തിരുവനന്തപുരം: മാലിന്യങ്ങളും പായലും നീക്കി ആക്കളം കായലിന്റെ പ്രതാപകാല വീണ്ടെടുക്കാനും സഞ്ചാരികളെ ആകർഷിക്കാനും ലക്ഷ്യമിട്ട് തുടങ്ങിയ പുനരുജ്ജീവന പദ്ധതി ടൂറിസം വകുപ്പ് അട്ടിമറിച്ചെന്ന് ആരോപണം. സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രനാണ് ഞെട്ടിക്കുന്ന ആരോപണം ഉന്നയിച്ചത്.

ആക്കുളം കായൽ പുനരുജ്ജീവന പദ്ധതി നടപ്പാക്കുന്നതിലെ വീഴ്ചയിൽ ടൂറിസം വകുപ്പ് മന്ത്രിക്കെതിരെയാണ് കടകംപള്ളി സുരേന്ദ്രന്റെ വിമർശനം. കോടികൾ വകയിരുത്തിയ പദ്ധതി നിക്ഷിപ്ത താൽപര്യങ്ങൾക്ക് വേണ്ടി ടൂറിസം വകുപ്പ് അട്ടിമറിച്ചെന്നാണ് കടകംപള്ളി ആരോപിച്ചത്. മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയ്ക്ക് നൽകിയ ഉറപ്പ് പോലും പാലിക്കപ്പെട്ടില്ലെന്നാണ് ആരോപണം.

225 ഏക്കറിലെ ആക്കുളം കായലും അനുബന്ധ തോടുകളും നവീകരിക്കാനാണ് 185 കോടിയുടെ പദ്ധതി. പ്രഖ്യാപനം കഴിഞ്ഞ് പല കടമ്പകൾ പിന്നിട്ട് 96.13 കോടി രൂപയ്ക്ക് ആദ്യഘട്ട പണി തീർക്കാൻ കരാറുകാരനുമെത്തി. പക്ഷെ കരാറിൽ ഒപ്പിട്ട് തുടർ നടപടികൾ ഉറപ്പാക്കാൻ നടത്തിപ്പ് ഏജൻസിയായ വാപ്‌കോസോ, ടൂറിസം വകുപ്പോ ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് സ്ഥലം എംഎൽഎ കൂടിയായ കടകംപള്ളിയുടെ വിമർശനം. നിഷിപ്ത താൽപര്യം സംരക്ഷിക്കാൻ ടൂറിസം വകുപ്പ് നാല് ലക്ഷം ചെലവിൽ കൺസൾട്ടൻസിയെ നിയോഗിച്ചത് എന്തിനെന്നും കടകംപള്ളി നിയമസഭയിൽ ചോദിച്ചു.

പണം അനുവദിച്ച കിഫ്ബിയുടെ ടെക്‌നിക്കൽ കമ്മിറ്റി പരിശോധനക്ക് ശേഷം തുടർ നടപടി ഉണ്ടാകുമെന്നല്ലാതെ മന്ത്രി മുഹമ്മദ് റിയാസിന് സഭയിൽ മറുപടിയുണ്ടായില്ല. കായലിലെ ഫ്‌ളോട്ടിങ് മാലിന്യം നീക്കം ചെയ്യൽ ഡ്രഡ്ജിങ്, കുളവാഴ നീക്കൽ, ജലശുദ്ധീകരണം തുടങ്ങി വെറ്റ് ലാന്റ് പാർക്ക്, ഓപ്പൺ എയർ തീയറ്ററും ഇരിപ്പിടങ്ങളും ജിമ്മും അടക്കം വിപുലമായ പദ്ധതികളാണ് ആക്കുളം പുനരുജ്ജീവന മാസ്റ്റർ പ്ലാനിനുള്ളത്.

സംസ്ഥാനത്ത് നടപ്പിലാക്കുന്ന നീർത്തട പുനരുജ്ജീവന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ആക്കുളം കായൽ പുനരുജ്ജീവന പദ്ധതി തയാറാക്കിയത്. കായൽ സംരക്ഷണം, വിനോദസഞ്ചാര വികസനം, മത്സ്യസമ്പത്തിന്റെ വീണ്ടെടുപ്പ് എന്നിങ്ങനെ സമഗ്രമായ പുനരുജ്ജീവന പദ്ധതിയാണ് വിഭാവനം ചെയ്തത്. 64 കോടി രൂപ ചെലവിൽ പുനരുജ്ജീവന പദ്ധതി നടപ്പാക്കാനായിരുന്നു നേരത്തെ തീരുമാനിച്ചത്.

ടെൻഡർ വിളിച്ച് നിർമ്മാണ കമ്പനിയുമായി ധാരണയിൽ എത്തിയെങ്കിലും പദ്ധതി 64 കോടിയിൽ തീരില്ലെന്ന് കമ്പനി അറിയിച്ചു. 15 വർഷത്തെ പരിപാലനം കൂടി ചേരുന്ന പദ്ധതി നടപ്പാക്കാൻ 32 കോടി രൂപ കൂടി രൂപയാണ് കമ്പനി അധികം ആവശ്യപ്പെട്ടത്. ഇതോടെ ടെൻഡർ നടപടികൾ പാതി വഴിയിൽ മുടങ്ങി.

മുൻകാല പദ്ധതികളിൽ അഴിമതിയാരോപണങ്ങളും ആശങ്കകളും ഉയർന്ന സാഹചര്യത്തിലാണ് വകുപ്പ് പുതിയ പദ്ധതിക്കായി ഡിസൈൻ-ബിൽഡ്-ഓപ്പറേറ്റ്-ട്രാൻസ്ഫർ (ഡിബിഒടി) മാതൃക സ്വീകരിച്ചത്. തടാകത്തിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിക്കായി വാപ്കോസ് ലിമിറ്റഡിനെ സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ (എസ്‌പിവി) ആയി തിരഞ്ഞെടുത്തു. തുടക്കത്തിൽ, കിഫ്ബി (കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്) പദ്ധതിക്കായി 64.13 കോടി രൂപ അനുവദിച്ചിരുന്നു, എന്നാൽ ലേലം നേടിയ കരാറുകാരൻ 125 കോടി രൂപ ആവശ്യപ്പെട്ടത് ചർച്ചകൾക്ക് ശേഷം 96 കോടി രൂപയായി കുറയ്ക്കുകയായിരുന്നു.

കായലിന്റെയും തോടുകളുടെയും ജലശുദ്ധീകരണ പ്രക്രിയകൾ, എൻട്രൻസ് പ്ലാസ, ഫുഡ് കോർട്ട്, റെയിൽ ഷെൽട്ടർ വെറ്റ് ലാന്റ് പാർക്ക്, ഓപ്പൺ എയർ തിയറ്റർ, ഇരിപ്പിടം, ഓപ്പൺ ജിം, ബയോ ഫെൻസിങ്, ശുചിമുറി, കാർ പാർക്കിങ് തുടങ്ങിയവയാണ് ഈ പദ്ധതിയുടെ പ്രധാന ഘടകങ്ങൾ. കൂടാതെ ഇവിടെ ബോട്ടിങ് ആരംഭിക്കുകയും സാഹസിക വാട്ടർ സ്പോർട്സ് ഇനങ്ങൾക്ക് പ്രോത്സാഹനം നൽകുകയും ചെയ്യാനാണ് ലക്ഷ്യമിട്ടിരുന്നത്.