തിരുവനന്തപുരം: കേരളാ നിയമസഭയെ ആദ്യ ദിവസം തന്നെ ചൂടുപിടിപ്പിച്ച് നിയമന വിവാദങ്ങൾ. പ്രതിപക്ഷ നേതാവിന്റെ അടിയന്തര പ്രമേയ നോട്ടീസാണ് വിഷയം സഭയിൽ ചർച്ചയാക്കാൻ ഇടയാക്കിയത്. തിരുവനന്തപുരം കോർപ്പറേഷൻ മേയറുടെ കത്ത് വിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു വിഷയം എത്തിയത്. പിൻവാതിൽ നിയമനങ്ങളെന്ന പേരിൽ നടക്കുന്നത് സംഘടിതമായ വ്യാജ പ്രചാരണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് പ്രതികരിച്ചു. തിരുവനന്തപുരം മേയറുടേതെന്ന തരത്തിൽ പ്രചരിക്കുന്നത് വ്യാജ കത്താണ്. അതിൽ മേയർ പരാതി നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മന്ത്രി.

ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്താനും പുകമറ സൃഷ്ടിക്കാനും സംഘടിതമായ ശ്രമം കഴിഞ്ഞ കുറേക്കാലമായി നടന്നു വരികയാണ്. ഒന്നാം പിണറായി സർക്കാരിന്റെ കാലം മുതൽ ആരംഭിച്ചതാണ് ഈ പരിശ്രമങ്ങളെന്ന് മന്ത്രി കുറ്റപ്പെടുത്തി. അതിശയോക്തിയും അതിവൈകാരികതയും ചേർത്ത് അവതരിപ്പിക്കുന്നു. ഉദ്യോഗാർത്ഥികളോട് അനീതി ചെയ്തെന്ന് വിശ്വസിപ്പിക്കാൻ ശ്രമം നടക്കുന്നു. ഇത് ജനം മുഖവിലക്കെടുക്കില്ലെന്ന് മന്ത്രി പറഞ്ഞു.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 1.61 ലക്ഷം നിയമനങ്ങൾ നടന്നുവെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു. ഒന്നാം പിണറായി സർക്കാർ മുതൽ ഇതുവരെ എൽഡിഎഫ് സർക്കാർ ആറര വർഷം കൊണ്ട് 1.99 ലക്ഷം നിയമനങ്ങൾ നടത്തി. യുഡിഎഫ് സർക്കാരിന്റെ കാലത്തേക്കാൾ 18,000 കൂടുതലാണിത്. ബോർഡും കോർപറേഷനും അടക്കം 55 സ്ഥാപനങളിലെ നിയമനം കൂടി പിഎസ് സിക്ക് വിട്ടുവെന്ന് മന്ത്രി പറഞ്ഞു.

താൽകാലിക നിയമങ്ങൾക്കെല്ലാം കൃത്യമായ മാനദണ്ഡങ്ങളുണ്ട്. അതിൽ സർക്കാർ ഇടപെടാറില്ല. മൂന്ന് തവണയാണ് തിരുവനന്തപുരം കോർപ്പറേഷനിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ വിളിച്ചത്. അതെങ്ങനെ പിൻവാതിൽ നിയമനമാകും. നിയമനം വിവാദമായപ്പോഴാണ് തദ്ദേശ വകുപ്പ് ഇടപെട്ട് എംപ്ലോയ്മെന്റെ എക്സ്ചേഞ്ചിന് വിട്ടത്. അനധികൃത നിയമനം ഉണ്ടെങ്കിൽ അത് അന്വേഷണത്തിലൂടെ പുറത്തുകൊണ്ട് വരും. താൽക്കാലിക നിയമനങ്ങൾ ഉൾപ്പെടെ എല്ലാം ഓഡിറ്റ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം യുഡിഎഫ് സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നിയമനത്തിനായി എംഎൽഎമാർ എഴുതിയ കത്തുകളും മന്ത്രി എംബി രാജേഷ് സഭയിൽ വായിച്ചു. പി സി വിഷ്ണുനാഥ് എഴുതിയ കത്തും ഇതിലുണ്ട്. ഇവ പുസ്തകമാക്കി പ്രസിദ്ധീകരിച്ചാൻ നെഹ്റു ഇന്ദിരയ്ക്ക് അയച്ച കത്തുകളേക്കാൾ വരുമെന്നും മന്ത്രി രാജേഷ് പറഞ്ഞു.

