തിരുവനന്തപുരം: പ്രതിപക്ഷത്തിന് കൈനിറയേ ആയുധങ്ങൾ.. പ്രതിരോധത്തിൽ ഭരണപക്ഷം. പുതുപ്പള്ളി വിജയത്തിന്റെ ആവേശത്തിലാണ് നാളെ നിയമസഭയിലേക്ക് പ്രതിപക്ഷം രംഗത്തെത്തുക. ചാണ്ടി ഉമ്മന്റെ നിയമസഭയിലെ ആദ്യ ദിനമാണ് നാളെ. അതുകൊണ്ട് തന്നെ സഭാ നടപടികളിൽ എന്താകും പ്രതിപക്ഷം നാളെ സ്വീകരിക്കുന്ന നയം എന്ന കാര്യത്തിൽ വ്യക്തത കുറവുണ്ട്. 15ാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനമാണ് നാളെ തുടങ്ങുന്നത്.

പുതുപ്പള്ളി നിയമസഭാ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടർന്ന് നിർത്തിവച്ച സഭ നാളെ മുതൽ നാല് ദിവസം വീണ്ടും സമ്മേളിക്കും. രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കുന്ന നിയമസഭയിൽ ആദ്യം ചോദ്യോത്തര വേളയാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. പത്ത് മണിക്ക് ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ നടക്കും. ഉമ്മൻ ചാണ്ടി 53 കൊല്ലം പ്രതിനിധീകരിച്ച പുതുപ്പള്ളിയിൽ നിന്ന് മകൻ ചാണ്ടി ഉമ്മൻ ആദ്യമായി സഭയിലെത്തുന്ന ദിവസം തന്നെ ബഹളത്തിൽ മുങ്ങുമോ എന്നാണ് അറിയേണ്ടത്.

ഉമ്മൻ ചാണ്ടിയുടെ ഓർമ്മകളെ പോലും സിപിഎം ഭയന്നുതുടങ്ങുന്ന ഘട്ടമാണ് ഇപ്പോൾ. ജീവിച്ചിരുന്ന ഉമ്മൻ ചാണ്ടിയേക്കാൽ കരുത്തനായി അദ്ദേഹം മരണശേഷം മാറിക്കവിഞ്ഞു. പുതുപ്പള്ളിയിൽ പിണറായിസത്തിന്റെ അടിവേരറുക്കുന്ന വിധത്തിൽ ഇടതു സ്ഥാനാർത്ഥിയെ തറപറ്റിച്ചു. പിന്നാലെ സിബിഐ ഉമ്മൻ ചാണ്ടിക്ക് നല്കിയ ക്ലീൻചിറ്റിന്റെ വിവരങ്ങളും പുറത്തുവന്നു. ഇതോടെ പ്രതിരോധത്തിലാകുന്നത് സോളാർ വിഷയത്തെ രാഷ്ട്രീയ താൽപ്പര്യത്തോടെ ഉപയോഗിച്ച സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനുമാണ്.

ചാണ്ടി ഉമ്മൻ ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തിയിട്ടുണ്ട്. ക്ഷേത്ര ദർശനവും തുലാഭാരവുമെല്ലാം പൂർത്തിയാക്കി അദ്ദേഹം വിവിധ പരിപാടികളിൽ സംബന്ധിച്ചു. പുതുപ്പള്ളി ഹൗസിൽ നിന്നാണ് ചാണ്ടി ഉമ്മൻ നാളെ നിയമസഭയിലേക്ക് എത്തുക. പ്രമുഖ നേതാക്കളെ അടക്കം അദ്ദേഹം കണ്ടു കഴിഞ്ഞു. മുതിർന്നവരിൽ നിന്നും അനുഗ്രഹം വാങ്ങിയാകും നാളെ സത്യപ്രതിഞ്ജ ചൊല്ലുക. ഗണേശ് കുമാറുമായി ബന്ധപ്പെട്ട റിപ്പോർട്ട് ചൂണ്ടിക്കാട്ടിയപ്പോൾ സത്യം പുറത്തുവരും, അന്വേഷണം നടക്കട്ടെ എന്നായിരുന്നു ചാണ്ടിയുടെ പ്രതികരണം.

നിരവധി ബില്ലുകൾ ചർച്ച ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് വ്യാഴാഴ്ച വരെ സഭ ചേരുന്നത്. ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞയ്ക്ക് ശേഷം മുഴുവൻ എംഎൽഎമാരും പങ്കെടുക്കുന്ന ഗ്രൂപ്പ് ഫോട്ടോ എടുക്കലാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. എന്നാൽ സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടത്തി എന്ന വിവരം പുറത്തുവന്നത് സഭയെ പ്രക്ഷുബ്ദമാക്കുമെന്ന് ഉറപ്പാണ്.

