- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രഷറിയിൽ പൂച്ച പെറ്റുകിടക്കുകയല്ല, എല്ലാ ചെലവുകൾക്കും പണം നൽകിയിട്ടുണ്ട്; കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ളത് 57,000 കോടി; കേരളത്തോട് ചിറ്റമ്മ നയം കാണിക്കുന്നു; നികുതി വരുമാനം 71,000 കോടിയായി ഉയർന്നു: തറവാട് മുടിപ്പിക്കുന്നു എന്ന സതീശന്റെ വിമർശനത്തിന് ധനമന്ത്രിയുടെ മറുപടി; അടിയന്തര പ്രമേയം തള്ളി
തിരുവനന്തപുരം: സംസ്ഥാനത്തെ ധനപ്രതിസന്ധിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയം പരാജയപ്പെട്ടു. ചർച്ചയ്ക്ക് ഒടുവിൽ ഭൂരിപക്ഷ പിന്തുണയോടെ പ്രമേയം തള്ളുകയായിരുന്നു. സർക്കാരിന്റെ മറുപടി തൃപ്തികരമല്ലെന്ന് പറഞ്ഞ് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ചർച്ചയിൽ ധനമന്ത്രിയെയും വകുപ്പിനെയും രൂക്ഷമായി വിമർശിച്ചാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സംസാരിച്ചത്. വി ഡി സതീശന്റെ വിമർശനങ്ങൾക്കും മന്ത്രി കെ എൻ ബാലഗോപാൽ മറുപടി നൽകി.
ട്രഷറിയിൽ പൂച്ച പെറ്റുകിടക്കുകയല്ല, എല്ലാ ചെലവുകൾക്കും പണംനൽകിയിട്ടുണ്ടെന്ന് കെ എൻ ബാലഗോപാൽ പറഞ്ഞു. കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ളത് 57,000 കോടി രൂപയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചർച്ചയിൽ കേരളത്തെ മാത്രം കുറ്റപ്പെടുത്തുന്ന പ്രതിപക്ഷ നിലപാട് ദൗർഭാഗ്യകരം. നികുതി വരുമാനം രണ്ടുവർഷം കൊണ്ട് 47,000 കോടിയിൽ നിന്ന് 71,000 കോടിയായെന്നും ധനമന്ത്രി പറഞ്ഞു. കണക്കും രാഷ്ട്രീയവും പറഞ്ഞ് കേന്ദ്ര സർക്കാരിനെയും പ്രതിപക്ഷത്തെയും ഒരേപോലെ വിമർശിച്ചായിരുന്നും മന്ത്രിയുടെ മറുപടി.
സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കിലും കേരളം നിന്നുപോകുന്ന അവസ്ഥയില്ലെന്നാണ് ബാലഗോപാൽ പറഞ്ഞത്. കേന്ദ്രം സംസ്ഥാനത്തിന്റെ സാമ്പത്തിക അവകാശങ്ങളെ തകർക്കുകയാണെന്നും അവഗണനയ്ക്കെതിരെ ഡൽഹയിൽ യോജിച്ചുള്ള സമരത്തിന് പ്രതിപക്ഷം തയ്യാറാകണമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു.
സംസ്ഥാന സർക്കാർ അമിത ധൂർത്ത് നടത്തുന്നുവെന്നത് ആരോപണം മാത്രമാണ്. നവകേരള സദസിന്റെ ബസിനെ കുറിച്ച് വലിയ കഥയാണ് പ്രചരിപ്പിച്ചത്. ചില അവസരങ്ങളിൽ പറക്കുമെന്നുവരെയായിരുന്നു പ്രചാരണം. അത് കാണാനായി കാസർകോട് വന്നവരും ഉണ്ടായിരുന്നു. എന്നാൽ ബസ് കണ്ടപ്പോൾ സാധാരണ ടൂറിസ്റ്റ് ബസ് പോലെ തന്നെയായിരുന്നു നവകേരള ബസ്. ഇപ്പോൾ രാഹുൽ ഗാന്ധി പോകുന്നത് അതിനെക്കാൾ മികവാർന്ന എസി ബസിലാണ്. മുകളിലോട്ട് പോകാൻ ലിഫ്റ്റ്, പുറകിൽ കോൺഫ്രൻസ് ഹാൾ.. എല്ലാമുണ്ട്. ഞങ്ങൾ അതിൽ തെറ്റുകാണുന്നില്ലെന്നും ബാലഗോപാൽ പറഞ്ഞു.
