പെട്രോളിനും ഡീസലിനും ഒരു ലിറ്ററിന് കൂടുക രണ്ടു രൂപ; ഇന്ധനവില ഏറ്റവും ഉയർന്ന സംസ്ഥാനമായി കേരളം മാറും; 500 രൂപയ്ക്ക് മുകളിലുള്ള വിദേശമദ്യത്തിന് 20 രൂപയും 1000 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 40 രൂപയും വർധിക്കും; സാമൂഹിക സുരക്ഷാ സെസിന്റെ പേർ ജനങ്ങളെ കൊള്ളയടിക്കാൻ ധനമന്ത്രിയുടെ പച്ചക്കൊടി; ഇന്ധന വിലയിലെ വർധനവ് പൊതുവിപണിയിൽ വിലക്കയറ്റം രൂക്ഷമാക്കും
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: വിലക്കയറ്റം ഉണ്ടാകില്ലെന്ന് പറഞ്ഞ് അധികാരത്തിലേറിയ പിണറായി സർക്കാർ ഇക്കാര്യത്തിൽ ജനങ്ങളെ തീർത്തും വഞ്ചിക്കുന്ന വഴികളാണ് കുറച്ചു കാലമായി സ്വീകരിച്ചു കൊണ്ടുവന്നത്. പതിവുപോലെ ഇത്തവണയും മദ്യവും പെട്രോൾ വിലയും ധനമന്ത്രികളുടെ സ്ഥിരം വേട്ടമൃഗങ്ങളായി എന്നു പറയേണ്ടി വരും. കൂടാതെ മറ്റെല്ലാ മേഖലയിലും വർധനവ് ഉണ്ടായിട്ടുണ്ട്. സാമൂഹിക സുരക്ഷാ സെസിന്റെ പേരിലാണ് മദ്യത്തിനും പെട്രോളിന്റെയും ഡീസലിന്റെയും വില വർധിപ്പിക്കുന്നത്.
സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും ലീറ്ററിന് രണ്ട് രൂപ വീതമാണ് വർധിപ്പിച്ചത്. ഇതോടെ മറ്റ് സംസ്ഥാനങ്ങളേക്കാൾ കൂടുതൽ പെട്രോൾ വില കേരളത്തിലാകും. പെട്രോളിനും ഡീസലിനും കർണാടകത്തിൽ അടക്കം ഇപ്പോഴും കേരളത്തിലേക്കാൾ വില കുറവാണ്. ഇതിലേക്കാണ് കേരളം പ്രത്യേകം സെസ് ഏർപ്പെടുത്തുന്നത്. ഇതോടെ രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ എണ്ണവിലയുള്ള സംസ്ഥാനമായി കേരളം മാറും.
നേരത്തെ കേന്ദ്രസർക്കാർ എണ്ണവിലയിൽ സെസിൽ ഇളവു വരുത്തിയെങ്കിലും കേരള സർക്കാർ സംസ്ഥാന നികുതി കുറയ്ക്കാൻ തയ്യാറായിരുന്നില്ല. മാത്രമല്ല, കേന്ദ്രത്തെ വിലവർധനവിന്റെ പേരിൽ കുറ്റപ്പെടുത്തലുകളുമായി രംഗത്തു വരികയും ചെയ്തിരുന്നു. ഇപ്പോഴത്തെ നിലയിൽ കേരളത്തിന്റെ അതിർത്തി സംസ്ഥാനമായ കർണാടകവുമായി താരതമ്യം ചെയ്താൽ പെട്രോളിനും ഡീസലിലും വലിയ വ്യത്യാസം തന്നെയുണ്ടാകും.
എണ്ണവിലയിലെ കേരളം - കർണാടകം താരതമ്യം ചുവടേ
കർണാടകത്തിലെ പെട്രോൾ വില- 101.51രൂപ. കേരളത്തിൽ: 105.89 രൂപ ( രണ്ട് രൂപ സെസ് കൂടി കൂടിയാൽ 107.89 രൂപായി വർധിക്കും).
കർണാടകത്തിലെ ഡീസൽ വില -87.49 രൂപ. കേരളത്തിൽ: 94.84 രൂപ (രണ്ട് രൂപ സെസ് കൂടി കൂട്ടിയാൽ 96.84 രൂപയായി വർധിക്കും)
പെട്രോൾ വിലയിൽ ആറ് രൂപയുടെ വ്യത്യാസം ഉണ്ടാകുമ്പോൾ ഡീസൽ വിലയിൽ ഒമ്പത് രൂപയോളവും വ്യത്യാസം ഉണ്ടാകും.
