മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തിയിട്ട് അഞ്ച് മാസം; മിത്ത് വിവാദത്തിൽ തികഞ്ഞ മൗനം; നിയമസഭയിൽ പിണറായിയെ കൊണ്ട് 'ഉരിയാടിക്കും' എന്നുറപ്പിച്ചു പ്രതിപക്ഷം; ആഭ്യന്തര വകുപ്പിനെ ചുറ്റിപ്പറ്റിയ വിവാദങ്ങളും മൈക്കിനെതിരെ കേസെടുത്തതും സഭയിലെത്തും; നിയമസഭാ സമ്മേളനം നാളെ തുടങ്ങുമ്പോൾ പ്രതിപക്ഷത്തിന് ആയുധങ്ങളേറെ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: നാളെ മുതൽ നിയമസഭാ സമ്മേളനം തുടങ്ങുമ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനിലേക്കാണ്. വിവാദങ്ങൾ നിറഞ്ഞ ഇക്കാലയളവിൽ മുഖ്യമന്ത്രി പിണറായി വിജയൻ കാര്യമായൊന്നും മിണ്ടിയിട്ടില്ല. മാധ്യമങ്ങളെ കണ്ടിട്ടു തന്നെ അഞ്ച് മാസങ്ങളോളമായി. ഒരുകാലത്ത് ദിവസവും വാർത്തസമ്മേളനം വിളിച്ചിരുന്ന ആ പഴയ പിണറായി അല്ല ഇപ്പോഴത്തേത്. അതിനൊന്നും അദ്ദേഹത്തിന് ഇപ്പോൾ താൽപ്പര്യമില്ല. തനിക്ക് ഇഷ്ടമുള്ളപ്പോൾ പ്രതികരിക്കും എന്നതാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ശൈലി. അതുകൊണ്ട് തന്നെ വിവാദങ്ങളിൽ ഒന്നും മിണ്ടാതിരിക്കുന്ന പിണറായിയെ കൊണ്ട് ഉരിയാടിക്കാൻ തന്നെ തീരുമാനിച്ചാണ് പ്രതിപക്ഷം നാളെ തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിന് എത്തുന്നത്.
12 ദിവസം മാത്രമേ ചേരുന്നുള്ളൂവെങ്കിലും നാളെ തുടങ്ങുന്ന നിയമസഭാ സമ്മേളനം അറിയാൻ കാത്തിരിക്കുന്നത് ഒട്ടേറെ വിവാദ വിഷയങ്ങളിലെ സർക്കാർ നിലപാടാണ്. കഴിഞ്ഞ 6 മാസമായി പൊതുയോഗങ്ങളിൽ പ്രസംഗിക്കുന്നതല്ലാതെ വാർത്താ സമ്മേളനങ്ങളിലോ സംവാദങ്ങളിലോ പങ്കെടുക്കാത്ത മുഖ്യമന്ത്രിയുടെ നിലപാടുകളാണ് ഇതിൽ മുഖ്യം. മിത്ത് വിവാദം, പൊലീസുമായി ബന്ധപ്പെട്ട വിവാദങ്ങൾ, തുടർച്ചയായ ഗുണ്ടാ ആക്രമണങ്ങൾ, സാമ്പത്തിക പ്രതിസന്ധി, മൈക്ക് വിവാദം, ഏക വ്യക്തിനിയമം തുടങ്ങിയവയൊക്കെ നിയമസഭയിൽ അടിയന്തര പ്രമേയങ്ങളായോ ചോദ്യങ്ങളായോ സബ്മിഷനായോ വരും. മിക്ക വിഷയങ്ങളിലും മുഖ്യമന്ത്രിയാണു മറുപടി പറയേണ്ടി വരിക.
മുഖ്യമന്ത്രിയെക്കൊണ്ടു പ്രതികരിപ്പിക്കാനുള്ള വേദി ഇപ്പോൾ നിയമസഭ മാത്രമായിരിക്കുകയാണെന്നാണു പ്രതിപക്ഷത്തിന്റെ ചിന്ത. തുടർച്ചയായി അടിയന്തരപ്രമേയ നോട്ടിസ് സ്പീക്കർ തള്ളുന്നതും പ്രതിപക്ഷ പ്രതിഷേധം സഭാ ടിവി കാണിക്കാത്തതുമടക്കമുള്ള വിഷയങ്ങളാണു കഴിഞ്ഞ നിയമസഭാ സമ്മേളനത്തെ പ്രക്ഷുബ്ധമാക്കിയത്. ഈ രണ്ടു വിഷയങ്ങളിലും പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കുന്ന നിലപാടാണു സ്പീക്കർ ഇക്കുറി സ്വീകരിക്കുക എന്നു വ്യക്തമായിട്ടുണ്ട്.
