തിരുവനന്തപുരം: ഓണക്കാലമായിട്ടും സപ്ലൈക്കോയിൽ അവശ്യസാധനങ്ങൾ ലഭിക്കുന്നില്ലെന്ന പരാതി ശക്തമാകവേ ഇതേക്കുറിച്ചു പ്രതികരിച്ചു കൊണ്ടാണ് ഇന്ന് പ്രതിപക്ഷം നിയമസഭയിൽ എത്തിയത്. വില കൂടിയിട്ടില്ലെന്ന് സർക്കാർ പറയുകയും ചെയ്യുന്നു. എന്നാൽ വില കൂടിയിട്ടില്ലെന്ന് സർക്കാർ പറയുന്ന നിത്യോപയോഗ സാധനങ്ങൾ സപ്ലൈകോ സ്റ്റോറുകളിൽ ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ഇക്കാര്യം ഒരുമിച്ച് പോയി നോക്കാമെന്ന് സതീശൻ ജി ആർ അനിലിനെ വെല്ലുവിളിച്ചു. സഭ പിരിഞ്ഞ ശേഷം ഒരുമിച്ച് പോകാമെന്ന് പ്രതികരിച്ച മന്ത്രി വെല്ലുവിളി ഏറ്റെടുത്തു.

വിലക്കയറ്റം പിടിച്ചുനിർത്തുന്നതിൽ സർക്കാർ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ധനവകുപ്പും ഭക്ഷ്യവകുപ്പും തമ്മിൽ തർക്കമാണ്. ധനവകുപ്പിനോട് പണം തരണമെന്ന് പറഞ്ഞ് ഭക്ഷ്യമന്ത്രി അവതരിപ്പിക്കേണ്ട അടിയന്തരപ്രമേയമാണിതെന്നും സതീശൻ പറഞ്ഞു. സംസ്ഥാനത്തെ സാധാരണക്കാർ വലിയ പ്രതിസന്ധിയിലാണ്. ഇരുമ്പ്കൂടം കൊണ്ട് തലയ്ക്കടിക്കുകയാണ് സർക്കാർ ചെയ്യുന്നത്. താൻ വാക്കൗട്ട് പ്രസംഗം നടത്തുമ്പോൾ മന്ത്രിമാർ ഇടപെട്ടത് ദൗർഭാഗ്യകരമാണെന്നും സതീശൻ പറഞ്ഞു.

പൊതുവിതരണ രംഗത്ത് കേരളം ഇന്ത്യക്ക് മാതൃകയാണെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ പറഞ്ഞു. വില കയറ്റം രാജ്യവ്യാപകമാണെന്നും കേരളത്തിൽ അത് തടയാനുള്ള ഫലപ്രദമായ നടപടികളാണ് സർക്കാർ എടുത്ത് വരുന്നതെന്നും ഭക്ഷ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. പൊതുവിതരണ രംഗത്ത് കേരളത്തിന് പുറത്ത് മെച്ചപ്പെട്ട ഒരു മാതൃക ചൂണ്ടിക്കാണിക്കാൻ പ്രതിപക്ഷത്തിന് സാധിക്കുമോയെന്നും മന്ത്രി ചോദിച്ചു. വിലകയറ്റം സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി ജി.അനിൽ.

വിലക്കയറ്റത്തിൽ പിസി വിഷ്ണുനാഥാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്. സ്പീക്കർ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. സപ്ലൈകോയിൽ ആവശ്യത്തിന് സാധനങ്ങൾ കിട്ടുന്നില്ലെന്ന് വിഷ്ണുനാഥ് പറഞ്ഞു. വിലകയറ്റം എല്ലാ സീമകളും ലംഘിക്കുമ്പോൾ സർക്കാർ ജനങ്ങളെ നോക്കി പരിഹസിക്കുകയാണ്. മന്ത്രിയും മുഖ്യമന്ത്രിയും പറഞ്ഞ സബ്‌സഡി സാധനങ്ങളൊന്നും സപ്ലൈകോ ഔട്ട്‌ലെറ്റിൽ ഇല്ലെന്നും വിഷ്ണുനാഥ് വ്യക്തമാക്കി. നിയമസഭയുടെ തൊട്ട് സമീപമുള്ള ഔട്ട്‌ലെറ്റിൽ പോയാൽ തന്നെ മന്ത്രിക്ക് കാര്യങ്ങൾ ബോധ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൊതുവിപണിയിൽ വില കൂടുമ്പോൾ സർക്കാർ നോക്കുകുത്തിയായി നിൽക്കുന്നു. കേന്ദ്രം ഇന്ധന വില വർധിപ്പിക്കുമ്പോൾ സംസ്ഥാനം ഇന്ധനസെസ് ഏർപ്പെടുത്തി വീണ്ടും വില കൂട്ടുന്നു. ഓണക്കിറ്റ് എന്നു കൊടുക്കുമെന്ന് സർക്കാരിനു നിശ്ചയമില്ല. സപ്ലൈക്കോയ്ക്ക് 3400 കോടിരൂപ കൊടുക്കാനുണ്ട്. 250 കോടിയാണ് സർക്കാർ കൊടുത്തത്. പാവപ്പെട്ടവർക്ക് ജീവിക്കാനുള്ള അവസരം ഉണ്ടാക്കണമെന്നും പിസി വിഷ്ണുനാഥ് പറഞ്ഞു.

അതിനിടെ പ്രതിപക്ഷ നേതാവിന്റെ വാക്കൗട്ട് പ്രസംഗത്തിൽ ഇടപെടാൻ ധനമന്ത്രി ശ്രമിച്ചതിൽ നിയമസഭയിൽ പ്രതിപക്ഷ ബഹളം. സപ്ലൈകോക്ക് സാധനങ്ങൾ വാങ്ങാൻ ആവശ്യമായ പണം അനുവദിക്കുന്നില്ലെന്നും കെ.എസ്.ആർ.ടി.സിയെ പോലെ സപ്ലൈകോയെ ദയാവധത്തിന് വിടുകയാണെന്നും വി.ഡി സതീശൻ ആരോപിച്ചു.

കെ.എസ്.ആർ.ടി.സിയെ കുറിച്ചുള്ള വി.ഡി സതീശന്റെ പരാമർശത്തിലാണ് ഇടപെടാനാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ ശ്രമിച്ചത്. എന്നാൽ, ധനമന്ത്രിക്ക് വഴങ്ങാൻ പ്രതിപക്ഷ നേതാവ് തയാറായില്ല. അതേസമയം, ഹോർട്ടികോർപിലെ പച്ചക്കറിയുടെ വില സംബന്ധിച്ച് വിശദീകരിക്കാൻ കൃഷിമന്ത്രിയെ പ്രതിപക്ഷ നേതാവ് അനുവദിച്ചു. ഇതിന് പിന്നാലെ മന്ത്രിമാർ വീണ്ടും ഇടപെടാൻ ശ്രമിച്ചതോടെ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധവുമായി നടുത്തളത്തിന്റെ സമീപമെത്തുകയായിരുന്നു.