തിരുവനന്തപുരം: ടൂറിസം വികസന കാര്യത്തിൽ കുതിപ്പിന് ഒരുങ്ങാൻ കേരളം. ഇന്ത്യയിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രമാകാൻ കേരളത്തിന് കഴിയുമെന്ന് മന്ത്രി ബജറ്റ് പ്രഖ്യാപനത്തിൽ പറഞ്ഞു. ടൂറിസം വികസത്തിന് 500 കോടി രൂപ അനുവദിക്കും. ഇക്കോ ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കാൻ നയം ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ടൂറിസം പ്രോത്സാഹിപ്പിക്കും. വിപുലമായ കൺവെൻഷൻ സെന്ററുകൾ സ്ഥാപിക്കാൻ നയം. സ്വകാര്യ പങ്കാളിത്തത്തോടെ പ്രാദേശിക ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കും- ധനമന്ത്രി പറഞ്ഞു.

ആദിവാസി മേഖലകളിൽ സോളാർ വൈദ്യുതി എത്തിക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തിലുണ്ട്. വിദൂര ആദിവാസി ഊരുകളിൽ സോളാർ വൈദ്യുതി എത്തിക്കാൻ 3.2 കോടിയും ബജറ്റിൽ വകയിരുത്തി. കുട്ടനാട് വികസനത്തിനായി 100 കോടിയും ബജറ്റിൽ വകയിരുത്തി. കുളങ്ങളും കായലുകളും സംരക്ഷിക്കുന്നതിന് 7 കോടി രൂപയും ബജറ്റിൽ മാറ്റിവച്ചു.

ആലപ്പുഴ ജില്ലയിലെ വെള്ളപ്പൊക്ക നിവാരണത്തിന് 72 കോടി രൂപയും ബജറ്റിൽ അനുവദിച്ചു. ഇടുക്കി അണക്കെട്ടിന് ലേസർ ഷോക്കായി ആദ്യ ഗഡുവായി 5 കോടി അനുവദിക്കും. പുതിയ ജല വൈദ്യുത പദ്ധതികളുടെ പഠനത്തിന് 15 കോടി രൂപയും അനുവദിക്കും.

സംസ്ഥാനത്തെ മെഡിക്കൽ ഹബ്ബാക്കി കേരളത്തെ മാറ്റും. വിഴിഞ്ഞം ഈ വർഷം മെയ്‌ മാസം പ്രവർത്തനം ആരംഭിക്കും. കേന്ദ്രത്തിന്റെ ശത്രുതാപരമായ സമീപനം. കേന്ദ്ര സമീപനം സമ്പത്തിക ഉപരോധത്തിലേക്ക് തള്ളിവിടുന്നു. കേരളത്തെ തകർക്കാൻ കഴിയില്ല. കെ റെയിൽ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമം തുടരുമെന്നും ധനമന്ത്രി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതൽ പിന്തുണ നൽകും. ഡിജിറ്റൽ സർവകലാശാലയ്ക്ക് 250 കോടി രൂപ. വായ്പ എടുക്കാൻ ഡിജിറ്റൽ സർവകലാശാലയ്ക്ക് അനുമതി. ഡിജിറ്റൽ സർവകലാശാലയിൽനിന്ന് ബിരുദം മികച്ചനിലയിൽ നേടുന്നവർക്ക് ഓക്‌സ്ഫഡ് സർവകലാശാലയിൽ പിഎച്ച്ഡിക്ക് അവസരം.

കേന്ദ്രത്തോടുള്ള അവഗണന തുടരുകയാണെങ്കിൽ സംസ്ഥാനം പ്ലാൻ ബിയെ കുറിച്ച് ആലോചിക്കണമെന്നു മന്ത്രി പറഞ്ഞു. ജനങ്ങൾക്ക് നൽകുന്ന ആനുകൂല്യങ്ങൾ വെട്ടിക്കുറക്കാൻ സർക്കാറിന് ഉദ്ദേശമില്ല. വികസന പ്രവർത്തനങ്ങളിൽ നിന്ന് പിന്നോട്ടു പോകാനാവില്ല. പൊതു സ്വകാര്യ മൂലധനം ഉറപ്പാക്കാനുള്ള പദ്ധതികൾ കൊണ്ടു വരും. അടുത്ത മൂന്ന് വർഷത്തിൽ മൂന്ന് ലക്ഷം കോടിയുടെ നിക്ഷേപം കൊണ്ടുവരുമെന്നും ധനമന്ത്രി വ്യക്തമാക്കി.