പുതുപ്പള്ളിയിലെ വിജയം സർക്കാരിനെതിരായ ജനവികാരത്തിന്റെ തെളിവായി പ്രതിപക്ഷം ചൂണ്ടിക്കാട്ടാനാണ് സാധ്യത. സഹതാപ തരംഗമാണെന്ന് ഭരണപക്ഷം ആവർത്തിക്കുമെങ്കിലും സഭയിൽ ബഹളമുയരാൻ ഒട്ടേറെ വിഷയങ്ങളുണ്ട്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് വിവാദത്തിൽ മുൻ മന്ത്രി എസി മൊയ്തീനെ ഇഡി നാളെ ചോദ്യം ചെയ്യാൻ വിളിച്ചിട്ടുണ്ട്. ഇതെല്ലാം വിഷയങ്ങളാകും.

നേരത്തെ രണ്ട് തവണ ഇഡി നോട്ടീസ് നൽകിയിരുന്നു എങ്കിലും എസി മൊയ്തീൻ ഹാജരായിരുന്നില്ല. പുതുപ്പള്ളി തിരഞ്ഞെടുപ്പ് നടക്കുന്ന വേളയിൽ ഹാജരായാൽ രാഷ്ട്രീയമായി തിരിച്ചടിയുണ്ടാകുമെന്ന് സിപിഎം ഭയന്നിരുന്നു. തിങ്കളാഴ്ച ഹാജരാകാമെന്നാണ് മൊയ്തീൻ ഇഡിയെ അറിയിച്ചിട്ടുള്ളതത്രെ. എന്നാൽ ഗ്രൂപ്പ് ഫോട്ടോ എടുക്കേണ്ടതിനാൽ അദ്ദേഹം നിയമസഭയിലെത്തേണ്ടതുണ്ട്.

അതുകൊണ്ടുതന്നെ എസി മൊയ്തീൻ ഇഡിക്ക് മുമ്പിലാണോ സഭയിലാണോ നാളെ ഹാജരാകുക എന്ന കാര്യത്തിൽ അവ്യക്തത നിലനിൽക്കുകയാണ്. ഗണേശ് കുമാറിനെതിരെ ശക്തമായ തയ്യാറെടുപ്പോടെയാകും പ്രതിപക്ഷം എത്തുക. എങ്കിലും ഗണേശിനെ നേരിട്ടു പ്രതിപക്ഷം ആക്രമിക്കുമോ എന്നാണ് അറിയേണ്ടത്. ആശുപത്രി സംരക്ഷണ ബില്ല്, ഭൂപതിവുമായി ബന്ധപ്പെട്ട ബില്ല് തുടങ്ങി 14ഓളം ബില്ലുകൾ ചർച്ച ചെയ്യാനുണ്ടെങ്കിലും ബഹളത്തിന് കുറവുണ്ടാകില്ല.

സോളർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കി കോടതിയിൽ സിബിഐ സമർപ്പിച്ച റിപ്പോർട്ടിൽ ഗൂഢാലോചന നടത്തിയവരെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നത് ഇടതുപക്ഷത്തെയാണ് വെട്ടിലാക്കുന്നത്. കെ.ബി.ഗണേശ്കുമാർ, ഗണേശ്കുമാറിന്റെ ബന്ധു ശരണ്യ മനോജ് എന്നിവർക്കു പുറമേ 'വിവാദ ദല്ലാളി'ന്റെ ഇടപെടലും സിബിഐ ശേഖരിച്ച മൊഴിയിലുണ്ടെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ ഗൂഡാലോചകർക്കെതിരെ കേസെടുക്കാവുന്ന സാഹചര്യമുണ്ട്. ഈ വിഷയത്തിൽ കേസെടുക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിക്കുമോ എന്ന ആകാംക്ഷയും നിലനിൽക്കുന്നു.

അതേസമയം നിയമസഭയിൽ താരമായി എത്തുക മാത്യു കുഴൽനാടനാകും. പുതുപ്പള്ളിയിൽ അടക്കം താരമായരുന്നത് മാത്യുവായിരുന്നു. മുഖ്യമന്ത്രിയെയും മകളെയും കടന്നാക്രമിച്ചു മാത്യു നാളെ സഭയിൽ എന്തു പറയും എന്നത് എല്ലാവരിലും ആകാംക്ഷയുണ്ടാക്കുന്ന കാര്യമാണ്. മാത്യുവിന്റെ ആരോപണത്തിന് ഇന്നേവരെ പിണറായി മറുപടി നൽകിയിട്ടില്ല. മറിച്ച് തന്നെ കുടുക്കാൻ നോക്കിയ സിപിഎമ്മിനെ അദ്ദേഹം വെട്ടിലാക്കുകയും ചെയ്തു. ഇതോടെ സഭയിലെ കോൺഗ്രസിന്റെ താരമായി മാത്യു എത്തും. പുതുപ്പള്ളി പോര് മുന്നിൽ നിന്നു നയിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശനും നെഞ്ചുവിരിച്ചു തന്നെ സഭയിൽ എത്തുമെന്ന് ഉറപ്പാണ്.