ലോകായുക്ത ഭേദഗതി ബില്ലിൽ സിപിഐയുടെ നിർദ്ദേശം അംഗീകരിച്ച് സർക്കാർ; മുഖ്യമന്ത്രിക്കെതിരെയുള്ള പരാതികളിൽ നിയമസഭ തീരുമാനം എടുക്കും; റിപ്പോർട്ട് നിയമസഭയിൽ സമർപ്പിക്കും; സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട് നാളെ നിയമസഭയിൽ; ബില്ലിൽ ഒപ്പു വെക്കില്ലെന്ന് ഗവർണർ വ്യക്തമാക്കിയതോടെ സർക്കാറിന് മുന്നിൽ പ്രതിസന്ധികളേറെ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: ലോകായുക്തയെ ഔദ്യോഗിക ഭേദഗതിയായി ഉൾപ്പെടുത്താനുള്ള സിപിഐയുടെ നിർദ്ദേശം അംഗീകരിച്ച് സർക്കാർ. ആഭ്യന്തര സബ്ജക്ട് കമ്മിറ്റിയിലാണ് തീരുമാനം. ഇതോടെ മുഖ്യമന്ത്രിക്കെതിരെയുള്ള പരാതികളിൽ നിയമസഭ തീരുമാനം എടുക്കും. ഇതിന്റെ റിപ്പോർട്ടും നിയമസഭയിൽ സമർപ്പിക്കും. മന്ത്രിമാർക്കുള്ള പരാതികളിൽ തീരുമാനം മുഖ്യമന്ത്രിയുടേതായിരിക്കും.എംഎൽഎമാർക്കെതിരെയുള്ള പരാതികളിൽ സ്പീക്കർ ആവും തീരുമാനമെടുക്കുക. ഉദ്യോഗസ്ഥർക്കെതിരെ സർവീസ് ചട്ടപ്രകാരം സർക്കാർ നടപടി തീരുമാനിക്കും.
അതേസമയം സബ്ജക്ട് കമ്മിറ്റിയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പി.കെ കുഞ്ഞാലിക്കുട്ടിയും വിയോജിപ്പ് രേഖപ്പെടുത്തി. ജുഡീഷ്യറിയുടെ അധികാരം കവർന്നെടുക്കുകയാണെന്നാണ് വിമശനം. സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട് നാളെ നിയമസഭയിൽ സമർപ്പിക്കും. ഇന്ന് ഉച്ചയോടെയാണ് ലോകായുക്ത ബിൽ നിയമസഭയിൽ അവതരിപ്പിച്ച ശേഷം സബ്ജക്ട് കമ്മിറ്റിക്ക് വിട്ടത്.
ലോകായുക്ത ജുഡീഷ്യറെ ബോഡിയല്ലെന്നും അന്വേഷണ ഏജൻസി തന്നെ വിധി പറയാൻ പാടില്ലെന്നുമായിരുന്നു ബിൽ അവതരിപ്പിച്ചുകൊണ്ട് നിയമമന്ത്രി പി.രാജീവ് പറഞ്ഞത്. അന്വേഷണം,കണ്ടെത്തൽ,വിധി പറയൽ എല്ലാം കൂടെ ഒരു സംവിധാനം മറ്റെവിടെയും ഇല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തിരുന്നു. ബില്ലിനെ ശക്തമായി എതിർത്ത പ്രതിപക്ഷം ബിൽ നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് ആരോപിച്ചിരുന്നു. ജുഡീഷ്യൽ അഥോറിറ്റിയുടെ അധികാരം കവരുന്ന സംവിധാനമായി എക്സിക്യൂട്ടീവ് കവരുന്നു എന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പരാമർശം.
നിയമമന്ത്രി പി.രാജീവമാണ് ഭേദഗതി ബിൽ സഭയിൽ അവതരിപ്പിച്ചത്. ലോകായുക്ത നിയമഭേദഗതിക്കെതിരെ പ്രതിപക്ഷത്ത് നിന്നും രൂക്ഷമായ വിമർശനമുയർന്നു. ചർച്ചകൾക്ക് പിന്നാലെ ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിടുകയാണെന്നും വിശദമായ ചർച്ച അവിടെ നടക്കുമെന്നും നിയമമന്ത്രി അറിയിക്കുകയായിരുന്നു.
ലോകായുക്ത നിയമത്തിലെ കാതലായ പതിനാലാം ഭാഗമാണ് ഭേദഗതിയിലൂടെ സർക്കാർ മാറ്റുന്നതെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉന്നയിച്ച പരാമർശം. ലോകായുക്ത വിധി സർക്കാരിന് തള്ളാമെന്ന വ്യവസ്ഥ ജൂഡീഷ്യറിക്ക് മേലുള്ള കടന്നു കയറ്റമാണ്. ജുഡീഷ്യരിയുടെ അധികാരം എക്സിക്യൂട്ടീവ് കവരുന്ന തരത്തിലുള്ള ഭേദഗതിയാണിത്. ഭേദഗതി സുപ്രീം കോടതി ഉത്തരവുകൾക്ക് വിരുദ്ധം. ജുഡീഷ്യൽ സംവിധാനത്തിന്റെ തീരുമാനം എങ്ങിനെ എക്സിക്യൂട്ടീവിന് തള്ളാൻ കഴിയും.
