- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിക്കെതിരായ മാത്യു കുഴൽനാടന്റെ പരാമർശം സഭാ രേഖകളിൽ നിന്നും നീക്കി; നീക്കിയത് ശിവശങ്കറിന്റെ റിമാൻഡ് റിപ്പോർട്ടിൽ മുഖ്യമന്ത്രിയെ കുറിച്ച് പരാമർശമുണ്ടെന്ന ഭാഗം; സ്വപ്ന സുരേഷ് ക്ലിഫ്ഹൗസിൽ വച്ച് പിണറായി വിജയനെ കണ്ടെന്ന പരാമർശവും നീക്കി; നടപടി കോടതിയുടെ പരിഗണനയിലുള്ള വിഷയം എന്ന വാദത്തോടെ
തിരുവനന്തപുരം: ലൈഫ് മിഷൻ അഴിമതിയുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ ചർച്ചയിൽ മുഖ്യമന്ത്രിയെ വെള്ളം കുടിപ്പിച്ച വിവരങ്ങളായിരുന്നു മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ പങ്കുവെച്ചത്. ഇത് ശരിക്കും പിണറായിയെ ചൊടിപ്പിക്കുകയും ചെയ്തു. രേഖകൾ സഹിതമായിരുന്നു മാത്യുവിന്റെ ആരോപണങ്ങൾ. ഈ ആരോപണങ്ങൾ സഭാ രേഖകളിൽ ഉണ്ടാകാൻ പാടില്ലെന്ന വാദവും അന്ന ഭരണപക്ഷ നിരയിൽ ഉള്ളവർ ഉയർത്തുകയുണ്ടായി. ഇപ്പോൾ കുഴൽനാടന്റെ പ്രസംഗത്തിൽ ചില ഭാഗങ്ങൾ സഭാ രേഖകളിൽ നിന്നും നീക്കി കൊണ്ടാണ് നടപടി ഉണ്ടായിരിക്കുന്നത്.
ശിവശങ്കറിന്റെ റിമാൻഡ് റിപ്പോർട്ടിൽ മുഖ്യമന്ത്രിയെ കുറിച്ച് പരാമർശമുണ്ട് എന്ന ഭാഗമാണ് സഭാ രേഖകളിൽ നിന്നും ഒഴിവാക്കിയത്. സ്വപ്ന സുരേഷ് ക്ലിഫ് ഹൗസിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു എന്ന് പരാമർശവും സഭാ രേഖകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. റിമാൻഡ് റിപ്പോർട്ട് വായിക്കുന്നതും രേഖയിൽ നിന്ന് ഒഴിവാക്കി. കോടതിയുടെ പരിഗണനയിലുള്ള വിഷയം എന്ന നിലയ്ക്കാണ് നടപടി.
ശിവശങ്കറിന്റെ റിമാൻഡ് റിപ്പോട്ടിലെ അനക്ഷ്വറിലെ 16ം ഐറ്റം പരാമർശിച്ചായിരുന്നു മുഖ്യമന്ത്രിയെയും മാത്യു കുഴൽനാടൻ വെട്ടിലാക്കിയിരുന്നത്. ഈ ഭാഗം അടക്കമാണ് ഇപ്പോൾ സഭാ രേഖകളിൽ നിന്നും നീക്കിയത്. യുഎഇ കോൺസുലേറ്റ് ജനറലും ശിവശങ്കറും സ്വപ്നയും ക്ലിഫ് ഹൗസിൽ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നാണ് ഇഡിയുടെ റിമാൻഡ് റിപ്പോർട്ടെന്നും മുഖ്യമന്ത്രി ഇക്കാര്യം നിഷേധിക്കുമോയെന്നും അന്ന് അടിയന്തര പ്രമേയ ചർച്ചയ്ക്കിടെ മാത്യു കുഴൽനാടൻ ചോദിച്ചത്. ഇത് മുഖ്യമന്ത്രിയെ ചൊടിപ്പിക്കുകയായിരുന്നു. 'പച്ചക്കള്ളമാണ്. എന്നെ ആരും കണ്ടില്ല, സംസാരിച്ചിട്ടില്ല' മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ ഭരണ, പ്രതിപക്ഷ അംഗങ്ങൾ ഇരിപ്പടത്തിൽനിന്ന് എഴുന്നേറ്റ് ബഹളമുണ്ടാക്കി. തുടർന്ന് സഭയിൽ ബഹളം ഉയരുകയും ചെയ്തു.
