- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫലസ്തീൻ-ഗസ്സ, യുക്രൈൻ-റഷ്യ യുദ്ധം രൂക്ഷമായാൽ നമ്മൾ തളരും; പോരാത്തതിന് കേന്ദ്ര പ്രതികാരവും; ലോക സമാധാനത്തിന് കഴിഞ്ഞ തവണ രണ്ട് കോടി പ്രഖ്യാപിച്ച ബാലഗോപാൽ സാമ്പത്തിക പ്രതിസന്ധിയിൽ ചർച്ചയാക്കുന്നതും 'യുദ്ധം'! സാമ്പത്തിക തകർച്ചയിൽ മലയാളിക്ക് മുമ്പിൽ ആഗോള കാരണം വിളമ്പുമ്പോൾ
തിരുവനന്തപുരം: കേരളത്തെ തകർക്കുന്ന സാമ്പത്തിക മാനേജ്‌മെന്റിലെ കെടുകാര്യസ്ഥതയാണെന്ന വാദം തള്ളുകയാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ. കഴിഞ്ഞ ബജറ്റിൽ ലോക സമാധാനത്തിന് രണ്ടു കോടി പ്രഖ്യാപിച്ചിരുന്നു. അത്തരം പ്രഖ്യാപനങ്ങൾ ഇത്തവണ ഉണ്ടായില്ല. ഇതിനൊപ്പമാണ് ആഗോള യുദ്ധമാണ് കേരളത്തിന്റെ സാമ്പത്തികത്തെ തകർത്തതെന്ന വിശദീകരണം മന്ത്രി നൽകുന്നത്. കേന്ദ്രവും ആഗോള പ്രശ്‌നവും കേരളത്തിന് പ്രതിസന്ധിയായെന്ന് മന്ത്രി പറയുന്നു.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവാൻ കാരണം ഫലസ്തീൻ, യുക്രൈൻ യുദ്ധങ്ങളും കേന്ദ്ര സർക്കാരുമാണെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. കേന്ദ്രത്തിന്റെ കടുത്ത അവഗണന അതിന്റെ പാരമ്യത്തിലാണെന്നും പ്ലാൻ ബി ആലോചിക്കുന്നുവെന്നും ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി പറഞ്ഞു. ഇത്തവണ ബജറ്റ് തയ്യാറാക്കിയിരിക്കുന്നത് ഫലസ്തീൻ, യുക്രൈൻ യുദ്ധങ്ങൾ രൂക്ഷമാവില്ല എന്നുള്ള പ്രതീക്ഷയിലാണെന്നും അദ്ദേഹം പറഞ്ഞു. യുദ്ധങ്ങൾ പിന്നെയും തുടർന്നാൽ സാമ്പത്തിക പ്രതിസന്ധി പിന്നെയും രുക്ഷമാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുദ്ധവും മാന്ദ്യവും രൂക്ഷമാവുകയാണെങ്കിൽ ആഗോള അനിശ്ചിതത്വവും നേരിടാൻ ആഭ്യന്തര തലത്തിൽ ബദൽ മാർഗങ്ങൾ തേടും. ഇതിനുവേണ്ടി സമഗ്ര പരിപാടി തയ്യാറാക്കുമെന്നും ധനമന്ത്രി പറഞ്ഞു.
വികസന ക്ഷേമ പ്രവർത്തനങ്ങളിൽ നിന്നും പുറകോട്ട് പോകില്ല. എന്ത് വില കൊടുത്തും വികസന ക്ഷേമ പ്രവർത്തനങ്ങൾ തുടരും. കേന്ദ്രം അവഗണിക്കുന്നുവെന്ന് പ്രതിപക്ഷവും അംഗീകരിക്കുന്നു. ഇത് സ്വാഗതാർഹമാണ്. ഇത് പാർലമെന്റിൽ ഉന്നയിക്കുമെന്ന് അവർ പറയുന്നു. സർക്കാരിനൊപ്പം അല്ലെങ്കിലും സ്വന്തം നിലയ്ക്ക് എങ്കിലും സമരത്തിന് പ്രതിപക്ഷം തയാറാകാണം. സംസ്ഥാനത്തിന്റെ ലക്ഷ്യം നവകേരള സൃഷ്ടിയാണ്. ടൂറിസം വിവര സാങ്കേതിക മേഖലകളിൽ പോരായ്കമകൾ പരിഹരിക്കുമെന്നും ധനമന്ത്രി വിശദീകരിക്കുന്നു.
