ഈ അഭിമാനനിമിഷം സ: ടി.പിക്ക് സമർപ്പിക്കുന്നു; സ്പീക്കറുടെ ചെയറിലിരുന്ന് സഭാ നടപടികൾ നിയന്ത്രിച്ചത് സന്തോഷവും ആത്മവിശ്വാസവും പകർന്നെന്ന് കെ കെ രമ എംഎൽഎ; കാലത്തിന്റെ കാവ്യനീതിയെന്ന് സോഷ്യൽ മീഡിയ; വനിതകളെ സർ എന്ന് അഭിസംബോധന ചെയ്യാമോ എന്നും ചർച്ച
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: സ്പീക്കറും, ഡപ്യൂട്ടി സ്പീക്കറും സഭയിൽ ഇല്ലാത്തപ്പോൾ സഭാ നടപടികൾ നിയന്ത്രിക്കാനുള്ള പാനലിൽ മുഴുവൻ വനിതാ അംഗങ്ങളെ തിരഞ്ഞെടുത്ത് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് പുതിയ സ്പീക്കർ എ.എൻ.ഷംസീർ. യു. പ്രതിഭ, സി.കെ. ആശ, കെ.കെ. രമ എന്നിവരാണ് പാനൽ അംഗങ്ങൾ. സാധാരണഗതിയിൽ 3 പേർ അടങ്ങുന്ന പാനലിൽ പരമാവധി ഒരു വനിത അംഗം മാത്രമാണ് ഉൾപ്പെടാറുള്ളത്. ഒരു സമ്മേളനത്തിൽ തന്നെ പാനലിലെ 3 അംഗങ്ങളേയും വനിതകളിൽ നിന്നും നോമിനേറ്റ് ചെയ്യപ്പെട്ടത് കേരള നിയമസഭയിൽ ആദ്യമായിട്ടാണ്. ചൊവ്വാഴ്ച ഇതാദ്യമായി മൂന്നുവനിതകൾ മാറി മാറി സഭ നിയന്ത്രിച്ചു. വനിതാ സാമാജിക എന്ന നിലയിലും വ്യക്തി എന്ന നിലയിലും സന്തോഷവും ആത്മവിശ്വാസവും പകർന്ന ഒരു ദിനമാണ് കടന്നുപോയതെന്ന് കെ കെ രമ ഫേസ്ബുക്കിൽ കുറിച്ചു. മന്ത്രി കെ.രാജൻ സഭയിൽ സംസാരിച്ച വേളയിലായിരുന്നു കെ.കെ.രമ സഭയെ നിയന്ത്രിച്ചത്. സർ എന്നാണ് മന്ത്രി രമയെ അഭിസംബോധന ചെയ്തത്. വനിതകളെ സർ എന്ന് അഭിസംബോധന ചെയ്യാമോ എന്ന് സോഷ്യൽ മീഡിയയിൽ ചർച്ചയും നടക്കുന്നു.
ഇതൊരു ആത്മവിമർശനം കൂടി ആവശ്യപ്പെടുന്ന സന്ദർഭമാണെന്നും കെ കെ രമ എംഎൽഎ കുറിച്ചു. ഈ അഭിമാന നിമിഷം സഖാവ് ടി പി ചന്ദ്രശേഖരനാണ് അവർ സമർപ്പിച്ചത്.
കെ കെ രമയുടെ കുറിപ്പ്:
ഇന്ന് സ്പീക്കറുടെ ചെയറിലിരുന്ന് സഭാ നടപടികൾ നിയന്ത്രിച്ചു. ഒരു വനിതാ സാമാജിക എന്ന നിലയിലും വ്യക്തി എന്ന നിലയിലും സന്തോഷവും ആത്മവിശ്വാസവും പകർന്ന ഒരു ദിനമാണ് കടന്നുപോയത്. നല്ല നിലയിൽ സഭാ നടപടികളുമായി സഹകരിച്ച ഭരണ, പ്രതിപക്ഷ നിരകളിലെ മുഴുവൻ സഹപ്രവർത്തകരേയും സ്നേഹമറിയിക്കുന്നു.
എങ്കിലും സ്പീക്കർ പാനലിൽ മൂന്ന് വനിതകൾ തെരെഞ്ഞെടുക്കപ്പെട്ടത് ആഘോഷമാവുന്നത് നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയുടെ ആഴത്തിലുള്ള പ്രതിസന്ധിയെയാണ് കാണിക്കുന്നത്. ഇന്ത്യ സ്വതന്ത്രയാവുകയും കേരള സംസ്ഥാനം രൂപീകരിക്കപ്പെടുകയും ചെയ്തിട്ട് ഇത്രയും വർഷമായിട്ടും സ്പീക്കർ പദവിയിൽ ഒരു സ്ത്രീ ഇരുന്നിട്ടില്ല എന്നത് ദുഃഖകരമായ വസ്തുതയാണ്. അതുകൊണ്ടാണ് ഇപ്പോഴത്തെ ഈ തെരെഞ്ഞടുപ്പ് മഹാ സംഭവമായി ആഘോഷിക്കപ്പെടുന്നത്.
ആ ആത്മവിമർശനം കൂടി ആവശ്യപ്പെടുന്നുണ്ട് ഈ സന്ദർഭം.
ഈ അഭിമാനനിമിഷം സ:ടി.പിക്ക് സമർപ്പിക്കുന്നു.
കെ.കെ.രമ
ആർഎംപി നേതാവ് കെ.കെ. രമയെ പാനലിൽ ഉൾപ്പെടുത്തിയത് നേരത്തെ ചർച്ചയായിരുന്നു. ഒപ്പം ഒരു കൗതുക കാഴ്ചയുടെ സാധ്യതയും. ഇനി കെ.കെ. രമ ചെയറിൽ ഇരിക്കുമ്പോൾ മുഖ്യമന്ത്രിക്ക് സംസാരിക്കേണ്ടി വന്നാൽ അദ്ദേഹവും സർ എന്ന് അഭിസംബോധന ചെയ്യേണ്ടി വരും. അങ്ങനെയൊരു സാഹചര്യം ഉണ്ടാകില്ലെന്ന് പറയാനുമാവില്ല. സഭയിലെ ചിട്ടവട്ടങ്ങൾ എല്ലാവരും പാലിച്ചേ മതിയാവു.
പാനൽ തെരഞ്ഞെടുക്കുമ്പോൾ പ്രതിപക്ഷത്തിന് ഒരംഗത്തെ നാമനിർദ്ദേശം ചെയ്യാമെന്നാണ് ചട്ടം. അങ്ങനെയാണ് കെ.കെ. രമ പാനലിൽ ഉൾപ്പെട്ടത്. യുഡിഎഫ് അംഗമായ ഉമാ തോമസ് ഉണ്ടായിട്ടും രമയെ നാമനിർദ്ദേശം ചെയ്തു എന്നതും ശ്രദ്ധേയം.
ഒന്നാം കേരള നിയമസഭ മുതൽ സഭയുടെ നടപ്പു സമ്മേളനം വരെ ആകെ 515 അംഗങ്ങൾ പാനലിൽ വന്നതിൽ കേവലം 32 വനിതകൾക്കു മാത്രമാണ് അവസരം ലഭ്യമായിട്ടുള്ളത്. ഈ അവസരത്തിലാണ് സ്പീക്കറുടെ തീരുമാനത്തിനുള്ള പ്രസക്തി. എ എൻ ഷംസീർ സ്പീക്കറായതിനുശേഷമുള്ള ആദ്യ സമ്മേളനത്തിലെ തീരുമാനം ഏവരുടേയും പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