അതേസമയം എണ്ണവില വർധിക്കുന്നതോടെ കേരളത്തിൽ പൊതുവിപണിയിൽ വിലക്കയറ്റവും ഉണ്ടാകും. ഈ സെസ് വഴി അധികമായി 750 കോടി രൂപ സാമൂഹികസുരക്ഷാ സീഡ് ഫണ്ടിലേക്ക് സമാഹരിക്കാനാണ് കേരളത്തിന്റെ തീരുമാനം.
അതേസമയം മദ്യത്തിന് സാമൂഹിക സുരക്ഷാ സെസും ഏർപ്പെടുത്തിയിട്ടുണ്ട്. 500 രൂപ മുതൽ 999 രൂപവരെ വിലവരുന്ന ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന് ഒരു ബോട്ടിലിന് 20 രൂപയും 1000 രൂപ മുതൽ മുകളിലോട്ട് വിലവരുന്ന മദ്യത്തിന് ബോട്ടിലിന് 40 രൂപയുമാണ് സാമൂഹ്യ സുരക്ഷാ സെസ് ഏർപ്പെടുത്തുന്നത്. 400 കോടി രൂപ ഇതിലൂടെ അധികമായി സമാഹരിക്കാനാണ് നീക്കം.
സാമൂഹിക സുരക്ഷ സെസ് ഏർപ്പെടുത്തുന്നത് ജനങ്ങൾക്ക് പ്രതിസന്ധിയുണ്ടാക്കുന്ന തീരുമാനമാണ്. ഇതിലൂടെ സംസ്ഥാനത്ത് വിലക്കയറ്റമുണ്ടാകുമെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. ഇതു കൂടാതെ മറ്റു പല തീരുമാനങ്ങളും പൊതുജീവിതം തീർത്തും ദുസ്സഹമാക്കുന്നതാണ്. ഭൂമിയുടെ ന്യായവില 20 ശതമാനം കൂട്ടി. വിപണിമൂല്യവും ന്യായവിലയും തമ്മിലുള്ള അന്തരം നികത്താനാണ് വില വർധിപ്പിക്കാനുള്ള തീരുമാനം. വൈദ്യുതി തീരുവ അഞ്ച് ശതമാനം കൂട്ടി. ഫ്ളാറ്റുകൾക്കും അപ്പാർട്ട്മെന്റുകൾക്കും മുദ്രവില രണ്ട് ശതമാനം കൂട്ടി. കെട്ടിട നികുതി വർധിപ്പിക്കുമെന്നും ധനമന്ത്രി അറിയിച്ചു. കെട്ടിട നികുതിക്കൊപ്പം അപേക്ഷാഫീസ്, പരിശോധന ഫീസ്, പെർമിറ്റ് ഫീസ് എന്നിവയും പരിഷ്കരിക്കും.
ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള ഫോസിൽ ഫ്യുവൽ വാഹനങ്ങളുടെ നികുതി വർധിപ്പിച്ചും ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കുറയ്ക്കുമെന്നും ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചു. പുതുതായി വാങ്ങുന്ന രണ്ട് ലക്ഷം രൂപ വരെ വിലയുള്ള മോട്ടോർ സൈക്കിളുകളുടെ നികുതി രണ്ട് ശതമാനം വർധിപ്പിക്കും. പുതുതായി വാങ്ങുന്ന കാറുകളുടെയും സ്വകാര്യ ആവശ്യത്തിനായി വാങ്ങുന്ന മറ്റ് വാഹനങ്ങളുടെയും നികുതിയിലും വർധനവ് വരുത്തിയിട്ടുണ്ട്. അഞ്ച് ലക്ഷം രൂപ വരെ വിലയുള്ള കാറുകളുടെ നികുതിയിൽ ഒരു ശതമാനവും അഞ്ച് ലക്ഷം രൂപ മുതൽ 15 ലക്ഷം രൂപ വരെ വിലയുള്ളവയുടെ നികുതിയിൽ രണ്ട് ശതമാനവും 15 ലക്ഷം മുതൽ 30 ലക്ഷം രൂപ വരെ വിലയുള്ളവയ്ക്ക് ഒരു ശതമാനവും നികുതി വർധിക്കും.
