കേരളത്തിന്റെ സൈന്യത്തെ സർക്കാർ രാജ്യദ്രോഹികളായി മുദ്രകുത്തി; അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടെന്നും മന്ത്രിമാർ ആരോപിച്ചു; സമരത്തിന് നാലുമാസമായിട്ടും പരിഹാരം കാണാൻ കഴിയാത്തത് സർക്കാരിന്റെ തികഞ്ഞ പരാജയം; കരയാനും മനസ്സ് വേണം; കടലിന്റെ മക്കളുടെ പ്രശ്നങ്ങൾ സഭയിൽ എണ്ണിപ്പറഞ്ഞ് എം വിൻസെന്റ് എംഎൽഎ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: വിഴിഞ്ഞം മേഖലയിൽ മത്സ്യത്തൊഴിലാളികളുടെ വിഷയങ്ങൾ എണ്ണിപ്പറഞ്ഞ് എം വിൻസെന്റ് എംഎൽഎ. വിഴിഞ്ഞം വിഷയത്തിലെ അടിയന്തര പ്രമേയ ചർച്ചയിൽ സർക്കാരിനെ അതിരൂക്ഷമായി വിമർശിച്ചാണ് വിൻസെന്റ് സംസാരിച്ചത്. സമരത്തിന് നാലുമാസമായിട്ടും പരിഹാരം കാണാൻ കഴിയാത്തത് സർക്കാരിന്റെ തികഞ്ഞ പരാജയമാണ്. ഉപരോധ സമരം ആരംഭിച്ചതിന് ശേഷം മാത്രമാണ് സർക്കാർ ചർച്ച ആരംഭിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിൻസെന്റ് കരയുന്നെന്ന് ഭരണപക്ഷം പരിഹസിച്ചപ്പോൾ കരയാനും ഒരു മനസ്സു വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
സമരക്കാർ രാജ്യദ്രോഹക്കുറ്റമാണ് ചെയ്യുന്നതെന്നും അവർ രാജ്യദ്രോഹികളാണെന്നും അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടെന്നും ഒന്നിനുപിറകേ ഒന്നായി മന്ത്രിമാർ ആരോപിച്ചു. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഈ ആരോപണം ഉന്നയിച്ചത്. 2018-ലെ പ്രളയകാലത്ത് മത്സ്യത്തൊഴിലാളികൾ വലിയ സഹായമാണ് ചെയ്തത്. അൻപതിനായിരം ജീവനുകളാണ് അവർ രക്ഷിച്ചതെന്ന് സർക്കാർ തന്നെ പിന്നീട് പറയുകയുണ്ടായി. കേരളത്തിന്റെ സ്വന്തം സൈന്യം അവരുടെ സങ്കടവുമായി വരുമ്പോൾ നിങ്ങൾ തീവ്രവാദികളാണ് രാജ്യദ്രോഹക്കുറ്റമാണ് ചെയ്യുന്നതെന്ന് പറയാമോ? അവരുമായി ചർച്ച നടത്തി വിഷയം പരിഹരിക്കാൻ കഴിയുമോ എന്നല്ലേ നോക്കേണ്ടിയിരുന്നത്, വിൻസെന്റ് ആരാഞ്ഞു.
മത്സ്യത്തൊഴിലാളികൾ വലിയതുറയിലെ സിമന്റ് ഗോഡൗണിൽ ഏറെ ബുദ്ധിമുട്ടിലാണ് കഴിയുന്നതെന്നും വിൻസെന്റ് ചൂണ്ടിക്കാണിച്ചു. നാലുവർഷമായി വലിയതുറയിലെ സിമന്റ് ഗോഡൗണിൽ പത്തടി നീളവും വീതിയുമുള്ള ഇടത്ത് അഞ്ചും ആറും ആളുകളാണ് കഴിയുന്നത്. ഒന്നും രണ്ടുമല്ല നാലുവർഷമായി അവർ അവിടെയാണ് കഴിയുന്നത്. മന്ത്രിമന്ദിരം മോടിപിടിപ്പിക്കാനും പുതിയകാറ് വാങ്ങാനും തത്രപ്പെട്ട് ഓടുന്ന മന്ത്രിമാരോട് ഒരുദിവസം അവിടെ കഴിയാനാകുമോ എന്ന് ചോദിക്കുകയാണ്, വിൻസെന്റ് ആരാഞ്ഞു.
