തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌ക്കാരങ്ങൾക്ക് തുടക്കമിടും എന്ന പ്രഖ്യാപനവും ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ ബജറ്റ് പ്രഖ്യാപനത്തിൽ ഉള്ളത്. സ്‌കൂളുകളുടേയും അദ്ധ്യാപകരുടേയും പ്രവർത്തന മികവ് വിലയിരുത്തുമെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി വ്യക്തമാക്കി. ഒരു ജില്ലയിലെ ഒരു സ്‌കൂളിനെ മോഡൽ സ്‌കൂളായി ഉയർത്തുമെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് 1032.62 കോടി രൂപ ബജറ്റിൽ വകയിരുത്തി. സ്‌കൂളുകൾ ഭിന്നശേഷി സൗഹൃദമാക്കാൻ പത്ത് കോടി രൂപ വകയിരുത്തിയതായും മന്ത്രി അറിയിച്ചു.

സാങ്കേതിക ലോകത്തിന് അനുസൃതമായ നൈപുണ്യം കൈവരിക്കുന്നതിനുള്ള പദ്ധതികൾക്കായി 27.5 കോടി, പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പ് വരുത്താൻ 5.15 കോടി, പ്രത്യേ ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്ന പദ്ധതിക്കായി 14.8 കോടി, സ്‌കൂളുകളുടെ ആധുനികവത്കരണത്തിന് 33 കോടി രൂപയും വകയിരുത്തി.

'സ്‌കൂളുകളുടെ അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതിന് വിവിധ പദ്ധതികൾ നടപ്പാക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയും ഒരു സ്‌കൂൾ മോഡൽ സ്‌കൂളായി ഉയർത്തും. സ്‌കൂളുകളുടെ പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ ഗ്രേഡിങ് സംവിധാനം ഏർപ്പെടുത്തും. ആറ് മാസത്തിലൊരിക്കൽ അദ്ധ്യാപകർക്ക് റസിഡൻഷ്യലായി പരിശീലനം നൽകും. പൊതുവിദ്യാഭ്യാസ വകുപ്പിലെ ഡിഡി,ഡഇഒ, എഇഒ, അദ്ധ്യാപകർ എന്നിവരുടെ പെർഫോമൻസും വിലയിരുത്തും. എഐ സാങ്കേതിക വിദ്യയും ഡീപ്ഫെയ്ക്കും അടക്കമുള്ള വെല്ലുവിളികൾ നേരിടാൻ പുതുതലമുറയെ സജ്ജമാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന് ഒരു കോടി രൂപ നീക്കിവെച്ചു' ധനമന്ത്രി പറഞ്ഞു.

സ്‌കൂൾകുട്ടികളുടെ സൗജന്യയൂണിഫോം വിതരണത്തിന് 185.34 കോടി രൂപ അനുവദിച്ചു. ഇത് മുൻവർഷത്തേക്കാൾ 15.34 കോടി രൂപ അധികമാണ്.ഭൗതിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് സംരക്ഷണം നൽകുന്ന സ്ഥാപനങ്ങൾ ധനസഹായം നൽകുന്നതിന് 50 കോടി രൂപ നീക്കിവെച്ചു. കൈറ്റിന്റെ പ്രവർത്തനങ്ങൾക്ക് 38.5 കോടി രൂപ, ഹയർസെക്കണ്ടറി വിദ്യാഭ്യാസ മേഖലയ്ക്ക് 75.2 കോടി രൂപ. ഇതിൽ 52 കോടി രൂപ സർക്കാർ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനാണ്. മാനസിക വെല്ലുവിളി നേരിടുന്നവർക്ക് വേണ്ടി പ്രവർത്തിക്കുന്ന ചാരിറ്റബിൾ സൊസൈറ്റിയായ സിഎച്ച് മുഹമ്മദ് കോയ ഇൻസ്റ്റിറ്റ്യൂട്ടിന് പത്ത് കോടി രൂപ നീക്കിവെച്ചതായും ധനമന്ത്രി ബജറ്റ് അവതരണത്തിൽ പറഞ്ഞു.

