മിസ്റ്റർ ചാണ്ടി ഉമ്മൻ, നിങ്ങളുടെ ശത്രുക്കൾ നിങ്ങൾക്ക് ഒപ്പമാണ് ഇരിക്കുന്നത്; ചാരക്കേസിന് ശേഷം കോൺഗ്രസുകാർ ഉണ്ടാക്കിയതാണ് സോളാർ കേസ്; അതിന്റെ ശിൽപ്പികളും പിതാക്കളും കോൺഗ്രസുകാരാണ്: സഭയിൽ കെ ടി ജലീലിന്റെ വാക്കുകൾ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: സോളാർ ഗൂഢാലോചനാ കേസിൽ പ്രതിപക്ഷത്തിനെതിരെ കെ ടി ജലീൽ. സോളാർ വിഷയത്തിൽ നിയമസഭയിൽ നടന്ന ചർച്ചയിലാണ് ജലീൽ സംസാരിച്ചത്. പ്രതിപക്ഷ നിരയിൽ ഇരിക്കുന്ന ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനോട് നിങ്ങളുടെ ശത്രുക്കൾ നിങ്ങൾക്ക് ഒപ്പമാണ് ഇരിക്കുന്നത് കെ ടി ജലീൽ പറഞ്ഞു.
'കേരളത്തിലെ പല വിവാദങ്ങളുടെയും അടിവേര് ചികഞ്ഞാൽ കോൺഗ്രസ് ഗ്രൂപ്പ് വഴക്കിലാണ് എത്തിനിൽക്കുക. ഐഎസ് ആർ ഓ ചാരക്കേസ് ഉണ്ടാക്കിയത് ലീഡർ കെ കരുണാകരനെ വീഴ്ത്താനായിരുന്നുവെന്ന് പറഞ്ഞത് മകനും കെപിസിസി പ്രസിഡന്റുമായിരുന്ന കെ മുരളീധരനായിരുന്നു. കോൺഗ്രസ് പിളർപ്പിലേക്കാണ് അതെത്തിയത്.
ചാരക്കേസ് മുതൽ ഇങ്ങോട്ട് എടുത്താൽ വിവാദങ്ങൾക്ക് പിന്നിൽ കോൺഗ്രസ് ഗ്രൂപ്പ് പോരാണെന്ന് വ്യക്തമാകും. ചാരക്കേസിന് ശേഷം കോൺഗ്രസുകാർ ഉണ്ടാക്കിയതാണ് സോളാർ കേസ്. അതിന്റെ ശിൽപ്പികളും പിതാക്കളും കോൺഗ്രസുകാരാണ്. സോളാർ രക്തത്തിൽ ഇടത് പക്ഷത്തിന് പങ്കില്ല. ഇടതു പക്ഷത്തിന് രാഷ്ട്രീയ എതിരാളികളേ ഉള്ളു. രാഷ്ട്രീയ ശത്രുക്കളില്ല. രാഷ്ട്രീയ ശത്രുക്കൾ ഉമ്മൻ ചാണ്ടിയുടെ പാളയത്തിലാണുള്ളത്.
സോളാർ കേസ് ഉയർത്തി കൊണ്ട് വന്നത് കോൺഗ്രസാണ്. സോളാരിൽ സിപിഎമ്മിന് എന്ത് പങ്കു ആണുള്ളതെന്നും ജലീൽ ചോദിച്ചു. വ്യക്തിഹത്യയോട് യോജിക്കാത്ത പാർട്ടിയാണ് സിപിഎം. അത്തരം നടപടിയോട് കൂട്ട് നിൽക്കാത്ത ആളാണ് പിണറായി വിജയൻ. സോളാറിൽ ഇടത് മാധ്യമങ്ങൾ സ്വീകരിച്ച സമീപനം പരിശോധിക്കണം. കത്തു പുറത്തു വിട്ടത് പാർട്ടി ബന്ധം ഉള്ള മാധ്യമങ്ങൾ അല്ല.
സിബിഐ റിപ്പോർട്ടിൽ എവിടെയെങ്കിലും ഇടത് സർക്കാർ ഗൂഢാലോചനയെ കുറിച്ച് പറയുന്നുണ്ടോ? ഉമ്മൻ ചാണ്ടിയുടെ സ്റ്റാഫിനെ നീക്കിയത് പിണറായി ആണോ? ഉമ്മൻ ചാണ്ടിയുടെ ഗൺ മാൻ സലിം രാജിനെ അറസ്റ്റ് ചെയ്തത് യുഡിഎഫ് കാലത്താണ്. ശിവരാജൻ കമ്മീഷനെ നിയോഗിച്ചത് യുഡിഎഫാണ്. റിപ്പോർട്ട് നാട്ടിൽ പാട്ടാക്കിയതും യുഡിഎഫാണ്. എൽഡിഎഫിന് പങ്കില്ല. ഈ രക്തത്തിൽ ഞങ്ങൾക്ക് പങ്കില്ല. നിങ്ങൾക്കാണ് പങ്കെന്നും പ്രതിപക്ഷ നിരയോട് കെ ടി ജലീൽ സഭയിൽ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