അസാധാരണ നടപടിയുമായി അമ്പരപ്പിച്ചു ഗവർണർ; നയപ്രഖ്യാപന പ്രസംഗം ഒരു മിനിറ്റിൽ അവസാനിപ്പിച്ചു; ആരിഫ് മുഹമ്മദ് ഖാൻ വായിച്ചത് നയപ്രഖ്യാപനത്തിലെ അവസാന പാരഗ്രാഫ് മാത്രം; അനുഗമിക്കാൻ മുഖ്യമന്ത്രി എത്തുന്നത് കാത്തു നിൽക്കാതെ നിയമസഭയിൽ നിന്നും അതിവേഗം മടങ്ങി; ഗവർണർ സർക്കാറുമായി ഉടക്കിൽ തന്നെ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാറിന്റെ മൂന്നാം ബജറ്റിന് മുന്നോടിയായുള്ള നയപ്രഖ്യാപന പ്രസംഗത്തിൽ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഒരുപോലെ അമ്പരപ്പിച്ചു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമസഭയിൽ എത്തി നയപ്രഖ്യാപന പ്രസംഗം ഒരു മിനിറ്റിൽ വായിച്ചു നിർത്തി ഗവർണർ മടങ്ങി. നയപ്രഖ്യാപനത്തിലെ അവസാന പാരഗ്രാഫ് മാത്രമാണ് സഭാംഗങ്ങളെ അഭിസംബോധന ചെയ്ത ശേഷം ആരിഫ് മുഹമ്മദ് ഖാൻ വായിച്ചത് വായിച്ചത്. ഇതിന് ശേഷം നയപ്രഖ്യാപനം അവസാനിപ്പിച്ചതായി പറയുകയും തുടർന്ന് ദേശീയഗാനം മുഴുങ്ങുകയും ചെയ്തു.
ഇതോടെ ഗവർണർ നിയമസഭയിൽ നിന്നും അതിവേഗം മടങ്ങുകയാണ് ഉണ്ടായത്. ഔപദചാരികതയുടെ ഭാഗമാായി ഗവർണറെ അനുഗമിക്കാൻ മുഖ്യമന്ത്രി എത്തുന്നത് കാത്തു നിൽക്കാതെ നിയമസഭയിൽ നിന്നും അതിവേഗം മടങ്ങുകയും ചെയ്തു അദ്ദേഹം. ഗവർണറുടെ അസാധാരണ നടപടിയിൽ സ്പീക്കർ അടക്കമുള്ളവരിൽ അമ്പരപ്പ് പ്രകടമായിരുന്നു.
നേരത്തെ രാജ്ഭവനിൽ നിന്ന് നിയമസഭയിലെത്തിയ ഗവർണറെ മുഖ്യമന്ത്രിയും സ്പീക്കറും ചേർന്നാണ് സ്വീകരിച്ചത്. പൂച്ചെണ്ട് നൽകിയാണ് മുഖ്യമന്ത്രി വരവേറ്റതെങ്കിലും ഗവർണർ മുഖത്ത് നോക്കി ചിരിക്കാനോ കൈ കൊടുക്കാനോ നിന്നില്ല. തുടർന്ന് വേഗത്തിൽ സ്പീക്കറുടെ ഡയസിലേക്കെത്തി. ദേശീയ ഗാനം ആലപിച്ചതിന് പിന്നാലെ പ്രതിപക്ഷ നിരയിൽനിന്ന് എല്ലാം ഒത്തുതീർപ്പാക്കിയോ എന്നതടക്കമുള്ള ചോദ്യങ്ങളുയർന്നു.
നയപ്രഖ്യാപന പ്രസംഗത്തിനായി ഗവർണർ എണീറ്റപ്പോഴായിരുന്നു ഇത്. തുടർന്ന് ഗൗരവ ഭാവത്തോടെ പ്രതിപക്ഷ ഭാഗത്തേക്ക് നോക്കിയ ഗവർണർ ആമുഖമായി കുറച്ച് വാചകങ്ങൾ പറയുകയും താൻ അവസാന ഖണ്ഡിക വായിക്കുകയാണെന്ന് അറിയിക്കുകയും ചെയ്തു. അവസാന ഖണ്ഡിക വായിച്ച ഉടൻ തന്നെ ഗവർണർ നിയമസഭ വിട്ടിറങ്ങുകയും ചെയ്തു. നയപ്രഖ്യാപന പ്രസംഗത്തിന്റെ തുടക്കവും ഒടുക്കവും മാത്രം വായിച്ച ഗവർണറുടെ അസാധാരണ നീക്കം കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യ സംഭവമായിരുന്നു.