1,90,000 പിൻവാതിൽ നിയമനം നടന്നു

അതേസമയം കോൺഗ്രസിലെ പി സി വിഷ്ണുനാഥ് ആണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. കഴിഞ്ഞ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 1,90,000 പിൻവാതിൽ നിയമനം നടന്നുവെന്ന് പി സി വിഷ്ണുനാഥ് ആരോപിച്ചു. പിഎസ് സിയേയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനേയും നോക്കുകുത്തിയാക്കിയാണ് പിൻവാതിൽ നിയമനം നടത്തുന്നത്. പട്ടി പിടുത്തക്കാർ മുതൽ വിസിമാർ വരെ കത്തുമായി ജോലി നേടുന്നുവെന്ന് പിസി വിഷ്ണുനാഥ് പറഞ്ഞു.

സിപിഎം ലോക്കൽ കമ്മിറ്റി മുതൽ സംസ്ഥാന കമ്മിറ്റി വരെ നിയമനം നടത്തുന്നു. പിൻവാതിൽ നിയമനത്തിന് പ്രത്യേക റിക്രൂട്ടിങ് കമ്മിറ്റി ഉണ്ടാക്കി. 30 ലക്ഷത്തോലം പേരാണ് തൊഴിൽ കാത്തു നിൽക്കുന്നത്. സർക്കാർ-അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ അനധികൃത നിയമനങ്ങൾ നടക്കുന്നത് ഉദ്യോഗാർത്ഥികളോടുള്ള വെല്ലുവിളിയാണ്. ഒഴിവ് അർധരാത്രി റിപ്പോർട്ട് ചെയ്ത് ഉദ്യോഗാർത്ഥികളുടെ അവസരം നഷ്ടമാക്കിയെന്നും വിഷ്ണുനാഥ് കുറ്റപ്പെടുത്തി.

അനധികൃത നിയമനം സഭ നിർത്തി വെച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. മേയറുടെ കത്ത് വ്യാജമാണെന്ന് മന്ത്രി എങ്ങനെ പറയുന്നുവെന്ന് പി സി വിഷ്ണുനാഥ് ചോദിച്ചു. വ്യാജ കത്താണെന്ന് ആരോപണവിധേയയായ മേയർ പോലും പറഞ്ഞിട്ടില്ല. പിന്നെങ്ങനെ മന്ത്രി വ്യാജ കത്തെന്ന് പറയുമെന്ന് വിഷ്ണുനാഥും ചോദിച്ചു. എഴുതിയ ആൾ എഴുതിയിട്ടുണ്ടെന്ന് സമ്മതിച്ച കത്ത് വേറെയുമുണ്ടെന്നും ഡിആർ അനിലിന്റെ കത്ത് സൂചിപ്പിച്ച് വിഷ്ണുനാഥ് പറഞ്ഞു.

അതേസമയം നിയമനങ്ങളിൽ മന്ത്രി എംബി രാജേഷ് സഭയെ അറിയിച്ച കണക്ക് തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. നിയമനങ്ങൾക്കായി ഒരു സമാന്തര റിക്രൂട്ട്‌മെന്റ് സംഘം പ്രവർത്തിക്കുന്നു. തിരുവനന്തപുരം കോർപ്പറേഷനിൽ, പിൻവാതിൽ നിയമനങ്ങളെ കുറിച്ച് വ്യക്തത നൽകുന്ന കത്ത് മാധ്യമങ്ങളോ പ്രതിപക്ഷമോ അല്ല പുറത്ത് വിട്ടത്. സിപിഎം പാർട്ടിക്കുള്ളിൽ അധികാര തർക്കവും വീതംവയ്‌പ്പും വന്നപ്പോഴാണ് പാർട്ടി ഗ്രൂപ്പുകളിലൂടെ കത്ത് പുറത്ത് വന്നത്.

ക്രൈംബ്രാഞ്ചും വിജിലൻസും അന്വേഷിക്കുന്നതിനിടെ മേയർ കത്ത് എഴുതിയില്ലെന്ന് സഭയിൽ മന്ത്രി പറഞ്ഞത് എന്ത് അധികാരികതയുടെ അടിസ്ഥാനത്തിലാണ് എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. പ്രധാനപ്പെട്ട നേതാക്കളുടെ ഭാര്യമാർക്ക് നിയമനം കിട്ടിയത് എല്ലാവർക്കും അറിയാം. ഞങ്ങൾ പേരെടുത്ത് പറയുന്നില്ലെന്നും സതീശൻ വ്യക്തമാക്കി. മന്ത്രി എം ബി രാജേഷിന്റെ മറുപടിക്ക് പിന്നാലെ അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. ഇതേത്തുടർന്ന് പ്രതിപക്ഷ എംഎൽഎമാർ നിയമസഭയിൽ പ്രതിഷേധിച്ച് ബഹളം വെച്ചു.