നിയമസഭയിൽ പ്ലക്കാർഡുകളുമായി പ്രതിപക്ഷ പ്രതിഷേധം; കറുത്ത വസ്ത്രം ധരിച്ച് കോൺഗ്രസ് എംഎൽഎമാർ; അടിയന്തിര പ്രമേയത്തിന് അനുമതി തേടി ഷാഫി പറമ്പിൽ; സഭയിൽ ഇന്നും മാധ്യമ ക്യാമറകൾക്ക് വിലക്ക്; സഭാ ടിവി ഭരണകക്ഷിക്ക് വേണ്ടി മാത്രമുള്ള ചാനലായി മാറിയെന്ന് പ്രതിപക്ഷ നേതാവ്
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: ഇടവേളയ്ക്കു ശേഷം നിയമസഭ ഇന്ന് വീണ്ടും സമ്മേളിച്ചപ്പോൾ പ്രതിപക്ഷ ബഹളം. ചോദ്യോത്തര വേളയിൽ തന്നെ പ്രതിപക്ഷ അംഗങ്ങൾ പ്ലക്കാർഡുകളുമായി പ്രതിഷേധം ഉയർത്തി. നികുതി ഭാരം, മുഖ്യമന്ത്രിയുടെ സുരക്ഷ എന്നിവ ഉയർത്തിയാണ് പ്രതിഷേധവുമായി രംഗത്തുവന്നത്. നികുതി വർധനയ്ക്കെതിരായ സമരത്തെ സർക്കാർ അടിച്ചമർത്തുകയാണെന്നും, ജനങ്ങളെ ബന്ദിയാക്കിയാണ് മുഖ്യമന്ത്രിയുടെ യാത്രയെന്നും പ്രതിപക്ഷം ആരോപിച്ചു.
ഇന്ധന സെസ് പിൻവലിക്കുക, പൊലീസിന്റെ ക്രൂര നടപടികൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുകൊണ്ടുള്ള പ്ലക്കാർഡുകൾ ഉയർത്തിയാണ് പ്രതിഷേധം. സഭയിൽ കറുത്ത വസ്ത്രം ധരിച്ചാണ് പ്രതിപക്ഷത്തെ എംഎൽഎമാരായ ഷാഫി പറമ്പിലും മാത്യു കുഴൽനാടനും ഇന്ന് സഭയിലെത്തിയത്. ചോദ്യോത്തര വേള ചിത്രീകരിക്കാൻ മാധ്യമങ്ങളെ ഇന്നും അനുവദിച്ചില്ല. ഈ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് കഴിഞ്ഞദിവസം കത്തു നൽകിയിരുന്നു.
എറണാകുളത്തു യൂത്ത് കോൺഗ്രസ് മാർച്ചിനെതിരായ പൊലീസ് നടപടിയിൽ അടിയന്തിര പ്രമേയത്തിന് അനുമതി തേടി ഷാഫി ഇന്ന് നോട്ടീസ് നൽകിയിട്ടുണ്ട്. പ്ലക്കാർഡുകളും ബാനറുകളുമായിട്ടാണ് കോൺഗ്രസ് എംഎൽഎമാർ ഇന്ന് സഭയിൽ എത്തിയത്. എന്നാൽ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയതിനാലും സഭാ ടിവി പ്രതിഷേധം സംപ്രേഷണം ചെയ്യാതിരുന്നതിനാലും ഇതൊന്നും പൊതുജനങ്ങൾക്ക് കാണാനാവില്ല. പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിട്ടും നിയമസഭയിൽ മാധ്യമ ്യാമറകൾക്ക് ഇന്നും വിലക്ക് തുടർന്നു. പ്രതിപക്ഷ പ്രതിഷേധം സഭ ടിവി കാണിച്ചതുമില്ല.
ചോദ്യോത്തരവേളയിലടക്കം ഇന്ന് പ്രതിപക്ഷം പ്ലക്കാഡുയർത്തി പ്രതിഷേധിച്ചിരുന്നു. പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങൾ സംപ്രേഷണം ചെയ്യാത്ത സഭാ ടിവിയുടെ നടപടിക്കെതിരെ നേരത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ തന്നെ രംഗത്ത് എത്തിയിരുന്നു. സഭാ ടിവി ഭരണകക്ഷിക്ക് വേണ്ടി മാത്രമുള്ള ചാനലായി മാറിയെന്ന് സതീശൻ കുറ്റപ്പെടുത്തിയിരുന്നു. സഭാ ടിവി ഇങ്ങനെയാണ് മുന്നോട്ട് പോകുന്നതെങ്കിൽ അവരുമായി സഹകരിക്കണമോയെന്നതിൽ പ്രതിപക്ഷത്തിന് പുനരാലോചന നടത്തേണ്ടി വരുമെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം ഇഡി ഇന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ച മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ ഇന്ന് നിയമസഭയിലെത്തി. നിയമസഭ ആരംഭിക്കുന്ന ദിവസമായതിനാൽ ഇന്ന് ചോദ്യം ചെയ്യല്ലിന് ഹാജരാകാൻ സാധിക്കില്ലെന്ന് സിഎം രവീന്ദ്രൻ ഇഡിയെ അറിയിച്ചിരുന്നു. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ സിഎം രവീന്ദ്രന്റെ പ്രതികരണം മാധ്യമങ്ങൾ തേടിയെങ്കിലും അദ്ദേഹം പ്രതികരിക്കാൻ തയ്യാറായില്ല.
മറുനാടന് മലയാളി ബ്യൂറോ