- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗതാഗത വകുപ്പിനുള്ള പ്രഖ്യാപനങ്ങളിൽ നിറഞ്ഞത് ഗണേശ് സ്റ്റൈൽ; കെഎസ്ആർടിസിക്ക് 128.54 കോടി രൂപ അനുവദിച്ചു; ബിഎസ് 6 ഡീസൽ ബസുകൾ വാങ്ങുന്നതിന് 92 കോടി രൂപയും വകയിരുത്തി; ഉൾനാടൻ ജലഗതാഗതമേഖലയ്ക്ക് 130.32 കോടി രൂപയും ബജറ്റിൽ പ്രഖ്യാപനം
തിരുവനന്തപുരം: ഗതാഗത മന്ത്രി ഗണേശ്‌കുമാറിന്റെ ആവശ്യത്തെ അംഗീകരിച്ചു കൊണ്ടാണ് ബജറ്റിലെ ധനമന്ത്രിയുടെ പ്രഖ്യാപനങ്ങൾ. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആർടിസിക്ക് വിവിധ പ്രവർത്തനങ്ങൾക്കായി പദ്ധതി ഇനത്തിൽ 128.54 കോടി അനുവദിച്ച് ബജറ്റ് പ്രഖ്യാപനം. കൂടുതൽ പരിസ്ഥിതി സൗഹൃദമായ ബിഎസ് 6 ഡീസൽ ബസുകൾ വാങ്ങുന്നതിനായി 92 കോടി രൂപ വകയിരുത്തുന്നതായി ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രഖ്യാപിച്ചു. ഡീസൽ ബസുകളാണ് ലാഭകരമെന്ന് ഗണേശ് കുമാർ അഭിപ്രായപ്പെട്ടിരുന്നു. ഇത് അനുസരിച്ചാണ് ഇപ്പോഴത്തെ പ്രഖ്യാപനങ്ങൾ.
ഗതാഗതമേഖലയിൽ സമഗ്രമായ പരിഷ്‌കാരങ്ങളാണ് സർക്കാർ നടപ്പാക്കിയിട്ടുള്ളത്. ഇടതു സർക്കാർ അധികാരത്തിൽ വന്നശേഷം കെഎസ്ആർടിസിക്ക് അനുവദിച്ചിട്ടുള്ള ധനസഹായത്തിൽ വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്. യുഡിഎഫ് കാലത്ത് കെഎസ്ആർടിസിക്ക് 1463.86 കോടി അനുവദിച്ച സ്ഥാനത്ത് എൽഡിഎഫ് സർക്കാർ 2016-21 കാലത്ത് 5002.13 കോടി രൂപയാണ് അനുവദിച്ചത്.
രണ്ടാം പിണറായി സർക്കാർ മൂന്നുവർഷത്തിനിടെ 4917.92 കോടി രൂപ അനുവദിച്ചിട്ടുണ്ട്. മോട്ടോർവാഹന വകുപ്പിന് 32.52 കോടി രൂപ വകയിരുത്തുന്നതായും മന്ത്രി ബാലഗോപാൽ പ്രസ്താവിച്ചു. ചെക്പോസ്റ്റുകൾ ആധുനിക വത്കരിക്കുന്നതിനായി 5.2 കോടി രൂപ വകയിരുത്തി. ഉൾനാടൻ ജലഗതാഗതമേഖലയ്ക്ക് 130.32 കോടി രൂപ നീക്കിവച്ചു.
ജലഗതാഗത വകുപ്പിന് വകയിരുത്തിയ തുകയിൽ 22.3 കോടി രൂപ ഉയർന്ന സുരക്ഷയും ഇന്ധനക്ഷമതയുമുള്ള പുതിയ ബോട്ടുകൾ വാങ്ങുന്നതിനും ഫെറി സർവീസുകൾ മെച്ചപ്പെടുത്തുന്നതിനുമുള്ള വിഹിതമാണ്. കൊല്ലം-അഷ്ടമുടി, ആലപ്പുഴ വേമ്പനാട് കായൽ ടൂറിസം പദ്ധതി എന്നിവയ്ക്ക് രണ്ട് സോളാർ ബോട്ടുകൾ വാങ്ങുന്നതിനായി 5 കോടി രൂപ വകയിരുത്തുന്നതായി ധനമന്ത്രി പറഞ്ഞു.
അതേസമയം കെ റെയിൽ പദ്ധതി നടപ്പാക്കാൻ ശ്രമം തുടരുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരളത്തെ മെഡിക്കൽ ഹബ്ബാക്കി മാറ്റും. 25 പുതിയ സ്വകാര്യ വ്യവസായ പാർക്കുകൾ ആരംഭിക്കും. സ്വകാര്യ പങ്കാളിത്തത്തോടെ ടൂറിസം കേന്ദ്രങ്ങളെ വികസിപ്പിക്കും. ടൂറിസം മേഖലയിൽ 5000 കോടിയുടെ നിക്ഷേപം ആകർഷിക്കുമെന്നും ധനമന്ത്രി നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിൽ പ്രഖ്യാപിച്ചു.
വിഴിഞ്ഞം ഈ വർഷം മെയ് മാസം പ്രവർത്തനം ആരംഭിക്കും. വിഴിഞ്ഞത്ത് 1000 കോടി യുടെ വികസനം നടപ്പാക്കും. കൂടുതൽ സ്വകാര്യ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായി വിഴിഞ്ഞത്ത് മാരിടൈം ഉച്ചകോടി നടത്തും. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതൽ പിന്തുണ നൽകും. ഡിജിറ്റൽ സർവകലാശാലയ്ക്ക് 250 കോടി രൂപ അനുവദിച്ചു. വായ്പ എടുക്കാൻ ഡിജിറ്റൽ സർവകലാശാലയ്ക്ക് അനുമതി നൽകിയതായും ധനമന്ത്രി പ്രഖ്യാപിച്ചു.
മറുനാടന് മലയാളി ബ്യൂറോ