- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ താൻ രാജി വയ്ക്കില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ രാജിവെക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി രാജിവെക്കണമെന്ന് ഉപദേശിക്കുന്ന കോൺഗ്രസ്, അവർ ഭരിക്കുന്ന എത്ര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ രാജിവെച്ചുവെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. തിരഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ രാജി ചോദിച്ചുവരേണ്ട. മോദിയെ മാറ്റിനിർത്തണമെന്നേ ജനം ചിന്തിച്ചുള്ളൂ എന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി അതിനെ ഇടതുപക്ഷ വിരോധമായി കണക്കാക്കേണ്ടതില്ലെന്നും പറഞ്ഞു.
തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണം എന്ന് പ്രതിപക്ഷം പറയുന്നു. എന്നാൽ എന്തുകൊണ്ട് ഹിമാചലിലും കർണാടകയിലും മുഖ്യമന്ത്രിമാർ രാജിവെക്കുന്നില്ല. മുഖ്യമന്ത്രി രാജിവെക്കണം എന്ന കോൺഗ്രസ് ഉപദേശം ആ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് കൊടുക്കാമായിരുന്നില്ലേ? കോൺഗ്രസ് ഭരിക്കുന്ന എത്ര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ രാജിവെച്ചുവെന്നും പിണറായി വിജയൻ ചോദിച്ചു. ലോക്‌സഭാ - നിയമസഭാ തിരഞ്ഞെടുപ്പുകൾ വ്യത്യസ്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സീറ്റുകൾ കുറഞ്ഞുപോയതിനാൽ സംസ്ഥാന സർക്കാർ രാജിവെക്കണം എന്ന് പറയുന്നത് എന്ത് യുക്തിയുടെ അടിസ്ഥാനത്തിലാണ്. 2004-ൽ എ.കെ. ആന്റണി മുഖ്യമന്ത്രി പദം രാജിവെച്ചത് സീറ്റ് കുറഞ്ഞതുകൊണ്ടല്ല, കോൺഗ്രസിനകത്തുള്ള സംഘടനാ പ്രശ്‌നം കൊണ്ടായിരുന്നുവെന്നും അതിനെ ഉദാഹരണമാക്കി സംസ്ഥാന സർക്കാരിന്റെ രാജി ആവശ്യപ്പെടാൻ പുറപ്പെടേണ്ടതില്ലെന്നും പിണറായി വിജയൻ പറഞ്ഞു.
കേരളത്തിൽ സിപിഎമ്മിനെതിരായ ജനവിധി ഉണ്ടായിരിക്കുന്നു. എന്നാൽ അത് സംസ്ഥാന സർക്കാരിനെതിരായ വിധി അല്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു. തൃശ്ശൂർ മണ്ഡലത്തിലെ ബിജെപിയുടെ ജയം പരിശോധിക്കുക തന്നെ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
'താൻ പറഞ്ഞതിൽ വസ്തുതയുണ്ടോയെന്ന് പരിശോധിക്കണം. അല്ലാതെ ബബബ്ബ പറയതരു'മെന്നും ആയിരുന്നു പ്രതിപക്ഷത്തോടുള്ള മുഖ്യമന്ത്രിയുടെ രൂക്ഷപ്രതികരണം. നിങ്ങൾ ജയിച്ചതിലൊന്നും വേവലാതിയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി വേവലാതിയുള്ളത് ബിജെപി എങ്ങനെ ഒരു മണ്ഡലത്തിൽ ജയിച്ചു എന്നുള്ളതിലാണെന്നും കൂട്ടിച്ചേർത്തു.
മഹാവിജയം നേടിയ യുഡിഎഫിന് എങ്ങനെ വോട്ട് കുറഞ്ഞു എന്നും പരിശോധിക്കണം. വിജയത്തിൽ വല്ലാതെ അഹങ്കരിക്കരുതെന്നും പിണറായി വിജയൻ പ്രതിപക്ഷത്തോട് പറഞ്ഞു. പലയിടത്തും നിങ്ങൾക്ക് ഒപ്പം നിന്ന ശക്തികൾ തൃശ്ശൂരിൽ നിങ്ങൾക്കൊപ്പം നിന്നില്ലെന്നും ക്രൈസ്തവ സഭാനേതൃത്വങ്ങളെ പരാമർശിച്ചു കൊണ്ടുള്ള മുഖ്യമന്ത്രിയുടെ വാക്കുകൾ. വോട്ട് കണക്കുകൾ നിരത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ സംസാരിച്ചത്.
വോട്ട് പോയത് അന്വേഷിക്കണമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണം. കല്യാശേരിയിലും മട്ടന്നൂരിലും വോട്ട് കുറഞ്ഞതും തൃശൂരിൽ അന്തിക്കാട് ഉൾപ്പെടെ സിപിഎം വോട്ട് ബിജെപിയിലേക്ക് പോയതും കൂടി മുഖ്യമന്ത്രി അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
മുസ്ലിം ലീഗിനെതിരെയും മുഖ്യമന്ത്രി രൂക്ഷവിമർശനമുന്നയിച്ചു. ഇതുവരെ ഇല്ലാത്ത രീതി മുസ്ലിംലീഗിന് ഉള്ളതായി കാണുന്നുണ്ട്. വിജയത്തിന്റെ മത്ത് പിടിച്ച നിലയിലാണ് അവർ. പട്ടിയെന്ന് വിളിക്കാതെ ഷംസുദ്ദീൻ പട്ടിയെന്ന് വിളിച്ചു. പ്രസ്താവന പിൻവലിച്ചങ്കിലും പറയേണ്ടത് പറയാതിരിക്കാൻ പറ്റില്ലല്ലോ. നാണവും ഉളുപ്പും ഉണ്ടോയെന്ന് ബഷീർ ചോദിച്ചു. ഇതുവരെ കാണാത്ത ഈ രീതി വിജയത്തിന്റെ മത്ത് തലക്ക് പിടിച്ചതുകൊണ്ടാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. പരാജയ കാരണം പരിശോധിക്കുമെന്നും ജനങ്ങൾക്കൊപ്പം ഞങ്ങളുണ്ടാകുമെന്നും പറഞ്ഞ മുഖ്യമന്ത്രി ഇത് ആത്യന്തിക പരാജയം അല്ലെന്നും പറഞ്ഞു.