തിരുവനന്തപുരം: കരുനാഗപ്പള്ളിയിൽ ഒരു കോടി രൂപയുടെ നിരോധിത പുകയില പിടിച്ചെടുത്ത സംഭവത്തിൽ പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. വിഷയം മാത്യു കുഴൽനാടനാണ് സഭയിൽ ഉന്നയിച്ചത്. പ്രതിയെ രക്ഷപ്പെടുത്താൻ പൊലീസ് അന്വേഷണം അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു.

കേസിൽ എ ഷാനവാസിനെതിരെ തെളിവുണ്ടെങ്കിൽ പ്രതിയാകും എന്നാണ് മന്ത്രി സജി ചെറിയാൻ പറഞ്ഞത്. ഇപ്പോഴും പ്രതി ആയിട്ടില്ല. ആരെ സംരക്ഷിക്കാനാണ് ഇതെന്നും അടിയന്തരപ്രമേയം അവതരിപ്പിച്ചുകൊണ്ട് മാത്യു കുഴൽനാടൻ ചോദിച്ചു. ഇത്ര വെപ്രാളം എന്തിനാണ്. ഇത് യജമാനന്റെ വെപ്രാളമാണ്. പൊലീസ് അന്വേഷിക്കും മുമ്പേ ഫിഷറീസ് മന്ത്രിക്ക് ഇത് എങ്ങനെ പറയാൻ കഴിഞ്ഞു. ഷാനവാസിന് മന്ത്രി സജി ചെറിയാൻ ക്ലീൻ ചിറ്റ് നൽകിയെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു.

അതേസമയം അടിയന്തര പ്രമേയത്തിലെ ആരോപണത്തെ കയ്യോടെ തള്ളിക്കളയുന്നുവെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ആരോപണം തീർത്തും അടിസ്ഥാന രഹിതമാണ്. പ്രതികളുടെ രാഷ്ട്രീയ ബന്ധം നോക്കിയല്ല കേസുകൾ കൈകാര്യം ചെയ്യുക. ഇത് എൽഡിഎഫ് സർക്കാർ നിലപാടല്ലെന്നും എം ബി രാജേഷ് വ്യക്തമാക്കി.
കരുനാഗപ്പള്ളി സംഭവത്തിൽ ഷാനവാസിന് പങ്കുണ്ടെങ്കിൽ നടപടി ഉണ്ടാകും. ഇതുവരെ പ്രതിയാക്കാൻ ഉള്ള തെളിവ് ലഭിച്ചിട്ടില്ല.

പ്രതികളെ രക്ഷിക്കാൻ സർക്കാരോ, സിപിഐഎമ്മോ ,പൊലീസോ ശ്രമിച്ചിട്ടില്ല. രക്ഷിക്കാനെങ്കിൽ ഭരണ സ്വാധീനം ഉപയോഗിച്ച് മൂടി വയ്ക്കാം. ഷാനവാസിന്റെ അംഗത്വം സസ്പെൻഡ് ചെയ്തിട്ടുണ്ട്. ആരെയെങ്കിലും പ്രതിയാക്കാൻ ആർത്തു വിളിച്ചാൽ പ്രതിയാക്കാൻ കഴിയില്ല. പ്രതിപക്ഷം ഇത്തരം ആരോപണം ഉന്നയിക്കുന്നത് മുൻകാല അനുഭവത്തിന്റെ പശ്ചാത്തലത്തിലാകാമെന്നും എം ബി രാജേഷ് കൂട്ടിച്ചേർത്തു.

മട്ടന്നൂരിലെ ശിഹാബ് തങ്ങൾ റിലീസ് സെല്ലിന്റെ ഉടമസ്ഥതയിലുള്ള ആംബുലൻസ് ഇതുപോലെ നിരോധിത പുകയില ഉത്പന്നം കടത്തിയിരുന്നു. അതിൽ പ്രതിയായ മുസ്ലിം ലീഗ് നേതാവിനെ അറസ്റ്റ് ചെയ്തു. എന്നുവച്ച് ആ വാഹനത്തിന്റെ ആർ സി നേതാവായ ലീഗ് നേതാവിന്റെ പേരിൽ കേസ് എടുത്തിട്ടുണ്ടോ?. ചിന്തിൻ ശിവിർ പീഡന പരാതിയിൽ നടപടി എടുത്തോയെന്നും എം ബി രാജേഷ് ചോദിച്ചു. മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തിൽ ഒന്നിച്ച് നിൽക്കുമെന്ന് പ്രതിപക്ഷവും പറഞ്ഞിരുന്നു. ജനങ്ങൾ മുഴുവൻ അണി നിരന്നപ്പോൾ അവർക്ക് പേടിയായി. രാഷ്ട്രീയനേട്ടം സർക്കാരിന് കിട്ടുമോ എന്ന പേടിയാണ് പ്രതിപക്ഷത്തിന്. കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടിൽ തന്നെ. പ്രതിപക്ഷത്തിന് രാഷ്ട്രീയ ലാഭത്തിലാണ് കണ്ണെന്നും മന്ത്രി ആരോപിച്ചു.