തിരുവനന്തപുരം: സംസ്ഥാന നിയമസഭയിൽ മന്ത്രിമാരുടെ സീറ്റുകളിൽ മാറ്റം. ധനമന്ത്രി കെ.എൻ. ബാലഗോപാൽ സഭയിൽ രണ്ടാമനായി മുഖ്യമന്ത്രി പിണറായി വിജയനരികിലെത്തി. കെ.രാധാകൃഷ്ണൻ ലോക്‌സഭയിലേക്ക് പോയപ്പോൾ ഒഴിഞ്ഞ കസേരയാണ് ബാലഗോപാലിന് ലഭിച്ചത്. റവന്യു മന്ത്രി കെ.രാജനാണ് മൂന്നാമത്തെ ഇരിപ്പിടം. രാധാകൃഷ്ണനു പകരം മന്ത്രിയായെത്തിയ ഒ.ആർ.കേളുവിനു ഇരിപ്പിടം രണ്ടാം നിരയിലാണ്

നേരത്തെ പാർലമെന്ററി കാര്യ-ദേവസ്വം, പട്ടികജാതി വകുപ്പുകളുടെ ചുമതലയുണ്ടായിരുന്ന കെ രാധാകൃഷ്ണൻ ആണ് മുഖ്യമന്ത്രിക്ക് തൊട്ടടുത്ത് രണ്ടാമത്തെ സീറ്റിൽ ഇരുന്നിരുന്നത്. ജീവാനന്ദം നിർബന്ധിത പദ്ധതിയല്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. ഇൻഷുറൻസ് പരിരക്ഷയാണ്. ഇതിൽ പഠനം നടത്തിവരുന്നുവെന്നും ധനമന്ത്രി അറിയിച്ചു. സർക്കാർ ജീവനക്കാർക്ക് വിരമിച്ച ശേഷം നിശ്ചിത തുക നൽകാൻ ഉദ്ദേശിക്കുന്ന ജീവാനന്ദം ആന്വിറ്റി പദ്ധതിക്ക് എതിരെ സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ രംഗത്തെത്തിയിരുന്നു.

അപകട മുന്നറിയിപ്പ് അവഗണിച്ച് മത്സ്യബന്ധനത്തിന് പോകുന്നതാണ് മുതലപ്പൊഴിയിലെ അപകട മരണങ്ങൾക്ക് കാരണമെന്ന് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ വ്യക്തമാക്കി. എം.വിൻസന്റിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.അടിക്കടി മരണങ്ങൾ ഉണ്ടാകുന്നുണ്ട്.കുടുംബങ്ങളെ സംരക്ഷിക്കാൻ സർക്കാർ പരമാവധി കാര്യങ്ങൾ ചെയ്യുന്നുണ്ട്. 623 പരമ്പരാഗത വള്ളങ്ങൾ മുതലപ്പൊഴിയിലുണ്ട്.മണൽമാറ്റി ചാലിന് ആഴം കൂട്ടുക,ബ്രേക്ക് വാട്ടറിൽ അറ്റകുറ്റപ്പണി ,മുന്നറിയിപ്പ് ബോയകൾ സ്ഥാപിക്കുക എന്നിവയാണ് പ്രശ്‌ന പരിഹാരത്തിന് ചെയ്യേണ്ടത്.ന ിരന്തരം സ്ഥിതി അവലോകനം ചെയ്യുന്നുണ്ട്.അദാനി പോർട്ട് അധികൃതരുമായി നിരന്തരം സംസാരിക്കുന്നുണ്ട്.

മനുഷ്യസഹജമായി ചെയ്യാവുന്ന എല്ലാം മുതലപ്പൊഴി പ്രശ്‌ന പരിഹാരത്തിന് ചെയ്തിട്ടുണ്ട്.തുറമുഖം അപകടരഹിതമാക്കാൻ നടപടികൾ എടുക്കുന്നുണ്ട്.വിദഗ്ധ സംഘം പഠനം നടത്തുകയാണ്.യുദ്ധകാല അടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കാൻ കേന്ദ സർക്കാരിന് പദ്ധതി സമർപ്പിച്ചു.65.6 കോടി സംസ്ഥാന സർക്കാർ വകയിരുത്തി.ആവശ്യമുള്ള വിവരങ്ങളെല്ലാം കേന്ദ്രസർക്കാരിന് നൽകി.കേന്ദ്രത്തിന്റെ അനുവാദം ലഭിക്കുന്ന മുറയ്ക്ക് പദ്ധതി നടപ്പാക്കും.രണ്ട് മാസത്തിനകം പണി തുടങ്ങാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.ഒന്നര വർഷത്തിനകം പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാകുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.