മുഖ്യമന്ത്രിക്കായി 35 ലക്ഷത്തിന്റെ കിയ കാർ വാങ്ങിയതിൽ എന്താണ് കുഴപ്പമെന്നും അത് ഒരു സാധാരണക്കാർ മാത്രമാണെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ വസതിയിൽ അറ്റകുറ്റ പണി നടന്നിട്ടില്ലേയെന്നും മന്ത്രി ചോദിച്ചു. ജിഎസ്ടി സിസ്റ്റമാറ്റിക് ആകുന്നതുവരെ നഷ്ടപരിഹാരം നീട്ടണമെന്ന ആവശ്യമാണ് കേരളം ഉന്നയിച്ചത്. ഇത് കേരളത്തിന്റെ കുഴപ്പം കൊണ്ടല്ല. മറ്റ് സംസ്ഥാനങ്ങളും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേന്ദ്രവിഹിതമായി കേരളത്തിന് ആവശ്യമായത് കിട്ടുന്നില്ല. സംസ്ഥാനത്ത് നികുതിവരുമാനത്തിൽ ഇംപ്രൂവ് മെന്റ് ഉണ്ടായിട്ടുണ്ടെന്നും ബാലഗോപാൽ പറഞ്ഞു.
കേന്ദ്ര അവഗണന ചോദ്യം ചെയ്യാൻ ഒരുമിച്ച് പോകണം എന്നുതന്നെയാണ് ആഗ്രഹം. ഇന്ത്യൻ ജനാധിപത്യ ശക്തിപ്പെടുത്തണമെന്നതാണ് ആഗ്രഹമെങ്കിൽ ഡൽഹിയിലെ സമരത്തിൽ പ്രതിപക്ഷം സഹകരിക്കണമെന്നും ബാലഗോപാൽ പറഞ്ഞു. ലെഫ് മിഷനുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പറഞ്ഞ കണക്കുകൾ തെറ്റാണെന്ന് മന്ത്രി എംബി രാജേഷും പ്രതികരിച്ചു. ലൈഫ് മിഷന് ഈ വർഷം വീടുണ്ടാക്കാൻ 16 കോടി മാത്രമാണ് സർക്കാർ അനുവദിച്ചതെന്ന പ്രതിപക്ഷ നേതാവിന്റെ വാദം തെറ്റാണെന്നും 1600 കോടി രൂപ ചെലവാക്കിയിട്ടുണ്ടെന്നും മന്ത്രി എംബി രാജേഷ് വ്യക്തമാക്കി.
2 മണിക്കൂറും 35 മിനിറ്റുമാണ് അടിയന്തിര പ്രമേയം നീണ്ടത്. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സംസ്ഥാന സർക്കാരാണെന്നായിരുന്നു പ്രതിപക്ഷത്ത് നിന്നുള്ള അഞ്ച് നേതാക്കൾ കുറ്റപ്പെടുത്തിയത്. കണക്കിൽ അവ്യക്തതയടക്കം ചൂണ്ടിയാണ് പ്രതിപക്ഷം വിമർശിച്ചത്. എന്നാൽ കേന്ദ്ര സർക്കാരിന്റെ നിലപാടാണ് കേളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നായിരുന്നു ധനമന്ത്രി മറുപടിയിൽ വിമർശിച്ചത്.
