ഗവർണറുടെ നയപ്രഖ്യാപനത്തോടെ നിയമസഭാ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; സർക്കാറുമായുള്ള മഞ്ഞുരുകലിന്റെ വേദി നിയമസഭ ആകുമോ? കേന്ദ്രത്തെ വിമർശിക്കുന്ന ഭാഗം ഗവർണർ വായിക്കുമോ എന്നതിൽ ആകാംക്ഷ; സർക്കാറിനെതിരെ വിവിധ വിഷയങ്ങൾ രാകികൂട്ടി സർക്കാറിനെതിരെ സഭയിൽ ആഞ്ഞടിക്കാൻ പ്രതിപക്ഷം
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: കേരളാ നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് ഇന്ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കമാകും. നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കംകുറിച്ചുള്ള നയപ്രഖ്യാപനത്തിൽ കേന്ദ്രവിവേചനത്തിൽ രൂക്ഷവിമർശനം മറച്ചുവെക്കാതെയാണ് സംസ്ഥാനസർക്കാർ രാജ്ഭവനിൽ എത്തിച്ചിരിക്കുന്നത്. സർക്കാർ അയച്ചുകൊടുത്ത പ്രസംഗം ഗവർണർ അതേപടി അംഗീകരിച്ചിട്ടുണ്ട്. എന്നാൽ, പ്രസംഗത്തിൽ ഏതൊക്കെ വായിക്കണമെന്നത് ഗവർണറുടെ വിവേചനാധികാരമാണ്. സർക്കാറുമായി ഉടക്കു ലൈൻ തുടരുന്ന ഗവർണർ ഈ ഭാഗം വായിക്കുമോ എന്നതാണ് ഇനി അറിയേണ്ടത്.
കേന്ദ്രസർക്കാരിന്റെ പ്രതിനിധികൂടിയായ ഗവർണർ കേന്ദ്രവിമർശനം വായിക്കാതെ ഒഴിവാക്കിയാലും ഉള്ളടക്കം നയപ്രഖ്യാപനത്തിൽനിന്ന് നീക്കംചെയ്യപ്പെടില്ല. അതേസമയം, ഗവർണറുമായി നേരിട്ടുള്ള ഏറ്റുമുട്ടൽ ഒഴിവാക്കാൻ അദ്ദേഹത്തെക്കുറിച്ചുള്ള വിമർശനം പ്രസംഗത്തിലില്ല. വായ്പ ഉൾപ്പെടെ സംസ്ഥാനത്തിന് അർഹതപ്പെട്ട ധനവിഹിതം വെട്ടിക്കുറയ്ക്കുന്ന കേന്ദ്രനടപടി, നയപ്രഖ്യാപനത്തിൽ മൂന്നോ നാലോ ഖണ്ഡികകളിലായി ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അറിയുന്നു.
15-ാം ധനകാര്യകമ്മിഷനിൽ സംസ്ഥാനത്തിനുള്ള വിഹിതം കുറഞ്ഞതും കിഫ്ബിയുടെയും പെൻഷൻ കമ്പനിയുടെയും വായ്പ സംസ്ഥാനത്തിന്റെ കടപരിധിയിൽ ഉൾപ്പെടുത്തിയതുമൊക്കെ നയപ്രഖ്യാപനത്തിന്റെ ഭാഗമാക്കി. കേന്ദ്രാവഗണന ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് കേരളം. ഈ വികാരം പ്രതിഫലിപ്പിക്കുന്നതാണ് നയപ്രഖ്യാപനത്തിലെ കേന്ദ്രവിമർശനം. കേന്ദ്ര വിമർശനം ഗവർണർ വായിച്ചാൽ അതൊരു മഞ്ഞുരുകലിന്റെ വേദി കൂടിയായി മാറുമെന്ന കാര്യവും ഉറപ്പാണ്. റിപ്പബ്ലിക് ദിനത്തിലെ ഗവർണറുടെ വിരുന്നിന് നേരത്തെ സർക്കാർ പണം അനുവദിച്ചിരുന്നു.
ഫെബ്രുവരി അഞ്ചിനാണ് ബജറ്റ്. വിവിധ വിഷയങ്ങളിലെ സർക്കാർ, പ്രതിപക്ഷ പോരിന് ഇനി സഭാതലം വേദിയാകും. ഭിന്നശേഷിക്കാരന്റെ ആത്മഹത്യ അടക്കം വിവിധ വിഷയങ്ങൾ പ്രതിപക്ഷത്തിന് മുന്നിലുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതികാര നടപടി അടക്കമുള്ള വിഷയങ്ങൾ പ്രതിപക്ഷ ഭരണപക്ഷത്തിനെതിരെ ആയുധമാക്കും.
മാർച്ച് 27 വരെ നീളുന്ന ദീർഘമായ സമ്മേളനത്തിനാണ് പുതുവർഷത്തിൽ തുടക്കമാകുന്നത്. ഭരണപക്ഷം തെരുവിൽ നേരിടുമ്പോഴാണ് ഗവർണ്ണർ സർക്കാറിന്റെ നയം പറയാനെത്തുന്നത്. ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും ഗവർണ്ണറോടുള്ള സമീപനം പ്രധാനമാണ്. ഓർഡിനൻസുകൾക്ക് പകരമുള്ള മൂന്ന് ബില്ലുകൾ അടക്കം ആകെ എട്ട് ബില്ലുകളാണ് പരിഗണിക്കുന്നത്. മുമ്പെങ്ങുമില്ലാത്ത വിധത്തിലെ സർക്കാർ-പ്രതിപക്ഷ പോരാണ് സഭക്ക് പുറത്ത് ഇതുവരെ കണ്ടത്. ഇനി അങ്കം അകത്താണ്.
മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരായ ആർഒസി കണ്ടെത്തലുകൾ, അന്വേഷണം, സാമ്പത്തിക പ്രതിസന്ധി, നവകേരള സദസ്സിനെ ചൊല്ലിയുള്ള വിവാദങ്ങൾ, പ്രതിപക്ഷ സമരങ്ങളോടുള്ള പൊലീസ് നടപടി അടക്കം പ്രതിപക്ഷം ആയുധമാക്കും. എക്സാലോജികിനെതിരായ പുതിയ കണ്ടെത്തലുകളിൽ മുഖ്യമന്ത്രിയുടെ പ്രതികരണം സഭക്കുള്ളിലാകും. ഡൽഹി സമരത്തിൽ നിന്നും പ്രതിപക്ഷം വിട്ടുനിന്നതാകും ഭരണപക്ഷത്തിന്റെ പ്രധാന തുറുപ്പ് ചീട്ട്.
മറുനാടന് മലയാളി ബ്യൂറോ