ലൈഫ് മിഷന്റെ ഭാഗമായി തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ നിർമ്മിക്കുന്ന ഫ്ളാറ്റിന്റെ മറവിൽ കോടികളുടെ ക്രമക്കേട് നടന്നതും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ അറസ്റ്റിലായതും സംബന്ധിച്ചായിരുന്നു മാത്യു കുഴൽനാടന്റെ അടിയന്തര പ്രമേയം. ശിവശങ്കറിന് സ്വപ്ന സുരേഷ് അയച്ച വാട്സാപ് ചാറ്റ് പുറത്തു വന്നിട്ടുണ്ടെന്നും, യുഎഇ കോൺസുലേറ്റിന് റെഡ് ക്രസന്റുമായി കരാറിൽ ഏർപ്പെടാൻ മുഖ്യമന്ത്രിയുടെ അനുമതി വാങ്ങിത്തരണമെന്നാണ് ചാറ്റിൽ പറയുന്നതെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
'പദ്ധതിക്കായി മുഖ്യമന്ത്രിയുടെ അഡി.പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ വിളിക്കാനാണ് ശിവശങ്കർ സ്വപ്നയോട് പറയുന്നത്. തെറ്റാണെങ്കിൽ നിഷേധിക്കാനുള്ള തന്റേടം മുഖ്യമന്ത്രി കാണിക്കണം. സർക്കാർ പല ആവർത്തി നിഷേധിച്ച കാര്യങ്ങൾ പുറത്തുവരികയാണ്. 2019 ജൂലൈയിലെ ഇഡി റിമാൻഡ് റിപ്പോർട്ടിൽ കോൺസുലേറ്റ് ജനറലും ശിവശങ്കറും സ്വപ്നയും മുഖ്യമന്ത്രിയുമായി ക്ലിഫ് ഹൗസിൽ ചർച്ച നടത്തിയെന്ന് പറയുന്നുണ്ട്' മാത്യു കുഴൽനാടൻ പറഞ്ഞു. പച്ചക്കള്ളമാണ് മാത്യു കുഴൽനാടൻ പറയുന്നതെന്നും താൻ ആരെയും കണ്ടില്ലെന്നും ആരുമായും സംസാരിച്ചില്ലെന്നും മുഖ്യമന്ത്രി ക്ഷുഭിതനായി മറുപടി നൽകി.
റിമാൻഡ് റിപ്പോർട്ടിനെതിരെ കോടതിയിൽ പോകാൻ തയാറുണ്ടോയെന്ന് മാത്യു കുഴൽനാടൻ ചോദിച്ചു. ' ആരോപണം നിഷേധിക്കുന്നുണ്ടോ എന്നു ചോദിച്ചു. അതിനാണ് മറുപടി പറഞ്ഞത്. ഏജൻസിയുടെ വക്കാലത്തുമായാണ് വന്നതെങ്കിൽ അങ്ങനെ കാണണം. സഭയിൽ പറയാൻ ആർജവമുണ്ട്. അതിനു കോടതിയിൽ പോകേണ്ടതില്ല.' മുഖ്യമന്ത്രി തിരിച്ചടിച്ചു. താൻ എഴുതിയ തിരക്കഥയല്ലെന്നും അന്വേഷണ ഏജൻസി കോടതിയിൽ കൊടുത്ത റിമാൻഡ് റിപ്പോർട്ടാണെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. കൂടിക്കാഴ്ച നടന്നിട്ടില്ലെങ്കിൽ കോടതിയിലെ സമീപിക്കണമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. 'ഇപ്പോൾ സർക്കാർ സംവിധാനം ഉണ്ട്. മാത്യു കുഴൽനാടന്റെ ഉപദേശം ഇപ്പോൾ വേണ്ട.' മുഖ്യമന്ത്രി മറുപടി നൽകി.
