- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭൂമിയുടെ ന്യായവില പരിഷ്കരിക്കും; ഫ്ളാറ്റിലെ താമസക്കാർക്കും ഭൂനികുതി ഏർപ്പെടുത്തി
തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂമിയുടെ ന്യായവില വർധിപ്പിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. ഭൂമി വിലയിലുണ്ടായ വർധനവിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ന്യായവില പരിഷ്കരിക്കാനാണ് നീക്കം. ഇതോടൊപ്പം ഓരോ വസ്തുവിന്റെയും ഉപയോഗക്രമമനുസരിച്ചുള്ള ഭൂനികുതി നിർണയിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്നുമാണ് പ്രഖ്യാപനം. സംസ്ഥാനത്തെ ഫ്ളാറ്റുകൾ നിൽക്കുന്ന ഭൂമിയിലെ വിഭജിക്കപ്പെടാത്ത അവകാശത്തിന് ഉടമസ്ഥതയുടെ അടിസ്ഥാനത്തിൽ വ്യക്തിഗതമായി ഭൂനികുതി നിരക്കുകൾ ഏർപ്പെടുത്തുമെന്നും സംസ്ഥാന ബജറ്റിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.
2010ലാണ് സംസ്ഥാനത്തെ ഭൂമിയുടെ ന്യായവില അവസാനമായി പരിഷ്കരിച്ചത്. അതിനുശേഷം ഭൂമി വിലയിലുണ്ടായ വർധനവിന്റെ അടിസ്ഥാനത്തിൽ കുറ്റമറ്റരീതിയിൽ ന്യായവില പരിഷ്കരിക്കാനുള്ള നടപടികൾ സ്വീകരിക്കും. മൂല്യനിർണയ സാക്ഷ്യപത്രങ്ങളിൽ കെട്ടിടത്തിന്റെ വിലകുറച്ച് കാണിച്ചുണ്ടാകുന്ന നികുതി ചോർച്ച തടയുന്നതിനായി കെട്ടിടത്തിന്റെ മൂല്യം കണക്കാക്കാനുള്ള നടപടികളും സ്വീകരിക്കും.
ആധാരത്തിന്റെ രജിസ്ട്രേഷൻ സമയത്ത് ഈ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി നിശ്ചിയിക്കപ്പെട്ട വിലയിൽ കുറയാത്ത തുകയ്ക്ക് സ്റ്റാബ് ഡ്യൂട്ടി അടച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനും പുതുക്കിയ മാർഗനിർദ്ദേശം പുറപ്പെടുവിക്കുന്നതിനും 1960ലെ മുദ്രപത്ര ചട്ടങ്ങളിലാവശ്യമായ ഭേദഗതി വരുത്തും. 500 ചതുരശ്ര അടിയിൽ കുറഞ്ഞ വിസ്തീർണമുള്ള പാർപ്പിട ഉദ്ദേശമുള്ള കെട്ടിടങ്ങൾ, ഓല, റൂഫിങ് ഷീറ്റ് എന്നിവകൊണ്ട് മേൽക്കൂര മേഞ്ഞ ഒറ്റനില കെട്ടിടങ്ങൾ എന്നിവയെ ഈ മൂല്യനിർണയ സാക്ഷ്യപത്രത്തിൽ നിന്നും ഒഴിവാക്കും.
പാട്ടക്കുടിശ്ശിക പിരിച്ചെടുക്കുന്നതിനായി ആംനസ്റ്റി സ്കീം കൊണ്ടുവരും. ഇതുവഴി കുടിശ്ശിക തീർക്കുന്നവർക്ക് പുതുക്കിയ പാട്ടപ്രകാരം താഴ്ന്ന നിരക്കിൽ പാട്ടക്കരാർ പുതുക്കിനൽകും. അല്ലാത്തവരുടെ പാട്ടം റദ്ദ് ചെയ്ത് ഭൂമി സർക്കാറിലേക്ക് തിരിച്ചെടുക്കുന്നതും കുടിശ്ശിക പിരിച്ചെടുക്കുന്നതിന് റവന്യു റിക്കവറി നിയമപ്രകാരം നടപടി സ്വീകരിക്കുന്നതുമാണ്.
