നികുതികളിൽ വർധന വരുത്തി; പെട്രോൾ - ഡീസൽ വില കൂടും; മദ്യത്തിനും വിലവർധന; മോട്ടോർ വാഹന നികുതി കൂട്ടി; ഭൂമിയുടെ ന്യായ വിലയിലും കെട്ടിട നികുതിയിലും വർധന വരുത്തി; ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങൾക്ക് പ്രത്യേക നികുതി; ക്ഷേമ പെൻഷനിൽ വർധനവില്ല; കെ എൻ ബാലഗോപാലിന്റെ ബജറ്റോടെ ജീവിത ചെലവേറും; സാധാരണക്കാരുടെ കരണത്തടിച്ചു ധനമന്ത്രി
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: ഇത്തവണത്തെ ബജറ്റ് ജനകീയ ബജറ്റായിരിക്കുമെന്ന് പറഞ്ഞു കൊണ്ടാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് അവതരണം തുടങ്ങിയത്. എന്നാൽ, ബജറ്റ് അവതരണം പൂർത്തിയായപ്പോൾ ജനങ്ങളിൽ അധികഭാരം അടിച്ചേർപ്പിക്കുന്ന ബജറ്റായി മാറി ഇടതു സർക്കാറിന്റേത്. കേരള സംസ്ഥാന ബജറ്റിൽ നികുതി വർധിപ്പിച്ചതോടെ വില കൂടും. പെട്രോൾ, ഡീസൽ എന്നിവക്ക് 2 രൂപ സെസ് ഏർപ്പെടുത്തിയതോടെ ഇന്ധന വില കൂടും. വിദേശ മദ്യങ്ങൾക്ക് സാമൂഹ്യ സുരക്ഷ സെസ് ഏർപ്പെടുത്തിയിട്ടുണ്ട്. ഇതോടെ മദ്യവിലയിലും വർധന വരും. സംസ്ഥാനത്തെ ഭൂമിയുടെ ന്യായ വില കൂട്ടിയിട്ടുണ്ട്. 20 ശതമാനമാണ് ഭൂമിയുടെ ന്യായ വില വർധിപ്പിച്ചത്. ഫ്ളാറ്റുകളുടെ മുദ്ര വില കൂട്ടയിട്ടുണ്ട്.
സംസ്ഥാനത്തെ മോട്ടോർ വാഹന നികുതി കൂട്ടി. മോട്ടോർ വാഹന നികുതിയിൽ 2% വർദ്ധന ഉണ്ടാകുമെന്ന് ധനമന്ത്രി അറിയിച്ചു. ഇലക്ട്രിക് വാഹനങ്ങളുടെ നികുതി സാധാരണ വാഹങ്ങളെ പോലെ 5 % ആക്കി കുറച്ചു. ഫാൻസി നമ്പർ സെറ്റുകൾ കൂട്ടുമെന്നും ധനമന്ത്രി അറിയിച്ചു. കോൺട്രാക്റ്റ്, സ്റ്റേജ് കാരിയർ വാഹനങ്ങളുടെ നികുതി 10% ആയി കുറച്ചു.
പുതിയതായി വാങ്ങുന്ന 2 ലക്ഷം വില വരുന്ന മോട്ടോർ വാഹനങ്ങളുടെ ഒറ്റ തവണ നികുതിയിൽ 2 ശതമാനം വർദ്ധന വരുത്തി. ഇതിലൂടെ 92 കോടിയുടെ അധിക വരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. പുതുതായി വാങ്ങന്ന മോട്ടോർ കാറുകളുടെയും പ്രൈവറ്റ് ആവശ്യങ്ങൾക്കുപയോഗിക്കുന്ന വാഹനങ്ങളുടെയും നിരക്ക് താഴെ
5 ലക്ഷം വരെ വിലയുള്ള വാഹനങ്ങൾക്ക് 1 ശതമാനം
5 -15 ലക്ഷം : 2 ശതമാനം നികുതി വർധനവ്
15- 20 ലക്ഷം :1 ശമാനം നികുതി വർധനവ്
20 - 30 ലക്ഷം : 1 ശതമാനം വർധനവ്
30 ലക്ഷത്തിന് മുകളിൽ 1 ശതമാനം വർധനവ്.
ഇതിലൂടെ 340 കോടിയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നു. പുതുതായി വാങ്ങുന്ന ഇലക്ട്രിക് മോട്ടോർ ക്യാബ്, ഇലക്ട്രിക് ടൂറിസ്റ്റ് മോട്ടോർ ക്യാബ് എന്നിവയ്ക്ക് നിലവിൽ വാഹന വിലയുടെ 6% മുതൽ 20% വരയെയുള്ള തുകയാണ് ഒറ്റത്തവണ നികുതി വാങ്ങിയിരുന്നത്. ഇത് 5% ആയി കുറച്ചു. ഇത് കൂടാതെ മറ്റ് വിവിധ ഇനങ്ങളിലും വില വർധിക്കും.
