കേരളത്തിൽ മുടങ്ങാതെ നടക്കുന്ന ഒറ്റക്കാര്യം ക്ലിഫ് ഹൗസ് നവീകരണം; ടാങ്ക് നിർമ്മിക്കാൻ 5.9 ലക്ഷം; കർട്ടൻ നിർമ്മിക്കാൻ ഏഴു ലക്ഷം രൂപ! ഈ കർട്ടനെന്താ സ്വർണം പൂശിയതാണോ? ഉപയോഗം കഴിഞ്ഞ് മ്യൂസിയത്തിൽ വയ്ക്കുന്നത് നന്നായിരിക്കും; അടിയന്തര പ്രമേയ ചർച്ചയിൽ സർക്കാറിനെ രൂക്ഷമായി പരിഹസിച്ചു കെ കെ രമ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: സംസ്ഥാനത്തെ ധനപ്രതിസന്ധിയിൽ നിയമസഭയിൽ നടക്കുന്ന അടിയന്തര പ്രമേയത്തിൽ സംസ്ഥാന സർക്കാറിനെ പരിഹസിച്ചു ആർഎംപി നേതാവും വടകര എംഎൽഎയുമായ കെ കെ രമ. മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ്ഹൗസിലെ നവീകരണത്തിന് പണം ചെലവാക്കുന്നതിനെ വിമർശിച്ചാണ് രമ രംഗത്തുവന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയിൽ കർട്ടൻ സ്ഥാപിക്കുന്നതിന് ഏഴ് ലക്ഷം രൂപ ചെലവാക്കിതിനെയാണ് രമ പരിഹസിച്ചത്. ഇത് നിയമസഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്പോരിലേക്ക് നയിച്ചു.
കേരളത്തിൽ മുടങ്ങാതെ നടക്കുന്നത് ക്ലിഫ് ഹൗസ് നവീകരണം മാത്രമാണെന്നാണ് കെ കെ രമ ചൂണ്ടിക്കാട്ടിയത്. ജനങ്ങളെ കൊള്ളയടിക്കുന്ന സർക്കാരാണിതെന്നും അവർ കുറ്റപ്പെടുത്തി. ചരിത്രം കണ്ട ഏറ്റവും വലിയ ധനപ്രതിസന്ധിയിലൂടെയാണ് കേരളം കടന്നുപോകുന്നതെന്ന് രമ കുറ്റപ്പെടുത്തി. നിയമസഭയിൽ അടിയന്തരപ്രമേയ ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു രമ. സർക്കാരിന്റെ കെടുകാര്യസ്ഥതയും ധൂർത്തുമാണ് ഈ പ്രതിസന്ധിക്കു പ്രധാന കാരണമെന്ന് രമ കുറ്റപ്പെടുത്തി.
കേന്ദ്രം കേരളത്തിനുള്ള ഫണ്ട് വെട്ടിച്ചുരുക്കുന്നുവെന്നത് യാഥാർഥ്യമാണ്. അതിനെതിരെ സമരം വേണം. പ്രതിപക്ഷവുമായി ആലോചിച്ച് പരിപാടികൾ തീരുമാനിക്കുന്നതിനു പകരം ഞങ്ങൾ ചിലതു തീരുമാനിച്ചിട്ടുണ്ട്, നിങ്ങൾ അതിനൊപ്പം നിൽക്കണം എന്നു പറയുന്നത് രാഷ്ട്രീയ മര്യാദയല്ല. ആത്മാർഥതയില്ലാത്ത, കണ്ണിൽ പൊടിയിടാനുള്ള പ്രഹസനസമരം മാത്രമാണ് ഭരണകക്ഷി നടത്തുന്നത്. ആശ്വാസകിരണം, കാൻസർ രോഗികൾക്കുള്ള ധനസഹായം ഉൾപ്പെടെയുള്ള ഒരു പദ്ധതിയും ഇപ്പോൾ ലഭ്യമാകുന്നില്ല. സപ്ലൈകോ നിശ്ചലാവസ്ഥിലാണ്. തൊഴിലാളികൾ സ്വന്തം അധ്വാനത്തിൽനിന്ന് അംശാദായം അടച്ച ക്ഷേമനിധി പോലും മുടങ്ങിയിരിക്കുന്നു.