ഞങ്ങൾക്കുള്ളത് വികസനത്തിന് അനുകൂലമായ കാഴ്ചപ്പാടാണ്. അല്ലാതെ നാലു മഞ്ഞക്കല്ലെടുത്ത് ജനങ്ങളുടെ തലയ്ക്കടിക്കുന്നതല്ല ഞങ്ങളുടെ വികസനമെന്നും വിൻസെന്റ് കൂട്ടിച്ചേർത്തു. അതേസമയം മുഖ്യമന്ത്രിക്ക് എന്തുപറ്റിയെന്ന് ചോദിച്ചാണ് രമേശ് ചെന്നിത്തല രംഗത്തുവന്നത്. ഭരണാധികാരിയെന്ന നിലയിൽ ഉണർന്ന് പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ടു. വിഴിഞ്ഞം സമരം പരിഹരിക്കാൻ കഴിയാത്തത് ലജ്ജാകരമാണ്. 7 വർഷമായി പദ്ധതിയുടെ ഡിപിആർ തയാറാക്കിക്കഴിഞ്ഞില്ല. സമരത്തിന്റെ കാരണം ഈ വൈകലാണെന്നും അദ്ദേഹം ആരോപിച്ചു. വിഴിഞ്ഞം പദ്ധതിക്ക് വേണ്ടി പിണറായി വിജയൻ സർക്കാർ ഒന്നും ചെയ്തില്ല. 2019 ൽ തീരേണ്ട പദ്ധതി 2023 ആയിട്ടും തീരാത്തതിന് കാരണം ഈ സർക്കാരാണ്. ഏഴ് വർഷമായി പദ്ധതിക്ക് വേണ്ടി സർക്കാർ ഒന്നും ചെയ്തിട്ടില്ല. 7000 കോടിയുടെ പദ്ധതിയിൽ 6000 കോടി രൂപയുടെ അഴിമതിയെന്ന് ആക്ഷേപിച്ചത് അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ്.
എം വി രാഘവനാണ് 1992 ൽ തുറമുഖ മന്ത്രിയായിരിക്കെ ഈ പദ്ധതി തുടങ്ങിയത്. മൂന്ന് തവണ ടെണ്ടർ ചെയ്തിട്ടും ആരും വന്നില്ല. പിന്നീട് വന്നത് ചൈനീസ് കമ്പനിയാണ്. കേന്ദ്രസർക്കാർ സുരക്ഷാ കാരണങ്ങളാൽ അനുമതി നിഷേധിച്ചു. അവസാനമാണ് അദാനിയുമായി കരാർ ഒപ്പിട്ടത്. ആ കാര്യത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അഭിനന്ദിക്കണം. എന്നാൽ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ എൽഡിഎഫ് പങ്കെടുത്തില്ല. പദ്ധതിയെ എതിർത്ത് അന്ന് വി എസ് അച്യുതാനന്ദൻ പ്രസ്താവനയിറക്കി.
ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്ന ഉടൻ ജുഡീഷ്യൽ അന്വേഷണം വെച്ചു. ജസ്റ്റിസ് രാമചന്ദ്രൻ നായരുടെ ജുഡീഷ്യൽ അന്വേഷണത്തിൽ ഉമ്മൻ ചാണ്ടിക്ക് ക്ലീൻചിറ്റുണ്ട്. ആ റിപ്പോർട്ട് ഈ സഭയുടെ മേശപ്പുറത്തുണ്ട്. പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ കെ കരുണാകരൻ കൊച്ചിയിൽ വിമാനത്താവളം കൊണ്ടുവന്നപ്പോൾ എന്റെ മൃതദേഹത്തിന് മുകളിൽ എന്ന് പറഞ്ഞ് എതിർത്തത് സിപിഎംകാരായിരുന്നു, എസ് ശർമ്മയായിരുന്നു. അദ്ദേഹം തന്നെ പിന്നീട് ആ കമ്പനിയുടെ ചെയർമാനായി. നിങ്ങളുടെ ചരിത്രം എന്നെക്കൊണ്ട് അധികം പറയിപ്പിക്കരുത്.
വിഴിഞ്ഞത്ത് 475 കോടിയുടെ പാക്കേജ് എന്തുകൊണ്ട് നടപ്പാക്കിയില്ലെന്ന് ചെന്നിത്തല ചോദിച്ചു. ഏഴ് വർഷമായി സർക്കാർ ഒന്നും ചെയ്തിട്ടില്ല. വിഴിഞ്ഞം സമരത്തിന് പിന്നിൽ തീവ്രവാദികളുണ്ടോ എന്ന് മുഖ്യമന്ത്രി പറയണം. ആന്റണി രാജുവിന്റെ സഹോദരൻ വിജയൻ തീവ്രവാദി ആണോ? മന്ത്രി അബ്ദു റഹ്മാൻ തികഞ്ഞ മതേതര വാദിയാണ്. അക്രമത്തോട് യോജിപ്പില്ല. അക്രമം ആര് നടത്തിയാലും യോജിപ്പില്ല. എന്നാൽ മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. അങ്ങേക്ക് എന്ത് പറ്റി? സമരക്കാരുമായി സംസാരിക്കാത്തത് ലജ്ജാകരമാണ്. വിഴിഞ്ഞം പദ്ധതി നിർത്തണമെന്ന അഭിപ്രായമില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