എന്നാൽ, കോവിഡിനു മുൻപ് ചോദ്യോത്തരവേള പകർത്താൻ മാധ്യമങ്ങൾക്ക് ഒരുക്കിയിരുന്ന സൗകര്യം പുനഃസ്ഥാപിക്കുന്ന കാര്യത്തിൽ സ്പീക്കർ തീരുമാനം എടുത്തിട്ടില്ല. റോഡ് ക്യാമറയും ആലുവയിൽ 5 വയസ്സുകാരി കൊല്ലപ്പെട്ടതും പ്രതിപക്ഷം സഭയിൽ ഉയർത്തും ആഭ്യന്തര വകുപ്പിന് നാഥനില്ലാതായതും പ്രതിപക്ഷ നേതാക്കൾക്കെതിരെ പ്രതികാര ബുദ്ധിയോടെ കേസെടുക്കുന്നതും അടക്കം സഭയിൽ എത്തും.
മിത്ത് വിവാദം എങ്ങനെ നിയമസഭയിൽ അവതരിപ്പിക്കണമെന്ന കാര്യത്തിൽ യുഡിഎഫ് ഇതുവരെ തീരുമാനെടുത്തിട്ടില്ല. സ്പീക്കർ എ.എൻ.ഷംസീറും സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദനും വിവാദം തണുപ്പിക്കാൻ ശ്രമിക്കുന്നതിനാൽ നിയമസഭയിൽ വിഷയം ഉയർത്തിക്കാട്ടേണ്ടതുണ്ടോ എന്ന സംശയം യുഡിഎഫിനുണ്ട്. രാഹുൽ ഗാന്ധിക്ക് അനുകൂലമായ സുപ്രീംകോടതി വിധി കോൺഗ്രസിന്റെ ഊർജം വർധിപ്പിച്ചിട്ടുണ്ട്. ഇതു സഭയിലും പ്രതിഫലിക്കും.
സഹകരണ ബാങ്കുകളുടെ പ്രവർത്തനം കൂടുതൽ സുതാര്യമാക്കുന്നതിനുള്ള കേരള സഹകരണ സംഘം ഭേദഗതി ബില്ലും ഡോ.വന്ദന ദാസ് കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ കൊണ്ടുവന്ന ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ തടയാനുള്ള ബില്ലും അടക്കം ആകെ 19 ബില്ലുകളാണ് അവതരിപ്പിക്കാനായി തയാറായിട്ടുള്ളത്. ഇവയെല്ലാം ഈ സമ്മേളനത്തിൽ പാസാക്കാനാവില്ല.
അതേസമയം സഭയിൽ 53 വർഷം തുടർച്ചയായി എംഎൽഎ ആയി പ്രവർത്തിച്ച ഉമ്മൻ ചാണ്ടിയില്ലാതെയാണു 15ാം കേരള നിയമസഭയുടെ 9ാം സമ്മേളനം നാളെ ആരംഭിക്കുന്നത്. നാളെ ഉമ്മൻ ചാണ്ടിക്കും മുൻ സ്പീക്കർ വക്കം പുരുഷോത്തമനും ചരമോപചാരം അർപ്പിച്ച് സഭ പിരിയും. മുൻനിരയിൽനിന്ന് ഉമ്മൻ ചാണ്ടിയുടെ ഇരിപ്പിടം മാറ്റി സീറ്റുകൾ പുനഃക്രമീകരിക്കും.
സമ്മേളനത്തിന്റെ ആദ്യദിവസത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി സഭ പിരിയും. ഓഗസ്റ്റ് 11, 18 തീയതികൾ അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങൾക്കായാണു വിനിയോഗിക്കുന്നത്. 2023-24 സാമ്പത്തിക വർഷത്തെ ബജറ്റിലെ ഉപധനാഭ്യർത്ഥനകൾ ഓഗസ്റ്റ് 21-ാം തീയതി തിങ്കളാഴ്ചയാണു നിശ്ചയിച്ചിരിക്കുന്നത്. മറ്റു ദിവസങ്ങളിൽ നിയമനിർമ്മാണത്തിനായി മാറ്റിവയ്ക്കപ്പെട്ട സമയങ്ങളിൽ സഭ പരിഗണിക്കേണ്ട ബില്ലുകൾ ഏതൊക്കെയാണെന്നു കാര്യോപദേശക സമിതി ശുപാർശ ചെയ്യും.
മറുനാടന് മലയാളി ബ്യൂറോ