- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകായുക്ത നിയമഭേദഗതി ബിൽ പാസാക്കി നിയമസഭ; ഈ കൊലക്കുറ്റത്തിന് സാക്ഷിയാകാൻ ഞങ്ങളില്ലെന്ന് പറഞ്ഞ് സഭ ബഹിഷ്ക്കരിച്ചു പ്രതിപക്ഷം; നിയമസഭയുടെ കറുത്ത ദിനമെന്ന് പ്രതിപക്ഷ നേതാവ്; ഇനി അറിയേണ്ടത് ബില്ലിൽ ഗവർണർ ഒപ്പിടുമോ എന്ന്
തിരുവനന്തപുരം: വിവാദമായ ലോകായുക്ത നിയമഭേദഗതി ബിൽ നിയമസഭയിൽ പാസായി. 23 വർഷം മുൻപ് ഇ.കെ നായനാർ സർക്കാർ പാസാക്കിയ ലോകായുക്ത നിയമത്തിന് കൊണ്ടുവന്ന ഭേദഗതിയാണ് പാസാക്കിയത്. അതേസമയം ഇന്ന് സഭാചരിത്രത്തിൽ കറുത്ത ദിനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വ്യക്തമാക്കി. 'ഈ കൊലക്കുറ്റത്തിന് സാക്ഷിയാകാൻ ഞങ്ങളില്ല.' എന്ന് വ്യക്തമാക്കി പ്രതിപക്ഷം വോട്ടെടുപ്പിന് മുൻപ് സഭ ബഹിഷ്‌കരിച്ചു. നിയമസഭയുടെ കറുത്ത ദിനമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണം.
അതേസമയം സഭ അധികാരപ്പെടുത്താതെ പുതിയ ഭേദഗതി ചേർത്തത് ചട്ട വിരുദ്ധമെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. എന്നാൽ ബില്ലിൽ സബ്ജക്ട് കമ്മിറ്റിക്ക് മാറ്റം വരുത്താം എന്ന് നിയമ മന്ത്രി പറഞ്ഞു. സഭക്കുള്ള അധികാരം സബ്ജക്ട് കമ്മിറ്റിക്കും ഉണ്ടെന്ന് പി രാജീവ് വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ ക്രമ പ്രശ്നം തള്ളി സ്പീക്കർ റൂളിങ് നൽകി.
ബില്ലിൽ ഓപ്പൺ ചെയ്യാത്ത മൂലനിയമത്തിലെ വകുപ്പുകൾക്ക് സബ്ജക്ട് കമ്മിറ്റി തലത്തിൽ ഭേദഗതി നിർദ്ദേശം വരുന്നതിലും സഭ അത് പരിഗണിക്കുന്നതിലും ഏതെങ്കിലും തരത്തിലുള്ള അപാകം ഉള്ളതായി കാണുന്നില്ല. മുമ്പ് പല സന്ദർഭങ്ങളിലും ഈ രീതി സഭയിൽ അവലംബിച്ചിട്ടുള്ളതായി കാണുന്നതിനാൽ ഉന്നയിച്ച ക്രമപ്രശ്‌നം നിലനിൽക്കുന്നതല്ലെന്നായിരുന്നു സ്പീക്കറുടെ റൂളിങ്.
അതസമയം ബില്ലിൽ ഗവർണർ ഒപ്പിടുമോ എന്നത് വരും ദിവസങ്ങളിലേ അറിയാനാകൂ.ലോകായുക്ത വിധിയിന്മേൽ ഗവർണർ, മുഖ്യമന്ത്രി, സംസ്ഥാന സർക്കാർ എന്നിവർക്ക് വാദം കേട്ട ശേഷം മൂന്ന് മാസത്തിനകം തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്ന വ്യവസ്ഥയാണ് ഭേദഗതിയിലൂടെ ആദ്യം സർക്കാർ കൊണ്ടുവന്നത്. ഇതിനെതിരെ സിപിഐ അടക്കം വിയോജിച്ചതോടെ വിവാദമായി.
പിന്നീട് മുന്നണിയുടെ ഉള്ളിലുണ്ടായ ഒത്തുതീർപ്പ് ധാരണ പ്രകാരമാണ് വീണ്ടും മാറ്റങ്ങൾ വരുത്തിയത്. ഇതനുസരിച്ച് മുഖ്യമന്ത്രിക്കെതിരായ വിധിയിൽ നിയമസഭയും, മന്ത്രിമാർക്കെതിരായ വിധിയിൽ മുഖ്യമന്ത്രിയും, എംഎൽഎമാർക്കെതിരായ വിധിയിൽ സ്പീക്കറും, ഉദ്യോഗസ്ഥർക്കെതിരായ വിധിയിൽ സർക്കാരും അപ്പീലധികാരികളാവും. നേരത്തേ രാഷ്ട്രീയ നേതാക്കളെയും ലോകായുക്ത പരിധിയിൽ ഉൾപ്പെടുത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