ആമുഖമായി ഒരു വരിയും അവസാന ഒരു പാരഗ്രാഫും മാത്രമാണ് നയപ്രഖ്യാപനത്തിന്റെ ഭാഗമായി നിയമസഭയിൽ ഗവർണർ വായിച്ചത്.
കേരള നിയമസഭയിൽ നയപ്രഖ്യാപന നടത്തുക എന്നത് തന്റെ വിശേഷാധികാരമാണെന്ന് ഗവർണർ വ്യക്തമാക്കി.'രാജ്യത്തെ സഹകരണ ഫെഡറലിസവും മതേതരത്വവും സാമൂഹ്യ നീതിയും നിലനിർത്തി രാജ്യത്തെ വെല്ലുവിളികൾ അതിജീവിച്ച് മുന്നോട്ടു പോകാൻ കഴിയണമെന്ന' ഭാഗമാണ് ഗവർണർ അവസാനമായി വായിച്ചത്.
പ്രസംഗം ഒരു മിനിറ്റിൽ അവസാനിപ്പിച്ചതോടെ സ്പീക്കർ ഗവർണറെയും ഭരണ, പ്രതിപക്ഷ ബെഞ്ചുകളെയും ആശ്ചര്യത്തോടെ നോക്കുകയും ചെയ്തു. ആരിഫ് മുഹമ്മദ് ഖാൻ ഉടക്കിൽ തന്നെ തുടരുന്നു എന്ന സൂചനയാണ് നയപ്രഖ്യാപനത്തിലൂടെ വ്യക്തമായത്. പുറത്തിറങ്ങിയ ശേഷം ഗവർണർ മാധ്യമങ്ങളോട് പ്രതികരിച്ചില്ല.
ഗവർണർ എന്റെ സർക്കാർ എന്നു പോലും പറയാൻ തയ്യാറായില്ലെന്നും അതുകൊണ്ട് തന്നെ നയുപ്രഖ്യാപനം ഔദ്യോഗികം അല്ലെന്നുമാണ് പ്രതിപക്ഷ എംഎൽഎമാർ പറയുന്നത്. ജനാധിപത്യത്തെ പ്രഹസനമാക്കുകയാണ് ഗവർണർ ചെയതതെന്ന് പ്രതിപപക്ഷ എംഎൽഎ സണ്ണി ജോസഫ് പറഞ്ഞു. നയപ്രഖ്യാപനം വായിച്ചിരുന്നെങ്കിൽ അത് ജനങ്ങൾക്ക് കേൾക്കാനും സാധിക്കുമായിരുന്നു എന്നാണ് സണ്ണി ജോസഫ് വ്യക്തമാക്കിയത്.
അതേസമയം, ജനുവരി 29, 30, 31 തീയതികളിൽ ഗവർണറുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചക്കു ശേഷം ഫെബ്രുവരി അഞ്ചിന് പുതിയ സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കും. മാർച്ച് 27 വരെ ആകെ 32 ദിവസമാണ് സമ്മേളനം. ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടായാൽ നേരത്തേ പിരിയാനും സാധ്യതയുണ്ട്. 2024ലെ കേരള സംസ്ഥാന ചരക്കുസേവന നികുതി (ഭേദഗതി) ബിൽ, 2024ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബിൽ, 2024ലെ കേരള പഞ്ചായത്തീരാജ് (ഭേദഗതി) ബിൽ എന്നിവയാണ് സമ്മേളന കാലത്ത് പരിഗണിക്കാനിടയുള്ള പ്രധാന ബില്ലുകൾ.
മറുനാടന് മലയാളി ബ്യൂറോ