വാഹനങ്ങളുടെ രജിസ്ട്രേഷൻ സമയത്ത് ഈടാക്കുന്ന സെസിൽ ഇരട്ടി വർധനവ് ഏർപ്പെടുത്തി. ഇരുചക്ര വാഹനങ്ങൾക്ക് ഇപ്പോൾ 50 രൂപയാണ് സെസ് ഇത് 100 രൂപയായി ഉയർത്തി. ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് 100 രൂപയിൽ നിന്ന് 200 രൂപയായും മീഡിയോ മോട്ടോർ വാഹനങ്ങൾക്ക് 150 രൂപയിൽ നിന്ന് 300 രൂപയായും ഹെവി വാഹനങ്ങൾക്ക് 250 രൂപയിൽ നിന്ന് 500 രൂപയായും വർധിപ്പിച്ചു. വിലക്കയറ്റ ഭീഷണി നേരിടാൻ ബജറ്റിൽ 2000 കോടി വകയിരുത്തിയിട്ടുണ്ട്. റബർ സബ്സിഡിക്ക് 600 കോടി രൂപയും അനുവദിച്ചു. സാമൂഹ്യസുരക്ഷാ പെൻഷനിലും വർധനവില്ല. ക്ഷേമ പെൻഷൻ 1600 രൂപയായി തുടരും.
കിഫ്ബി വഴി പുതിയ പദ്ധതികളുടെ പ്രഖ്യാപനവും സർക്കാർ നടത്തിയിട്ടില്ല. അടിസ്ഥാന സൗകര്യ വികസനമേഖലയിലും പുതിയ പദ്ധതികളില്ല. കെ.എസ്.ആർ.ടി.സി ഉൾപ്പടെ വൻ പ്രതിസന്ധി അഭിമുഖീകരിക്കുന്ന സ്ഥാപനങ്ങൾക്കും കാര്യമായ നീക്കിയിരിപ്പില്ല. കർശന നടപടികളിലേക്ക് നീങ്ങിയില്ലെങ്കിൽ കേരളത്തിൽ ശ്രീലങ്കയും പാക്കിസ്ഥാനും ആവർത്തിക്കുമെന്നാണ് ധനമന്ത്രിയുടെ വിശദീകരണം. കേരളം വളർച്ചയുടെ പാതയിലാണെന്നും ആഭ്യന്തര ഉൽപാദനം കൂടിയതായും ധനമന്ത്രി ബജറ്റവതരണത്തിന്റെ തുടക്കത്തിൽ പറഞ്ഞു. ഇന്ത്യയിലെ തന്നെ ഏറ്റവും കുറവ് വിലക്കയറ്റമുള്ള സംസ്ഥാനമാണ് കേരളം.
വിലവർധന ഒറ്റനോട്ടത്തിൽ
> അപേക്ഷാ ഫീസ്, പെർമിറ്റ് ഫീസുകൾക്ക് ചെലവേറും
> പണയാധാരങ്ങൾക്ക് 100 രൂപ നിരക്കിൽ സർ ചാർജ്
> ഇലക്ട്രിക് വാഹനം ഒഴികെ എല്ലാ വാഹനങ്ങൾക്കും വില കൂടും
> മദ്യത്തിന് വില 2ം മുതൽ 40 രൂപ വരെ കൂടും, സാമൂഹിക സുരക്ഷാ ഫണ്ടിനായി മദ്യത്തിന് സെസ് പരിഷ്കരിക്കും
> പെട്രോളിനും ഡീസലിനും രണ്ട് വില കൂടും
> ജുഡീഷ്യൽ കോടതി ഫീസുകൾ കൂട്ടി
> വീട് വെയ്ക്കാൻ ചെലവേറും, സ്ഥലം വാങ്ങാൻ കൂടുതൽ ചെലവ്.
> സർക്കാർ സേവന ഫീസുകൾ കൂട്ടി
> വാണിജ്യ വ്യവസായ ആവശ്യത്തിനുള്ള വൈദ്യുതി തീരുവ കൂട്ടി
> ഒഴിഞ്ഞു കിടക്കുന്ന വീടുകൾക്ക് പ്രത്യേക നികുതി
> ഒന്നിലധികം വീടുള്ളവർക്ക് രണ്ടാം വീടിന് പ്രത്യേക നികുതി
> പണയാധാരങ്ങൾക്ക് 100 രൂപ നിരക്കിൽ സർ ചാർജ്
> മൈനിങ് ആൻഡ് ജിയോളജി റോയൽറ്റി തുക കൂടും
> പണി പൂർത്തിയാകാത്ത വീടുകൾക്കുള്ള പരിശോധനാ ഫീസും കൂട്ടി.
മറുനാടന് ഡെസ്ക്