ഐജിഎസ്ടി വിഷയത്തിലുള്ള അടിയന്തരപ്രമേയ നോട്ടീസ് തള്ളി; സർക്കാർ ചർച്ചയെ ഭയക്കുന്നെന്ന് വി.ഡി സതീശൻ; പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു; ചോദ്യങ്ങൾക്ക് മറുപടി ഇല്ല; ധനമന്ത്രിക്കെതിരെ സ്പീക്കർക്ക് പരാതി; 400 ചോദ്യങ്ങൾക്ക് മന്ത്രി ഇതുവരെ മറുപടി നൽകിയില്ലെന്ന് ആരോപണം
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: അന്തർ സംസ്ഥാന ചരക്ക് സേവന നികുതി പിരിക്കലിലെ പിഴവ് ചൂണ്ടിക്കാട്ടി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ തള്ളി. ഇതോടെ പ്രതിപക്ഷം പ്രതിഷേധിച്ചു സഭ ബഹിഷ്ക്കരിച്ചു. ബജറ്റിന്റെ ഭാഗമായി ഇത് ചർച്ചചെയ്തുവെന്നും പുതിയ വിഷയമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് സ്പീക്കർ എഎൻ ഷംസീർ നോട്ടീസ് തള്ളിയത്. ഇതോടെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
ശ്യൂന്യവേളയിൽ ഐജിഎസ്ടി വിഷയത്തിൽ റോജി എം ജോൺ ആണ് അടിയന്തര പ്രമേയ നോട്ടീസിന് അനുമതി തേടിയത്. എന്നാൽ ഇത് അടിയന്തര പ്രധാന്യമുള്ള വിഷയമല്ലെന്നും രാഷ്ട്രീയമായ കാരണം മാത്രമാണ് ഇക്കാര്യം ഉന്നയിക്കുന്നതിന് പിന്നിലുള്ളതെന്നും ചൂണ്ടിക്കാട്ടി സ്പീക്കർ നോട്ടീസ് നിരാകരിക്കുകയായിരുന്നു. സംസ്ഥാനത്തെ ബാധിക്കുന്ന ഗുരുതരമായ സാമ്പത്തിക, ധന പ്രശ്നങ്ങളാണ് തങ്ങൾ ഉന്നയിക്കുന്നതെന്നും ഇതിൽ ചർച്ചയില്ലാത്തത് എന്തുകൊണ്ടാണെന്നത് വിസ്മയിപ്പിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് സഭയിൽ പറഞ്ഞു. സർക്കാർ ചർച്ചയെ ഭയപ്പെടുകയാണെന്നും ഇത്തരം കാര്യങ്ങൾ ചർച്ചചെയ്യാനല്ലെങ്കിൽ പിന്നെ എന്തിനാണ് നിയസഭയെന്നും സതീശൻ ചോദിച്ചു.
തുടർന്ന് സംസാരിക്കാൻ എഴുന്നേറ്റ ധനമന്ത്രി കെ.എൻ ബാലഗോപാലും സ്പീക്കറുടെ റൂളിങ്ങിനെ മാനിക്കുന്നുവെന്ന് അറിയിച്ചു. എന്നാൽ ധനമന്ത്രിക്ക് പോലും ചർച്ചചെയ്യുന്നതിൽ എതിർപ്പില്ലാത്ത സാഹചര്യത്തിൽ സ്പീക്കർ ഇത്തരമൊരു റൂളിങ് നൽകിയത് കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങളെ തുടർന്നാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. അടിയന്തര പ്രമേയ നോട്ടീസിലൂടെ കാര്യങ്ങൾ ഉന്നയിക്കുന്നതിനെ സർക്കാർ ഭയപ്പെടുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
അതേസമയം ധനമന്ത്രി കെ.എൻ.ബാലഗോപാലിനെതിരെ സ്പീക്കർക്ക് പരാതിയും നൽകി. ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകുന്നില്ലെന്നാണ് പരാതി. 400 ചോദ്യങ്ങൾക്ക് മന്ത്രി ഇതുവരെ മറുപടി നൽകിയില്ലെന്നാണ് ആരോപണം. കഴിഞ്ഞ മൂന്ന് സമ്മേളന കാലയളവിലായാണ് മറുപടി നൽകാത്തത്. എ. പി. അനിൽകുമാർ ആണ് സ്പീക്കർക്ക് പരാതി നൽകിയത്.
പ്രതിപക്ഷം ഡാറ്റ വച്ചാണ് സംസാരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ചോദ്യങ്ങൾക്ക് ഒന്നും സർക്കാരിന് കൃത്യമായ ഉത്തരങ്ങളില്ല. ധനമന്ത്രിക്ക് ഒന്നും അറിയുന്നില്ല. വൻ അഴിമതി നടക്കുകയാണ്. റവന്യു കമ്മി ഗ്രാൻഡ് കേന്ദ്രം വെട്ടി കുറച്ചതല്ല. കേന്ദ്രത്തിന്റെ കുഴപ്പം അല്ല. സർക്കാർ ഒരു ചെറു വിരൽ അനക്കുന്നില്ല. ജി എസ് ടി എന്താണ് എന്ന് പോലും ശ്രദ്ധിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