മുടങ്ങാതെ നടക്കുന്ന ഒറ്റക്കാര്യ മാത്രമേ ഉള്ളൂ, അതു ക്ലിഫ് ഹൗസിന്റെ നവീകരണമാണ്. ടാങ്ക് നിർമ്മിക്കാൻ 5.9 ലക്ഷത്തിന്റെ ടെൻഡർ വിളിച്ചിരിക്കുകയാണ്. കർട്ടർ നിർമ്മിക്കാൻ ഏഴു ലക്ഷം രൂപ. ഈ കർട്ടനെന്താ സ്വർണം പൂശിയതാണോ. ഇതിന്റെ ഉപയോഗം കഴിഞ്ഞ് മ്യൂസിയത്തിൽ വയ്ക്കുന്നത് നന്നായിരിക്കും. സാധാരണക്കാരിൽനിന്നു നികുതി പിഴിഞ്ഞെടുക്കുകയാണ്. എന്നാൽ വൻകിടക്കാരെ ഇതു ബാധിക്കുന്നില്ല. വൻകിടക്കാരിൽനിന്ന് എത്രനികുതി പിരിച്ചുവെന്നതു പരിശോധിക്കണം. നികുതി പിരിവിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടാകുന്നെന്നും രമ പറഞ്ഞു.
അതേസമയം കെ കെ രമയുടെ പരാർശത്തെ എതിർത്തു കൊണ്ട് സിപിഎം അംഗം കെ ബാബു എംഎൽഎ രംഗത്തുവന്നു. കോൺഗ്രസ് മുഖ്യമന്ത്രിമാർ ഉണ്ടായിരുന്നപ്പോഴും നീന്തൽ കുളങ്ങൾ ഉണ്ടായിരുന്നില്ലേയെന്ന് ചോദിച്ചു. നേരത്തെ റോജി എം ജോൺ എംഎൽഎ ആണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ചൂണ്ടിക്കാണിച്ച റോജി എം ജോൺ ധനസ്ഥിതി മോശമാകാൻ കാരണം ഇടതുസർക്കാരെന്നും വിമർശിച്ചു. പ്രതിസന്ധിക്ക് കാരണം ധൂർത്ത്, നികുതി പിരിവും കാര്യക്ഷമമല്ല. ഇന്ധനസെസ് പിൻവലിക്കണമെന്നും റോജി എം ജോൺ ആവശ്യപ്പെട്ടു. കേന്ദ്ര നിലപാടും പ്രതിസന്ധിയുടെ ആക്കം കൂട്ടിയെന്നും റോജി എം ജോൺ പറഞ്ഞു.
ജിഎസ്ടി ഇനത്തിൽ സംസ്ഥാനത്തിന് ഉണ്ടായ നഷ്ടം പരിഹരിക്കാൻ ഇടപെട്ടില്ലെന്നും സർക്കാർ ഇപ്പോൾ ധനപ്രതിസന്ധികൾ പറയുകയാണെന്നും എംഎൽഎ കുറ്റപ്പെടുത്തി. ധനപ്രതിസന്ധി പറഞ്ഞ് നികുതി കൂട്ടുകയാണ് സർക്കാർ. ദുരഭിമാനം വെടിഞ്ഞു ഇന്ധന സെസ് പിൻവലിക്കണം. ക്ഷേമ നിധി പെൻഷൻ കൊടുക്കാത്തവരാണ് ഇടത് ബദൽ പറയുന്നതെന്നും എംഎൽഎ അടിയന്തര പ്രമേയത്തിൽ വിമർശിച്ചു. കേന്ദ്രം ചെയ്യുന്ന അതെ പണിയാണ് തദ്ദേശ സ്ഥാപനങ്ങളോട് സംസ്ഥാനസർക്കാർ ചെയ്യുന്നത്.
മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി ഉൾപ്പെട്ട കേസ് വാദിക്കാൻ ലക്ഷങ്ങൾ മുടക്കി വക്കീലിനെ ഇറക്കി. 15 ധനകാര്യ കമ്മീഷന്റെ കാലം കഴിയാറായപ്പോൾ സമരവുമായി ഇറങ്ങിയിരിക്കുകയാണ്. കേന്ദ്രത്തെ കണ്ടാൽ കവാത്ത് മറക്കുന്നവരെല്ല പ്രതിപക്ഷമെന്നും റോജി എം ജോൺ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