- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭൂപതിവ് ചട്ടങ്ങളിൽ ഭേദഗതി കൊണ്ടുവരും; സാധാരണക്കാർക്ക് ഭൂമി കിട്ടാൻ ചട്ടം തടസമാണെങ്കിൽ ഭേദഗതി വരുത്താൻ തയ്യാറാണ്; ഭൂപരിഷ്‌കരണം അട്ടിമറിക്കുന്ന വിധം ഏക്കറു കണക്കിന് ഭൂമി കൈവശം വെക്കുന്നവരിൽ നിന്ന് തിരിച്ചുപിടിക്കാനും മടിയില്ല: മന്ത്രി കെ രാജൻ
തിരുവനന്തപുരം: ഭൂപതിവ് ചട്ടങ്ങളിൽ ഭേദഗതി കൊണ്ടുവരുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഭേദഗതി ബിൽ ഈ സമ്മേളനത്തിൽ സഭയിൽ അവതരിപ്പിക്കും. കേരളത്തിലെ ജനങ്ങൾക്ക് ആശ്വാസകരമാകുന്ന രീതിയിലാകും ഭൂപതിവ് നിയമം ഭേദഗതി ചെയ്യുക. നിയമഭേദഗതി പ്രതിപക്ഷത്തെ മുഖവിലയ്ക്ക് എടുത്ത് സഭ ഒറ്റക്കെട്ടായി നടപ്പാക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
സാധാരണക്കാർക്ക് ഭൂമി കിട്ടാൻ ചട്ടം തടസമാണെങ്കിൽ ഭേദഗതി വരുത്താൻ തയ്യാറാണ്. എന്നാൽ ഭൂപരിഷ്‌കരണം അട്ടിമറിക്കുന്ന വിധം ഏക്കറു കണക്കിന് ഭൂമി കൈവശം വെക്കുന്നവരിൽ നിന്ന് തിരിച്ചുപിടിക്കാനും മടിയില്ല. ഇടുക്കിയിലെ ജനങ്ങൾക്ക് മാത്രമല്ല, കേരളത്തിലെ ജനങ്ങൾക്ക് ആകെ ആശ്വാസകരമാകുന്ന രീതിയിലാകും ഭൂപതിവ് നിയമം ഭേദഗതി ചെയ്യുകയെന്ന് മന്ത്രി വ്യക്തമാക്കി.
മറ്റുവകുപ്പുകളുടെ കൈയിൽ ഇരിക്കുന്ന ഭൂമി റവന്യൂ വകുപ്പിലേക്ക് തിരിച്ചെടുത്ത് പട്ടയം നൽകാൻ ആകുമോ എന്ന് പരിശോധിക്കുകയാണ്. 1977 മുന്നേ കുടിയേറി പാർത്തവർക്കായി പട്ടയം ലഭ്യമാക്കുന്നതിന് വനംവകുപ്പുമായി യോജിച്ച് തീരുമാനമെടുക്കും. സാമൂഹ്യ സാഹചര്യങ്ങളുടെ ഭാഗമായാണ് പതിച്ചു നൽകുന്ന ഭൂമിയിൽ മറ്റു പ്രവർത്തനങ്ങൾ നടക്കുന്നത്. ഇത് സർക്കാർ മനസിലാക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസിനെതിരെ നിയമസഭയ്ക്കകത്ത് രാത്രിയിലും സത്യഗ്രഹ സമരം തുടർന്ന് പ്രതിപക്ഷ എംഎൽഎമാർ. ഇതിനിടെയാണ്, സ്പീക്കർ എ.എൻ.ഷംസീർ പ്രതിപക്ഷ എംഎൽഎമാരെ കാണാൻ എത്തിയത്. സെസിനുപുറമെ, വെള്ളക്കര വർധനയും പ്രതിപക്ഷം സഭയിൽ ഉന്നയിക്കുകയാണ്. ഷാഫി പറമ്പിൽ, സി.ആർ.മഹേഷ്, മാത്യു കുഴൽനാടൻ, നജീബ് കാന്തപുരം എന്നിവരാണ് സഭാകവാടത്തിൽ സമരം തുടരുന്നത്. തറയിൽ കിടക്ക വിരിച്ചാണ് എംഎൽഎമാർ അന്തിയുറങ്ങിയത്.
മറുനാടന്‍ മലയാളി ബ്യൂറോ