ജിഎസ്ടി കുടിശിക 750 കോടി രൂപ ലഭിച്ചു; ചെലവുകൾക്ക് ബജറ്റിന് പുറത്തുനിന്ന് തുക കണ്ടെത്തേണ്ട സാഹചര്യം; നഷ്ടപരിഹാരം അഞ്ച് വർഷം കൂടി നീട്ടണമെന്ന ആവശ്യത്തിൽ സർക്കാർ ഉറച്ച് നിൽക്കുന്നു: ധനമന്ത്രി കെ എൻ ബാലഗോപാൽ സഭയിൽ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: ജിഎസ്ടി കുടിശികയായി ലഭിക്കേണ്ടിയിരുന്ന 750 കോടി രൂപ കഴിഞ്ഞ ദിവസം കേന്ദ്രത്തിൽ നിന്ന് ലഭിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. നഷ്ടപരിഹാരം അഞ്ച് വർഷം കൂടി നീട്ടണമെന്ന ആവശ്യത്തിൽ സർക്കാർ ഉറച്ച് നിൽക്കുകയാണെന്നും ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു
സംസ്ഥാനത്തിന്റെ ചെലവുകൾക്ക് ബജറ്റിന് പുറത്ത് നിന്ന് തുക കണ്ടെത്തേണ്ട സാഹചര്യം തുടരുകയാണ്. ഡിസംബർ മാസത്തെ പെൻഷൻ വിതരണം തുടങ്ങിയിട്ടുണ്ട്. ക്ഷേമ പെൻഷൻ മുടക്കമില്ലാതെ നൽകും. 16 ക്ഷേമനിധി ബോർഡുകളിലെ പെൻഷനും വിതരണം ചെയ്യാൻ നടപടി തുടങ്ങിയതായും ബാലഗോപാൽ പറഞ്ഞു.
ആശ്വാസകിരണം പദ്ധതിക്ക് മുടക്കം വരില്ല. പണം അനുവദിക്കാത്തതുകൊണ്ട് പ്രശ്നമാകില്ല. കരാറുകാരുടെ കുടിശിക തീർക്കാൻ നടപടി എടുത്ത് വരുന്നു. 10 ലക്ഷത്തിന് മുകളിലുള്ള ബില്ല് മാറാൻ അനുമതി വേണമെന്നുള്ള തീരുമാനം കരാറുകാരെ പ്രതിസന്ധിയിലാക്കില്ലെന്നും ധനമന്ത്രി അറിയിച്ചു.
കേന്ദ്ര സർക്കാർ 2017 ൽ ജിഎസ്ടി നടപ്പാക്കിയ ശേഷം തുടർന്നുള്ള അഞ്ചു വർഷത്തേക്ക് സംസ്ഥാനങ്ങൾക്ക് അവരുടെ നികുതി വരുമാന നഷ്ടത്തിന് പകരമായി കേന്ദ്ര സർക്കാർ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു ധാരണ. സംസ്ഥാനങ്ങൾക്ക് വരുമാനത്തിൽ ഒറ്റയടിക്ക് ഇടിവ് വരുന്നതുകൊണ്ടായിരുന്നു ഈ തീരുമാനം. അഞ്ച് വര്ഷം എന്നുള്ള കാലവാധി നീട്ടി നൽകണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യം കേന്ദ്രം അംഗീകരിച്ചില്ല. കഴിഞ്ഞ ജിഎസ്ടി യോഗത്തിലാണ് കുടിശികയായി സംസ്ഥാനങ്ങൾക്ക് തുക അനുവദിക്കേണ്ടി വന്നത്.
മറുനാടന് മലയാളി ബ്യൂറോ