ബാങ്കുകൾ ഭൂമി പണയപ്പെടുത്തി വായ്പകൾ നൽകുന്നുണ്ട്. ഇത്തരം ഭൂമി പണയപ്പെടുത്തലുകൾ ബാങ്കുകൾക്ക് പരിശോധനയ്ക്ക് ലഭ്യമാകാത്തവിധത്തിൽ റവന്യു രേഖകളിൽ ഉൾപ്പെടുത്തുന്നത് ടി ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കുന്നതാണ്. മോർട്ട്ഗേജ് ഇലക്ട്രോണിക്കായി റിക്കോർട്ട് ചെയ്യുന്നതിനായി റവന്യുവകുപ്പിന്റെ പോർട്ടലിൽ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതാണ്. മോർട്ട്ഗേജ് രേഖപ്പെടുത്താൻ പരമാവധി 1000 രൂപയും ടി രേഖപ്പെടുത്തൽ ഒഴിവാക്കുന്നതിന് 300 രൂപയും ഫീസായി ബന്ധപ്പെട്ട രേഖകളിൽ നിന്നും ഈടാക്കും. ഇതിലൂടെ പ്രതിവർശം 200 കോടി രൂപ അധികവരുമാനമാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം സംസ്ഥാനത്തെ കോടതി ഫീസുകൾ വർധിപ്പിച്ചിട്ടുണ്ട്. വിഭവസമാഹരണത്തിന്റെ ഭാഗമായാണ് കോടതി ഫീസുകൾ വർധിപ്പിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ ചെക്ക് കേസുകൾക്കായുള്ള കോടതി ഫീസ് നിലവിൽ 10 രൂപയാണ്. ഇത് ചെക്കിലെ തുക അനുസരിച്ച് വർധിപ്പിച്ചു. നിരസിക്കപ്പെടുന്ന ചെക്കിന്റെ തുക 10,000 രൂപ വരെയാണെങ്കിൽ 250 രൂപയാകും കോടതി ഫീസ്. 10,000 രൂപ മുതൽ മൂന്ന് ലക്ഷം വരെയാണെങ്കിൽ ചെക്കിലെ തുകയുടെ അഞ്ച് ശതമാനമാകും കോടതി ഫീസ്.
ഇത്തരം കേസുകളിൽ അപ്പീൽ നൽകുന്നതിനുള്ള ഫീസും ഉയർത്തിയിട്ടുണ്ട്. കുറ്റാരോപിതൻ സെഷൻസ് കോടതിയിൽ അപ്പീൽ ഫയൽ ചെയ്യുമ്പോൾ 1,000 രൂപയാണ് ഫീസ് നൽകേണ്ടിവരിക. പരാതിക്കാരൻ ഹൈക്കോടതിയിൽ അപ്പീൽ നൽകുകയാണെങ്കിൽ വിചാരണക്കോടതിയിൽ നൽകിയ ഫീസിന്റെ പകുതി തുകയും ഫീസായി നൽകേണ്ടിവരും.
ഹൈക്കോടതിയിൽ റിവിഷൻ പെറ്റീഷനാണ് ഫയൽ ചെയ്യുന്നതെങ്കിൽ പരാതിക്കാരൻ ചെക്ക് തുകയുടെ പത്ത് ശതമാനം കോടതി ഫീസായി അടയ്ക്കണം. ശിക്ഷാവിധിക്കെതിരെ കുറ്റാരോപിതൻ ഹൈക്കോടതിയിൽ റിവിഷൻ പെറ്റീഷൻ ഫയൽ ചെയ്യുമ്പോൾ നൽകേണ്ട കോടതി ഫീസ് 1,500 രൂപയായും ഉയർത്തിയിട്ടുണ്ട്.
കുടുംബകോടതികളിൽ ഫയൽ ചെയ്യുന്ന വസ്തുസംബന്ധമായ കേസുകളുടെ കോടതി ഫീസും വർധിപ്പിച്ചിട്ടുണ്ട്. ഒരുലക്ഷം രൂപ വരെയുള്ള കേസുകളിൽ കോടതി ഫീസ് 200 രൂപയായും ഒരുലക്ഷം മുതൽ അഞ്ചുലക്ഷം രൂപ വരെയുള്ള കേസുകളിൽ അവകാശപ്പെടുന്ന തുകയുടെ അരശതമാനമായുമാണ് വർധിപ്പിച്ചത്. അഞ്ചുലക്ഷത്തിന് മുകളിലുള്ള കേസുകളിൽ പരമാവധി രണ്ടുലക്ഷം രൂപ എന്ന വ്യവസ്ഥയിൽ, അവകാശപ്പെടുന്ന തുകയുടെ ഒരു ശതമാനമാകും കോടതി ഫീസ്. ഇത്തരം കേസുകളിൽ ഹൈക്കോടതിയിൽ ഫയൽ ചെയ്യപ്പെടുന്ന അപ്പീലുകൾക്കും ഇതേ ഫീസുകളാകും ഈടാക്കുക.
മുൻ ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ സമിതിയുടെ ശുപാർശകൾ സ്വീകരിച്ചുകൊണ്ട് സംസ്ഥാനത്തെ കോർട്ട് ഫീസ് ആൻഡ് സ്യൂട്ട് വാല്യുവേഷൻ ആക്ടിൽ ഉചിതമായ ഭേദഗതികൾ കൊണ്ടുവരുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. സമിതിയുടെ അന്തിമ റിപ്പോർട്ടിൽ ശുപാർശ ചെയ്തതനുസരിച്ച് മറ്റുമേഖലകളിലും കോടതി ഫീസുകൾ വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുവഴി 50 കോടി രൂപയുടെ അധിക വരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.