ജൂഡീഷ്യറിയുടെ കണ്ടെത്തൽ തള്ളാൻ ഉള്ള അധികാരമാണ് ഇവിടെ നൽകിയിരിക്കുന്നത്. ഇന്ത്യൻ ഭരണഘടനയുടെ പതിനാലാം അനുച്ഛേദത്തിന്റെ ലംഘനമാണ് ഈ നിയമഭേദഗതി. ഇങ്ങനെയണെങ്കിൽ ഹൈക്കോടതിക്കുള്ള അധാികാരം കൂടി സർക്കാരിനെടുക്കാം. നിയമഭേദഗതിയെ പിന്താങ്ങിയ സിപിഐ മന്ത്രിമാർ ഇ.ചന്ദ്രശേഖരൻ നായരുടെ പ്രസംഗം വായിച്ചു നോക്കണം. നിങ്ങൾ തമ്മിലുണ്ടായ സെറ്റിൽമെന്റ് എന്താണെന്ന് അറിയില്ല. പക്ഷെ ഇത് ദൗർഭാഗ്യകരമാണെന്നും സതീശൻ വ്യക്തമാക്കി.
അതേസമയം ലോകയുക്ത ഏതിന്റെ അടിസ്ഥാനത്തിൽ ആണ് പ്രവർത്തിക്കുന്നത് എന്നതാണ് പ്രധാനം. ലോകയുക്ത ഒരു ജുഡീഷ്യൽ ബോഡിയല്ല, അതൊരു അന്വേഷണസംവിധാനം മാത്രമാണെന്ന് പി രാജീവ് തിരിച്ചടിച്ചു. എന്നാൽ, അഴിമതി തടയാനല്ലേ ലോകായുക്ത രൂപീകരിച്ചത്? ഭരണഘടന വായിച്ചു നോക്കിയാൽ മതിയെന്നായി സതീശൻ. അന്വേഷണത്തിനും പരാതികൾ പരിശോധിക്കാനുമുള്ള അധികാരങ്ങളുമാണ് ലോകായുക്തക്ക് നൽകിയിരിക്കുന്നത്. ആമുഖത്തിൽ തന്നെ അക്കാര്യം പറയുന്നുണ്ട്. അന്വേഷണം നടത്തുന്ന ഏജൻസി തന്നെ കേസിൽ ശിക്ഷ വിധിക്കുന്നത് എങ്ങനെയാണ്? ലോകത്തെവിടെയും ഇല്ലാത്ത വ്യവസ്ഥയാണ് അത്. ലോകയുക്ത നിയമത്തിലെ 14 ആം വകുപ്പ് ഭരണയെ മറികടക്കുന്നതാണ്. അൾട്രാ വയലേഷൻ ഓഫ്കോൺസ്ട്ടിട്യൂഷൻ.ആണ് ഈ നിയമം. പുതിയ ഭേദഗതി ലോക്പാൽ നിയമവുമായി യോജിക്കുന്ന തരത്തിലുള്ളതാണെന്നും അദ്ദേഹം വ്യക്തമാകക്കി.
നിലവിലെ ലോകയുക്ത നിയമം കുറ്റാരോപിതനു സ്വന്തം ഭാഗം പറയാൻ അവസരം നൽകുന്നതല്ലെന്നാണ് ചർച്ചയിൽ പങ്കെടുത്ത കെ കെ ശൈലജന അഭിപ്രായപ്പെട്ടത്. സാധാരണ പൗരന് ലഭിക്കേണ്ട നീതി തനിക്ക് ലോകായുക്ത നിഷേധിച്ചുവെന്ന് കെ ടി ജലീലും വാദിച്ചു. തന്റെ ഭാഗം വിശദീകരിക്കാൻ അവസരം നൽകിയില്ല. ബന്ധു നിയമന കേസിൽ ലോകയുക്തയുടെ നടപടിയുണ്ടായത് അതിവേഗത്തിലാണ്. വേണ്ട നിയമോപദേശം തേടിയ ശേഷമാണ് ലോകായുക്താ ഭേദഗതി ബില്ലുമായി സർക്കാർ വന്നിരിക്കുന്നത്. നിരാകരിക്കാൻ കൂടി ഉള്ള സ്വാതന്ത്ര്യം കൂടി വേണം. 1975ൽ ഭരണഘടന തന്നെ ഭേദഗതി ചെയ്യാൻ ഇന്ദിരഗാന്ധി ശ്രമിച്ച ചരിത്രമുണ്ടെന്നും ജലീൽ പറഞ്ഞു.
അതേസമയം ബിൽ അനുമതിക്കായി ഗവർണർക്ക് അയച്ചാലും അതിൽ ഒപ്പുവെക്കാൻ തയ്യാറല്ലെന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയത്. ആറ് മാസം വരെ ബില്ലിൽ ഒപ്പിടാതിരിക്കാനുള്ള അധികാരം ഗവർണക്കുണ്ട്. അതിന് ശേഷവും ഒപ്പിട്ടില്ലെങ്കിൽ വിഷയം നിയമ പോരാട്ടങ്ങളിലേക്ക് പോകും.
മറുനാടന് മലയാളി ബ്യൂറോ