- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
85 രൂപയ്ക്ക് കെ ചിക്കൻ വാഗ്ദാനം ചെയ്തു; എന്നാൽ 85 രൂപയ്ക്ക് ചിക്കൻ കാൽ പോലും കിട്ടാനില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയമസഭയിൽ ചർച്ചയാക്കി പ്രതിപക്ഷം. കേരളത്തിൽ പച്ചക്കറികൾ, പലവ്യഞ്ജനങ്ങൾ അടക്കമുള്ള അവശ്യ സാധനങ്ങൾക്ക് തീവിലയെന്ന് പ്രതിപക്ഷം നിയമസഭയിൽ ചൂണ്ടിക്കാട്ടി. വിലക്കയറ്റം കൊണ്ട് ജനങ്ങൾ പൊറുതി മുട്ടുകയാണ്. എന്നാൽ വിലക്കയറ്റത്തെക്കുറിച്ച് അറിയാത്തത് സർക്കാരിന് മാത്രമാണെന്നും കോൺഗ്രസിലെ റോജി എം ജോൺ പറഞ്ഞു.
വെണ്ടക്കയും തക്കാളിയുമില്ലാത്ത സാമ്പാറും മുരിങ്ങക്കായ ഇല്ലാത്ത അവിയലും കഴിക്കേണ്ട ദുരവസ്ഥയിലാണ് സാധാരണ മലയാളി കുടുംബം. ഒരു മാസം മുമ്പ് 50-60 രൂപയ്ക്ക് ലഭിച്ചിരുന്ന പച്ചക്കറി കിറ്റ് ഇപ്പോൾ കിട്ടണമെങ്കിൽ നൂറു രുപയിലേറെ കൊടുക്കണം. വരും ദിവസങ്ങളിൽ വില ഇനിയും കൂടുമെന്നാണ് അറിയാൻ കഴിയുന്നത്. ഇതൊന്നും സർക്കാർ മാത്രം അറിഞ്ഞിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.
85 രൂപയ്ക്ക് കെ ചിക്കൻ ഒരു മന്ത്രി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ 85 രൂപയ്ക്ക് ചിക്കൻ കാൽ പോലും കിട്ടില്ല. സാധാരണക്കാർ ഉപയോഗിക്കുന്ന മത്തിയുടെ വില 300 രൂപയിലേറെയായി. വിപണിയിൽ പച്ചക്കറി വില വർധിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് നേരത്തെ കൃഷിമന്ത്രി നിയമസഭയിൽ പറഞ്ഞത്. സപ്ലൈകോയിലെ വിലവർധന ഇപ്പോൾ ജനങ്ങളെ ബാധിക്കുന്നില്ല. കാരണം സപ്ലൈകോയിൽ എന്തെങ്കിലും ഉണ്ടെങ്കിലല്ലേ വിലക്കയറ്റം ബാധിക്കേണ്ടതുള്ളൂ എന്നും റോജി എം ജോൺ പരിഹസിച്ചു. വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
എന്നാൽ വിലക്കയറ്റം ദേശീയ വിഷയമാണെന്നായിരുന്നു ഭക്ഷ്യമന്ത്രി ജി ആർ അനിൽ മറുപടി നൽകിയത്. സർക്കാർ ഇടപെടലിൽ വിലക്കയറ്റം പിടിച്ചു നിർത്തി. ഉത്പാദക സംസ്ഥാനങ്ങളെക്കാൾ കേരളത്തിൽ വിലക്കുറവുണ്ട്. സംസ്ഥാനത്ത് 82-83 ശതമാനം കുടുംബങ്ങൾ പൊതു വിതരണ കേന്ദ്രത്തെ ആശ്രയിച്ച് റേഷൻ വാങ്ങുന്നുണ്ട്. കേരളത്തിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ നൽകാത്തപ്പോഴും സർക്കാർ സാധാരണക്കാരെ ചേർത്തു നിർത്തുകയാണ്. വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ഫലപ്രദമായി ഇടപെടുന്നുണ്ട്. അതിനാൽ ഈ വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യേണ്ടതില്ലെന്നും ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു.
ഫലപ്രദമായ നടപടികളാണ് സർക്കാർ ചെയ്യുന്നതെന്ന് മന്ത്രി വിശദീകരിച്ചു.കൃഷിമന്ത്രിയുമായി കഴിഞ്ഞ ദിവസം യോഗം ചേർന്ന് വിലനിയന്ത്രണത്തിന് ഇടപെടൽ നടത്തുന്നുണ്ട്. കേന്ദ്രത്തിന്റെ കേരള വിരുദ്ധ സമീപനത്തിൽ പ്രതികരിക്കാൻ സർക്കാരിനൊപ്പം പ്രതിപക്ഷം തയ്യാറാകുന്നില്ല.ഭക്ഷ്യധാന്യം പോലും വെട്ടിക്കുറയ്ക്കുകയാണ്.വിലക്കയറ്റത്തിന് കാരണവും വിപണി ഇടപെടിന് തടസവും കേന്ദ്ര ഇടപെടലാണെന്നും മന്ത്രി പറഞ്ഞു.
50 മുതൽ 200 ശതമാനം ആണ് വിലക്കയറ്റമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.വിലക്കയറ്റത്തേയും വിപണി ഇടപെടലിനേയും കുറിച്ച് ചോദിക്കുമ്പോൾ റേഷൻ കടവഴി അരി വിതരണം ചെയ്യുന്നതിനെ കുറിച്ചാണ് മന്ത്രിയുടെ മറുപടി.വിലക്കയറ്റത്തിന് എന്ത് നടപടി എടുത്തു എന്ന ചോദ്യത്തിനാണ് മറുപടി വേണ്ടത്. വിലവർദ്ധനവിന്റെ കണക്ക് എടുത്തത് മാർക്കറ്റിൽ നിന്നാണ്, അത് സർക്കാരിന് അറിയില്ലേ.ഹോർടികോർപിന്റെ വില പല സാധനങ്ങൾക്കും പൊതുവിപണിയേക്കാൾ കൂടുതലാണ്.
വട്ടവടയിൽ നിന്ന് ഇപ്പോ പച്ചക്കറി എടുക്കുന്നുണ്ടോ? കഴിഞ്ഞ ഓണത്തിന് എടുത്ത പച്ചക്കറിയുടെ കാശ് പോലും കിട്ടിയില്ലെന്ന് വട്ടവടയിലെ കർഷകർക്ക് പരാതി ഉണ്ട്.അമ്പതാം വർഷത്തിൽ സപ്ലെയ്‌കോയുടെ അന്തകനാകുകയാണ് സർക്കാർ. വിലക്കയറ്റം പരിഹരിക്കുന്നതിനും ഇടപെടുന്നതിലും സർക്കാറും സർക്കാരിന്റെ എല്ലാ ഏജൻസികളും പരാജയപ്പെട്ടെന്ന് ആരോപിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.