വ്യവസായ മേഖലയിൽ കേരളത്തിലെ സ്റ്റാർട്ട് അപ്പ് മെഷിൻ ഇന്ത്യയിൽ തന്നെ ഏറ്റവും മികച്ചവയാണെന്നും 50,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഇതിന് കഴിഞ്ഞിട്ടുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി. കേരള ഉന്നതവിദ്യാഭ്യാസ ഘടനയിൽ ആവശ്യമായ മാറ്റംവരുത്തി സമഗ്രമായ നയപരിപാടികൾ ഈ വർഷം ഏറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിനോദസഞ്ചാരം, ഐടി, ഐടി അധിഷ്ഠിത മേഖലകൾ, സ്റ്റാർട്ട് അപ്പ് എന്നിവ അക്ഷരാർഥത്തിൽ നവകേരളത്തിന്റെ പദ്ധതിവാഹകരാണ്. അന്തരാഷ്ട്ര തലത്തിലുള്ള വൻകിട കമ്പിനികൾ കേരളത്തിൽ അവരുടെ നിർമ്മാണശാലകൾ ആരംഭിക്കാൻ കടന്നുവരുന്നു. കേരളത്തിലെ സ്റ്റാർട്ട് അപ്പ് മെഷിൻ ഇന്ത്യയിൽ തന്നെ ഏറ്റവും മികച്ചവയാണ്. കേന്ദ്ര വാണിജ്യമന്ത്രാലയവും സ്റ്റാർട്ട്അപ്പ് ഇന്ത്യയും സംയുക്തമായി ഏർപ്പെടുത്തിയ ദേശീയ സ്റ്റാർട്ട്അപ്പ് റാങ്കിനെ അടിസ്ഥാനപ്പെടുത്തിയുള്ള 2022ലെ ബെസ്റ്റ് പെർഫോർമർ പുരസ്‌കാരം ലഭിച്ചത് കേരളത്തിനാണ്. കഴിഞ്ഞ മൂന്നുവർഷവും ടോപ് പെർഫോമർ അവാർഡ് കേരളത്തിന് ലഭിച്ചിരുന്നു.

വെൻച്വർ ക്യാപിറ്റൽ ഫണ്ടിങ് വഴി 5,500 കോടി രൂപ സ്റ്റാർട്ട്അപ്പുകളിലേക്ക് നിക്ഷേപമായി സ്വീകരിക്കാനും 50,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സ്റ്റാർട്ട്അപ്പ് മെഷിന് കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റർ ചെയ്ത സ്റ്റാർട്ട്അപ്പുകളുടെ എണ്ണം 5000 കടന്നു. ആഗോള തലത്തിൽ സംരംഭക ആശയങ്ങൾ കൈമുലതായിട്ടുള്ള ആളുകൾക്ക് കേരളത്തിലെ പ്രകൃതിരമണീയമായ സ്ഥലങ്ങളിൽ താമസിച്ച് തൊഴിൽ ചെയ്യുന്നതിന് കേരള സ്റ്റാർട്ട് അപ്പ് മിഷൻ വർക്ക് ബോർഡുകൾ സ്ഥാപിക്കും.

ഇന്ത്യയിൽ നിന്നും പഠിക്കാനായി വിദേശത്ത് പോകുന്ന വിദ്യാർത്ഥികളിൽ നാലു ശതമാനം കേരളത്തിൽ നിന്നാണ്. ലോകോത്തര നിലവാരമുള്ള സ്ഥാപനങ്ങൾ കേരളത്തിൽ സ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. നവകേരളത്തിൽ ലഭിച്ച നിർദ്ദേശങ്ങൾ വ്യക്തമാക്കുന്നുണ്ട്. കേരള ഉന്നതവിദ്യാഭ്യാസ ഘടനയിൽ ആവശ്യമായ മാറ്റങ്ങൾ ഉൾക്കൊള്ളിച്ച് സമഗ്രമായ നയപരിപാടികൾ ഈ വർഷം ഏറ്റെടുക്കും. പ്രവാസികളായ അക്കാദമിക് വിദഗ്ധരെ സംയോജിപ്പിക്കുകയും അവരുടെ വൈദഗ്ധ്യം ഉപയോഗപ്പെടുത്തകയും ചെയ്യും. അക്കാദമിക് വിദഗ്ധരുടെ ടാക്സ് ഫോഴ്സ് രൂപീകരിക്കും.

സംസ്ഥാനത്ത് 16 സ്വകാര്യവ്യവസായ പാർക്കുകൾക്ക് ഡെവലപ്പമെന്റ് പെർമിറ്റ് അനുവദിച്ചുക്കഴിഞ്ഞു. എട്ടെണ്ണം നിലവിൽ സർക്കാറിന്റെ പരിഗണനയിലാണ്. വരുന്ന വർഷം 25 ഓളം പുതിയ സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അനുമതി നൽകാൻ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. 22-23 സാമ്പത്തിക വർഷം സംസ്ഥാന സർക്കാർ സംരംഭകവർഷമായി ആചരിച്ചിരുന്നു. അന്ന് ആരംഭിച്ച 1,39,840 സംരംഭങ്ങളിൽ 21,528 സംരംഭങ്ങൾ ഭക്ഷ്യസംസ്‌കരംരംഗവുമായി ബന്ധപ്പെട്ടവയായിരുന്നു. ഈ മേഖലയിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.