ലോകത്ത് യൂദ്ധവും മാന്ദ്യവും പുരോഗമിക്കുന്ന മുറയ്ക്ക് ഈ പ്രശ്‌നം കേരളത്തെയും ബാധിക്കും. ആഗോള രംഗത്തെ തിരിച്ചടി നേരിടാൻ നമുക്ക് ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കണം. അതിനുള്ള ശ്രമങ്ങൾ നടത്തുമെന്നും ധനമന്ത്രി വിശദീകരിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന പ്രസ്താവനയുടെ മറവിൽ കേരളത്തിലൊന്നും നടക്കുന്നില്ലെന്നും സംസ്ഥാനം പാപ്പരായിപ്പോയെന്നുമുള്ള പ്രചാരണങ്ങൾ ദുരുപദിഷ്ടമാണെന്ന് ധനമന്ത്രി പറയുന്നു. ''ട്രഷറി മുഴുവൻ പ്രവർത്തന സജ്ജവും സജീവവുമാണ്. ട്രഷറിയുടെ പ്രവർത്തന നിരതയുടെ അളവുകോലെന്താണ്? വരവും ചെലവും നല്ല നിലയിൽ വർദ്ധിക്കുന്നുണ്ടോ എന്നല്ലേ നോക്കേണ്ടത്. വരവിലും ചെലവിലും എല്ലാം പൂർവകാല റെക്കോർഡുകളെയും തകർത്തുകൊണ്ടാണ് ട്രഷറി പ്രവർത്തിക്കുന്നത്''- ധനമന്ത്രി പറഞ്ഞു
''2020-21ൽ സംസ്ഥാനത്തിന്റെ മൊത്തം ചെലവ് 1,38,884 കോടി രൂപ ആയിരുന്നു. 2022-23ൽ അത് 1,58,738 കോടി രൂപയായി ഉയർന്നു. ഈ വർഷം അവസാനം ആകുമ്പോഴേക്കും അത് 1,68,407 കോടി രൂപയായി ഉയരുമെന്ന് കണക്കാക്കുന്നു. ഏകദേശം 30,000 കോടി രൂപയുടെ വർധനവാണ് മൂന്ന് വർഷത്തിനിടെ ഉണ്ടായിരിക്കുന്നത്. എന്നാൽ ന്യായമായ ഒരു ചെലവും വെട്ടിക്കുറക്കാൻ സർക്കാർ തയ്യാറായിട്ടില്ല. വികസന ക്ഷേമ ചെലവുകൾ നടത്താതിരുന്നാൽ ഒരു ധനപ്രതിസന്ധിയും ഉണ്ടാകില്ല. അങ്ങനെയാണ് പല സംസ്ഥാനങ്ങളും ചെയ്യുന്നത്. കേരള സർക്കാറിന്റെ സമീപനം ചെലവുത്താരവാദിത്വങ്ങളിൽ നിന്നും ഒളിച്ചോടലല്ല''- മന്ത്രി വ്യക്തമാക്കി.
ഇക്കാര്യം പറയുമ്പോൾ പണം ധൂർത്തടിക്കുകയാണെന്ന വിമർശനം ഉന്നയിക്കാൻ പ്രതിപക്ഷം തയ്യാറാകും. എന്നാൽ ഇക്കാര്യത്തിൽ ഞങ്ങളൊരു തുറന്ന ചർച്ചക്ക് തയ്യാറാണെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിമാരുടെ എണ്ണം, ചെലവ് വിദേശ യാത്ര എന്നിവയെല്ലാം യുഡിഎഫ് കാലവുമായോ മറ്റ് സംസ്ഥാനങ്ങളുമായോ താരതമ്യം ചെയ്ത് പരിശോധിക്കാമെന്നും അത്തരം ആരോപണങ്ങൾക്കൊന്നും യാതൊരു അടിസ്ഥാനവുമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