വെറും ഒരുകൊല്ലത്തെ ഡെപ്യൂട്ടേഷൻ നിയമനം നടത്തിയതിന് രാഷ്ട്രീയ വധശിക്ഷ വിധിക്കുന്നത് ശരിയാണോ? തെറ്റിന് അനുസരിച്ചല്ലേ ശിക്ഷ വിധിക്കേണ്ടത്; ചെറിയ ഒരു തെറ്റിന് വലിയ ശിക്ഷ വിധിക്കരുത്; ലോകായുക്ത ഭേദഗതി ബിൽ ചർച്ചയിൽ കെ ടി ജലീൽ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: തന്റെ ബന്ധുവായ കെ ടി അദീബിനെ ന്യൂനപക്ഷ ധനകാര്യ കോർപറേഷനിൽ നിയമിച്ചതിന്റെ പേരിൽ മന്ത്രിസ്ഥാനം രാജി വയ്ക്കേണ്ടി വന്നത് കെ ടി ജലീൽ എംഎൽഎയെ ഇപ്പോഴും വേട്ടയാടുകയാണ്. വെറും ഒരുകൊല്ലത്തെ ഡെപ്യൂട്ടേഷൻ നിയമനം നടത്തിയതിന് രാഷ്ട്രീയ വധശിക്ഷ വിധിക്കുന്നത് ശരിയാണോ എന്ന് അദ്ദേഹം ചോദിച്ചുയ തെറ്റിന് അനുസരിച്ചല്ലേ ശിക്ഷ വിധിക്കേണ്ടത്, ചെറിയ ഒരു തെറ്റിന് വലിയ ശിക്ഷ വിധിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ലോകായുക്ത നിയമഭേദതി സംബന്ധിച്ച ചർച്ചയിലായിരുന്നു ജലീലിന്റെ പരാമർശം.
അതേസമയം മോഷണം ചെറുതായാലും വലുതായാലും ശിക്ഷയുണ്ടാകുമെന്നായിരുന്നു എൻ. ഷംസുദ്ദീന്റെ മറുപടി. ഭരണഘടന തൊട്ട് സത്യം ചെയ്ത ഒരാൾ ബന്ധുവിനെ നിയമിക്കാനല്ല മന്ത്രിയാകുന്നത്. ബന്ധുനിയമനം നടത്തിയെന്ന് ലോകായുക്ത കണ്ടെത്തിയാൽ പിന്നെ അതിന്റെ വലിപ്പവും ചെറുപ്പവും നോക്കേണ്ടതില്ല. അതിന്റെ പേരിൽ ലോകായുക്ത തന്നെ വേണ്ടതില്ല എന്ന് തീരുമാനിക്കുന്നത് ശരിയല്ലെന്നും ഷംസുദ്ദീൻ പറഞ്ഞു.
ഒന്നാം പിണറായി മന്ത്രിസഭയുടെ കാലത്താണ് കെ.ടി ജലീലിന്റെ ബന്ധുനിയമനം വിവാദമായത്. മന്ത്രി അധികാരദുർവിനിയോഗം നടത്തിയെന്ന് ലോകായുക്ത കണ്ടെത്തിയതിനെ തുടർന്ന് ജലീലിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നിരുന്നു. ഇത് സംബന്ധിച്ചാണ് ജലീൽ ചെറിയ കുറ്റത്തിന് വലിയ ശിക്ഷ വിധിക്കാമോയെന്ന് സഭയിൽ ചോദിച്ചത്.
അതേസമയം കനത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോകായുക്ത ഭേദഗതി ബിൽ നിയമസഭ പാസാക്കി. തങ്ങൾക്ക് ഇതിനോട് യോജിപ്പില്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി. നിയമസഭയുടെ ചരിത്രത്തിലെ കറുത്ത ദിനമാണ് ഇന്ന് എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
ലോകായുക്ത ജുഡീഷ്യൽ സംവിധാനമല്ല, അന്വേഷണ സംവിധാനമാണ്. ജുഡീഷ്യൽ സംവിധാനമാണ് ലോകായുക്ത എന്ന് എവിടെയും രേഖപ്പെടുത്തിയിട്ടില്ല. ലോകായുക്ത ഒരു കോടതിക്ക് തുല്യമാണ് എന്ന് കരുതാൻ പാടില്ലെന്ന് ഹൈക്കോടതി പറഞ്ഞിട്ടുണ്ടെന്നും ലോകായുക്ത നിയമത്തിന്റെ 14-ാം വകുപ്പ് നിലനിൽക്കില്ലെന്നും മന്ത്രി പി രാജീവ് സഭയിൽ പറഞ്ഞു. ബില്ലിന്റെ വോട്ടെടുപ്പിന് മുമ്പ് പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു.അഴിമതി കേസിൽ ലോകായുക്ത വിധിയോടെ പൊതു പ്രവർത്തകർ പദവി ഒഴിയണം എന്ന നിയമത്തിലെ പതിനാലാം വകുപ്പാണ് ഭേദഗതിയിലൂടെ എടുത്ത് കളഞ്ഞത്.
മറുനാടന് മലയാളി ബ്യൂറോ