ഒഴിഞ്ഞു കിടക്കുന്ന കെട്ടിട്ടങ്ങൾക്കും ഒന്നിലധികം വീടുകൾക്കും പ്രത്യേക നികുതി കൊണ്ട് വരുമെന്ന് ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു. അത് വഴി പ്രതീക്ഷിക്കുന്നത് തദ്ദേശ സ്ഥാപനങ്ങൾക്ക് ആയിരം കോടി അധിക വരുമാനമാണ്. വാണിജ്യ വ്യവസായിക ഉപഭോക്താക്കൾക്ക് വൈദ്യുതി തീരുവ ഏർപ്പെടുത്തും.
ഭൂമിയുടെ ന്യായവില 20 ശതമാനം വർധിപ്പിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി. വിപണിമൂല്യവും ന്യായവിലയും തമ്മിലുള്ള അന്തരം നികത്താനാണ് വില വർധിപ്പിക്കാനുള്ള തീരുമാനമെന്നാണ് വിശദീകരണം. വിവിധ കാരണങ്ങളാൽ വിപണിമൂല്യം വർധിച്ച പ്രദേശങ്ങളിലെ ഭൂമിയുടെ ന്യായവില 30 ശതമാനം വരെ വർധിപ്പിക്കാൻ 2022ൽ ഫിനാൻസ് ആക്ടിലൂടെ നിയമനിർമ്മാണം നടപ്പിലാക്കിയിരുന്നു. ഇതിനായി വിശദമായ പഠനം നടത്തി മാനദണ്ഡം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
റിയൽ എസ്റ്റേറ്റ് മേഖലയിലെ മാന്ദ്യം കണക്കിലെടുത്ത് ഈ മേഖലയ്ക്ക് ഉത്തേജനം നൽകാൻ നടപടികൾ. തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് കെട്ടിട നമ്പർ ലഭിച്ച ആറ് മാസത്തിനകം കൈമാറ്റം ചെയ്യുന്ന ഫ്ളാറ്റ്, അപ്പാർട്ട്മെന്റ് എന്നിവയ്ക്ക് മുദ്രവില അഞ്ച് ശതമാനമായി കുറച്ചിരുന്നു. നിലവിലുള്ള മുദ്രവിലനിരക്കുകൾ കണക്കിലെടുത്ത് അത് ഏഴ് ശതമാനമായി പുതുക്കി നിശ്ചയിച്ചു. ഒരു ആധാരം രജിസ്റ്റർ ചെയ്തതിന് ശേഷം മൂന്ന് മാസത്തിനകമോ ആറ് മാസത്തിനകമോ നടത്തപ്പെടുന്ന തീറാധാരങ്ങൾക്ക് നിലവിലുള്ള അധികമുദ്രവിലകൾ ഒഴിവാക്കും. അതേ സമയം സംസ്ഥാന ബജറ്റിൽ സാമൂഹ്യക്ഷേമ പെൻഷനിൽ വർധനവില്ല. പെൻഷനിൽ വർധനവുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പ്രഖ്യാപനമുണ്ടായില്ല.
കേരളം വളർച്ചയുടെ പാതയിലാണെന്നും ആഭ്യന്തര ഉൽപാദനം കൂടിയതായും ധനമന്ത്രി പറഞ്ഞു. ഇന്ത്യയിലെ തന്നെ ഏറ്റവും കുറവ് വിലക്കയറ്റമുള്ള സംസ്ഥാനമാണ് കേരളം. വിലക്കയറ്റം നേരിടാനുള്ള വിപണി ഇടപെടലിനായി 2000 കോടി രൂപ വകയിരുത്തുന്നതായി മന്ത്രി പറഞ്ഞു. റബ്ബർ സബ്സിഡിക്കുള്ള ബജറ്റ് വിഹിതം 600 കോടിയാക്കി വർധിപ്പിച്ചു. മെയ്ക് ഇൻ കേരളക്കായി ഈ വർഷം 100 കോടി മാറ്റിവെച്ചു. വിഴിഞ്ഞത്ത് വ്യാവസായിക ഇടനാഴിക്ക് സംസ്ഥാന ബജറ്റിൽ 1000 കോടി വകയിരുത്തി.
മറുനാടന് ഡെസ്ക്