ട്രഷറി താഴിട്ടു പൂട്ടി താക്കോലും പോക്കറ്റിലിട്ടാണ് ധനമന്ത്രി നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. എകെ ആന്റണി മുണ്ടുമുറുക്കി ഉടുക്കാൻ പറഞ്ഞത് നായനാരുടെ ഭരണത്തിനുശേഷമാണ്. ഇന്ന് അതിനെക്കാൾ വലിയ സ്ഥിതിയാണെന്നും സതീശൻ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങൾക്കുള്ള രണ്ടാം ഗഡു പണം കൊടുത്തിട്ടില്ല. ഓട പണിയാൻപോലും ട്രഷറിയിൽ പണമില്ല. പഞ്ചായത്ത് പുല്ലുവെട്ടിയാൽ കൊടുക്കാനും പണമില്ല. സപ്ലൈക്കോയ്ക്ക് സാധനങ്ങൾ വിതരണം ചെയ്യുന്നവർക്കു പണം കൊടുത്തിട്ട് മാസങ്ങളായി.
18 കോടിരൂപ മാത്രമാണ് ലൈഫ് മിഷന് ഈ വർഷം കൊടുത്തത്. സർക്കാർ ജീവനക്കാർക്ക് 6 ഡിഎ കുടിശികയുണ്ട്. പെൻഷൻ കുടിശിക കിട്ടാതെ നിരവധി പെൻഷൻകാർ മരിച്ചു. കെഎസ്ആർടിസിയും കെഎസ്ഇബിയും പ്രതിസന്ധിയിലാണ്. കേരളത്തിന് അർഹമായ വിഹിതം നൽകണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് എംപിമാർ കേന്ദ്രത്തിനു നിരവധി തവണ നിവേദനം കൊടുത്തിട്ടുണ്ട്. പ്രതിപക്ഷം ഇടപെട്ടില്ലെന്ന സർക്കാർ വാദം ശരിയല്ല. എല്ലാ സാമ്പത്തിക പ്രശ്നത്തിനും കാരണം കേന്ദ്രമാണെന്നു വരുത്താനാണു സർക്കാർ ശ്രമം. ഈ സർക്കാരിന്റെ കെടുകാര്യസ്ഥത കാരണമാണ് സാമ്പത്തിക പ്രശ്നമുണ്ടാകുന്നത്. കേന്ദ്രസർക്കാർ വിഹിതം സാമ്പത്തിക പ്രതിസന്ധിയുടെ ഒരു കാരണം മാത്രമാണ്.
നികുതിവെട്ടിപ്പുക്കാരുടെ പറുദീസയാണ് കേരളം. നികുതി വെട്ടിപ്പ് ഭീകരമാണ്. ആരും അന്വേഷിക്കാനില്ല. ഒരുകാലഘട്ടത്തിലും ഇത്രയും ഭീകരമായ നികുതി വെട്ടിപ്പ് ഉണ്ടായിട്ടില്ല നികുതിവെട്ടിപ്പുക്കാരുടെ പറുദീസയാണ് കേരളം. നികുതി വെട്ടിപ്പ് ഭീകരമാണ്. ആരും അന്വേഷിക്കാനില്ല. ഒരുകാലഘട്ടത്തിലും ഇത്രയും ഭീകരമായ നികുതി വെട്ടിപ്പ് ഉണ്ടായിട്ടില്ല. സ്വർണത്തിന്റെ നികുതി പിരിക്കാൻ സർക്കാർ തയാറാകുന്നില്ല. സംസ്ഥാനത്ത് ബാറിന്റെ എണ്ണം കൂടുന്നെങ്കിലും നികുതി കൂടുന്നില്ല.നികുതി പിരിവിൽ ധനമന്ത്രി പരാജയപ്പെട്ടു. ഇനിയെങ്കിലും നികുതി പിരിക്കാൻ സർക്കാർ തയാറണം. ഐജിഎസ്ടിയിലൂടെ എല്ലാ വർഷവും 25,000 കോടിരൂപയാണ് നഷ്ടപ്പെടുത്തുന്നത്. സർക്കാർ കേരളത്തെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സർക്കാരിന്റെ മറുപടി തൃപ്തികരമല്ലെന്ന് പറഞ്ഞ് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
മറുനാടന് മലയാളി ബ്യൂറോ