കണ്ണൂർ: വിമാനത്താവളത്തിന് വേണ്ടി ഒന്നാം ഘട്ടമായി 1113.33 ഏക്കർ ഭൂമി ഏറ്റെടുത്ത് കിയാലിന് കൈമാറിയിട്ടുണ്ടെന്ന് കെകെ ശൈലജ എംഎൽഎയുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നൽകി. രണ്ടാം ഘട്ടമായി 804.37 ഏക്കർ ഭൂമി ഏറ്റെടുത്ത് കിയാലിന് കൈമാറുന്നതിന് നടപടി സ്വീകരിച്ചുവരുന്നു. വിമാനത്താവള വികസനത്തിന്റെ ഭാഗമായ വ്യവസായ പാർക്ക് സ്ഥാപിക്കുന്നതിന് 1970.05 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടതിൽ കോളാരി, കീഴല്ലൂർ വില്ലേജുകളിൽപ്പെട്ട 21.81 ഹെക്ടർ ഭൂമി ഭൂവുടമകൾക്ക് നഷ്ടപരിഹാരം നൽകി ഏറ്റെടുത്ത് കിൻഫ്രയ്ക്ക് കൈമാറിയിട്ടുണ്ട്.

കീഴൂർ, പട്ടാനൂർ വില്ലേജുകളിൽപ്പെട്ട 202.34 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള ഫണ്ട് അനുവദിക്കുകയും ഭൂമി ഏറ്റെടുത്ത് കൈമാറുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയും ചെയ്യുന്നു.പ്രസ്തുത പദ്ധതിക്കായി ഏറ്റെടുക്കേണ്ട മറ്റു വില്ലേജുകളിൽപ്പെട്ട ഭൂമിയുടെ സർവ്വെ സബ്ഡിവിഷൻ നടപടികൾ ഭൂമി ഏറ്റെടുക്കേണ്ട പദ്ധതികളുടെ സാമൂഹികാഘാത പഠനം എന്നിവ പൂർത്തിയായിട്ടുണ്ട്.

വിമാനത്താവളത്തിന്റെ റൺവേ 3050 മീറ്ററിൽ നിന്നും 4,050 മീറ്ററായി ദീർഘിപ്പിക്കുന്നതിന് 99.3235 ഹെക്ടർ ഭൂമി ഏറ്റെടുക്കുമ്പോൾ ഏകദേശം 162 കുടുംബങ്ങളെ പുനരധിവസിപ്പിക്കേണ്ടിവരുമെന്ന് കണ്ടെത്തിയിട്ടുണ്ട്. നിലവിൽ പുനരധിവാസത്തിനായി 14.6501 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിന്
ഭരണാനുമതി നൽകുകയും പ്രസ്തുത ഭൂമി ഏറ്റെടുക്കുന്നതിന് 11 (1) വിജ്ഞാപനം പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

റൺവേ ദീർഘിപ്പിക്കുന്നതിന് 99.3235 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിന് 942,93,77,123/ രൂപ ചെലവ് പ്രതീക്ഷിക്കുന്നു.ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ത്വരിതഗതിയിൽ പൂർത്തീകരിച്ചുവരുന്നു. മുഖ്യമന്ത്രിക്ക് വേണ്ടി സഹകരണ - രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ മറുപടി നൽകി.