- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് മദ്യപന്മാർക്ക് രക്ഷയില്ല! മദ്യവില വീണ്ടും ഉയരും; ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ എക്സൈസ് തീരുവ പത്ത് രൂപ കൂട്ടി; സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഒരു ഗഡു ഡി.എ; പങ്കാളിത്ത പെൻഷന് പകരം സുരക്ഷിതത്വം ഉറപ്പാക്കുന്ന പുതിയ പദ്ധതി കൊണ്ടുവരുമെന്നും പ്രഖ്യാപനം
തിരുവനന്തപുരം: ബജറ്റിൽ പതിവു തെറ്റിക്കാതെ ധനമന്ത്രി കെ എൻ ബാലഗോപാൽ. മദ്യവില ഇക്കുറിയും ഉയർത്തി. അടുത്ത സാമ്പത്തിക വർഷത്തിലാണ് വർധന നടപ്പാക്കുക. ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിനാണ് വില വർധിപ്പിക്കുന്നത്. ഇവയുടെ എക്സൈസ് തീരുവ ലിറ്ററിന് 10 രൂപയാണ് കൂട്ടിയത്. ഗൽവനേജ് ഫീസിനത്തിൽ 200 കോടി രൂപ സമാഹരിക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് നിലവിൽ നൽകുന്ന 1600 രൂപ ക്ഷേമപെൻഷൻ ഉയർത്തില്ലെന്ന് മന്ത്രി പറഞ്ഞു. കുടിശിക ഇനത്തിൽ കൊടുത്ത് തീർക്കാനുള്ള പെൻഷൻ തുക അടുത്ത സാമ്പത്തിക വർഷം മുതൽ കൊടുത്തു തീർക്കും. പെൻഷൻ സമയബന്ധികമായി നൽകാൻ കേന്ദ്ര സർക്കാർ അനുവദിക്കുന്നില്ലെന്ന് പറഞ്ഞ മന്ത്രി, അടുത്ത സാമ്പത്തിക വർഷം പെൻഷൻ സമയബന്ധിതമാക്കാൻ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.
അതേസമയം മറ്റ് സംസ്ഥാനങ്ങളെ മാതൃകയാക്കി പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് പകരം മറ്റൊരു പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. സംസ്ഥാന സർക്കാർ ജീവനക്കാർക്ക് നൽകാനുള്ള ഡിഎ കുടിശികയിൽ ഒരു ഗഡു ഏപ്രിൽ മാസത്തെ ശമ്പളത്തോടൊപ്പം നൽകുമെന്ന് മന്ത്രി പറഞ്ഞു. ആറ് ഗഡുവാണ് നിലവിൽ കുടിശിക. കോടതി ഫീസുകൾ വർധിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ 50 കോടി വരുമാനം പ്രതീക്ഷിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.
പങ്കാളിത്ത പെൻഷൻ സൃഷ്ടിച്ച അരക്ഷിതത്വം ജീവനക്കാരിൽ വലിയ ആശങ്കക്ക് വഴിവെച്ചിട്ടുണ്ട്. ഇത് പുനഃപരിശോധിക്കുന്നത് പഠിക്കാൻ സർക്കാർ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ തുടർപരിശോധനക്കായി മൂന്നംഗ കമ്മിറ്റി നിയോഗിച്ചിട്ടുണ്ട്. പങ്കാളിത്ത പെൻഷൻ വഴി കേന്ദ്ര സർക്കാറിന് നൽകിയ വിഹിതം തിരികെ ലഭിക്കാനുള്ള നടപടി സ്വീകരിക്കും. ഇതിനായി മറ്റ് സംസ്ഥാനങ്ങളിലെ പുതിയ പദ്ധതികളെ കുറിച്ച് സംസ്ഥാനത്ത് പുതിയ സ്കീം നടപ്പാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. പുനഃപരിശോധനാ സമിതിയുടെ റിപ്പോർട്ടിന്റെ തുടർപരിശോധനയ്ക്കായി സമിതി രൂപവത്കരിച്ചതായും മന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.
കേന്ദ്രസർക്കാരിന് നൽകിയ വിഹിതം തിരികെ ലഭ്യമാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കും. ഒരു അഷ്വേർഡ് പെൻഷൻ സമ്പ്രദായം നടപ്പിലാക്കുന്നതിനായി പുതിയ സ്കീം രൂപവത്കരിക്കും. മറ്റു സംസ്ഥാനങ്ങളിലെ പുതിയ പദ്ധതികൾകൂടി പഠിച്ചായിരിക്കും സംസ്ഥാനത്ത് പുതിയ അഷ്വേർഡ് സ്കീം നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