർ പറഞ്ഞു. ഞങ്ങൾ നിങ്ങളുടെ കൂടെ ഉണ്ടെന്ന സന്ദേശം സർക്കാർ പ്രതികൾക്ക് നൽകുന്നു. പ്രതികളെ സിപിഎം നേതൃത്വത്തിനു ഭയമാണ്. ഇത്രയധികം പരോൾ കിട്ടിയ മറ്റേത് പ്രതികളുണ്ട്. സിപിഎം നേതാക്കൾ പ്രതികളെ കാണാൻ ജയിലിലേക്ക് ഓടുന്നു. പ്രതികൾക്ക് ശിക്ഷ ഇളവ് നൽകാൻ ഗൂഢാലോചന ഉണ്ടെന്നും അവർ ആരോപിച്ചു.
ഹൈക്കോടതി വിധിയെ വെല്ലുവിളിക്കുന്നതാണ് സർക്കാർ നടപടി. പെരുമാറ്റ ചട്ടം നിലനിൽക്കെയാണ് ശിക്ഷ ഇളവിന് ശുപാർശ കത്തുകൊടുത്തത്. ആരുമറിയാതെ പ്രതികളെ പുറത്ത് വിടാൻ സർക്കാർ ഗൂഢാലോചന നടത്തി. ക്രിമിനലുകളെ പ്രീതിപ്പെടുത്താനുള്ള നടപടിയാണിതെന്നും കെ കെ രമ ആരോപിച്ചു. പ്രതികളെ ജയിൽ മോചിതരാക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ഗവർണറെ കാണുമെന്നും അവർ വ്യക്തമാക്കി. സർക്കാരിന് പ്രതികളെ ഭയമാണ്. പ്രതികൾക്കൊപ്പം നിന്നില്ലെങ്കിൽ അവരുടെ വെളിപ്പെടുത്തലിൽ നേതാക്കൾ ജയിലിൽ ആവുമെന്ന ഭയം സംസ്ഥാന നേതൃത്വത്തിനുണ്ട്. കേരളം മുഴുവൻ വെറുത്ത പ്രതികളെ സന്തോഷിപ്പിക്കാനും പ്രീതിപ്പെടുത്താനുമാണ് വിട്ടയക്കാനുള്ള തീരുമാനമെന്നും കെ കെ രമ ആരോപിച്ചു.
കണ്ണൂർ സെൻട്രൽ ജയിൽ സുപ്രണ്ട് സിറ്റി പൊലീസ് കമ്മീഷണർക്ക് അയച്ച കത്തിന്റെ പകർപ്പും വാർത്താസമ്മേളനത്തിൽ കെ കെ രമ ഉയർത്തിക്കാട്ടി. സർക്കാർ നിർദേശ പ്രകാരം വിട്ടയയ്‌ക്കേണ്ട പ്രതികളുടെ പട്ടിക ജയിൽ ഉപദേശകസമിതി തയ്യാറാക്കിയപ്പോൾ ടി പി കേസിലെ മൂന്ന് പ്രതികളെ അതിൽ ഉൾപ്പെടുത്തിയിരുന്നു. പൊലീസിന്റെ പ്രൊബേഷൻ റിപ്പോർട്ട് ലഭിച്ചാൽ സർക്കാരിന് ഉത്തരവിറക്കാനാകും. അതിൽ ഗവർണർ ഒപ്പിടുന്നതോടെയാണ് പ്രതികൾക്ക് പുറത്തിറക്കാനാവുക. ഈ സാഹചര്യത്തിലാണ് ഗവർണറെ കാണാൻ പ്രതിപക്ഷം നീക്കം നടത്തുന്നത്.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളപ്പോഴാണ് കണ്ണൂർ സെൻട്രൽ ജയിൽ സുപ്രണ്ട് സിറ്റി പൊലീസ് കമ്മീഷണർക്ക് കത്ത് നൽകിയതെന്നും പിന്നിൽ ഗൂഢാലോചനയുണ്ടെന്നും കെകെ രമ ആരോപിച്ചു. ആരും അറിയാതെ പ്രതികളെ പുറത്തുവിടുകയെന്നതായിരുന്നു സർക്കാർ ഉദ്ദേശം. നിങ്ങളുടെ കൂടെയുണ്ടെന്ന് പ്രതികളെ ഓർമ്മിപ്പിക്കുകയായിരുന്നു സർക്കാറെന്നും അവർ പറഞ്ഞു.
പ്രതികളെ ജയിൽ മോചിതരാക്കാനുള്ള സർക്കാർ നീക്കം നിയമസഭയിൽ പ്രതിപക്ഷം ഉന്നയിക്കുകയും അടിയന്തര പ്രമേയത്തിന് അനുമതി തേടുകയും ചെയ്തിരുന്നു. ഹൈക്കോടതി ഉത്തരവ് ലംഘിച്ചുകൊണ്ട് ടി പി വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകുന്നത് സമൂഹത്തിലുണ്ടാക്കുന്ന ആശങ്ക സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാണ് കെ കെ രമ എംഎൽഎ അടിയന്തര പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്.
എന്നാൽ അത്തരമൊരു നീക്കം നടന്നിട്ടില്ലെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കിയിട്ടുണ്ടെന്നും ഈ സാഹചര്യത്തിൽ നോട്ടീസ് പരിഗണിക്കാൻ കഴിയില്ലെന്നും സ്പീക്കർ അറിയിക്കുകയായിരുന്നു. തുടർന്ന് പ്രതിപക്ഷം സഭയിൽ ബഹളമുണ്ടാക്കുകയും പ്ലക്കാർഡ് ഉയർത്തി നടുത്തളത്തിലേക്ക് ഇറങ്ങുകയുമുണ്ടായി.