സ്വപ്നയ്ക്ക് ജോലി ശരിയാക്കി കൊടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി ശിവശങ്കർ ചാറ്റിൽ പറഞ്ഞത് മുഖ്യമന്ത്രി നിഷേധിക്കുമോയെന്ന് മാത്യു കുഴൽനാടൻ ചോദിച്ചു. സർക്കാരിന് സ്വപ്നയുടെ നിയമനത്തെക്കുറിച്ച് അറിയില്ലെന്നും കാര്യങ്ങളറിയാതെയാണ് മാത്യു കുഴൽനാടൻ സംസാരിക്കുന്നതെന്നും മുഖ്യമന്ത്രി മറുപടി നൽകി. രേഖകളുണ്ടെങ്കിൽ മാത്യു കുഴൽനാടൻ മേശപ്പുറത്ത് വയ്ക്കണമെന്ന് നിയമന്ത്രി പി.രാജീവ് പറഞ്ഞു. രേഖകളുടെ ആധികാരികത ഉറപ്പുവരുത്തണം. ഇഡിയുടെ വക്കീലാണെങ്കിൽ കോടതിയിൽ വാദിക്കണമെന്നും പി.രാജീവ് പറഞ്ഞു. റിമാൻഡ് റിപ്പോർട്ട് മേശപ്പുറത്തുവയ്ക്കാമെന്ന് മാത്യു കുഴൽനാടനും വെല്ലുവിളിച്ചിരുന്നു.
ശിവശങ്കറിന്റെ റിമാൻഡ് റിപ്പോർട്ടിനൊപ്പമുള്ള അനക്ഷ്വർ എയിലാണ് സ്വപ്‌ന- മുഖ്യമന്ത്രി കൂടിക്കാഴ്‌ച്ചയെ കുറിച്ച് പറയുന്നത്. 2019 ജൂലൈയിലാണ് ഈ കൂടിക്കാഴ്ച നടന്നതെന്നാണ് അനക്ഷ്വറിൽ പറയുന്നത്. അഴിമതിയുടെ തുടക്കവും ഒടുക്കവും വരെ അക്കമിട്ട് വിശദീകരിക്കുന്ന തരത്തിലാണ് ഈ അനക്ഷ്വർ. 22 സംഭവങ്ങളാണ് വിശദീകരിക്കുന്നത്. ഇതിൽ പതിനാറാം ഇനമായാണ് മുഖ്യമന്ത്രിയെ നേരിട്ട് പരാമർശിക്കുന്ന വിവരമുള്ളത്. ഈ സാഹചര്യത്തിൽ അഴിമതി കേസിൽ മുഖ്യമന്ത്രിയെ പോലും ചോദ്യം ചെയ്യാൻ വിളിപ്പിക്കാനുള്ള സാധ്യത ഏറെയാണ്. കൂടിക്കാഴ്ച നടന്നിട്ടുണ്ടെന്ന് നിയമസഭയിൽ ചോദ്യങ്ങൾക്കുള്ള മറുപടിയിൽ മുഖ്യമന്ത്രിയും സമ്മതിച്ചിട്ടുണ്ട്.
ലൈഫ് മിഷൻ അഴിമതിയുടെ തുടക്കമായി ഇഡി കാണുന്നത് 2016ൽ സ്വപ്നാ സുരേഷ് യുഎഇ കോൺസുലേറ്റിൽ ജോലി ചെയ്യുന്നിടത്താണ്. അതേ വർഷം സരിത്ത് പി ആർ ഒയായി അവിടെ എത്തി. 2016ന്റെ പകുതിയോടെ കോൺസുൽ ജനറലിന്റെ സുഹൃത്തും പങ്കാളിയും വിശ്വസ്തനുമായ ഖാലിദ് കോൺസുലേറ്റിൽ എത്തി. 2016 അവസാനം മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രിൻസിപ്പൽ സെക്രട്ടറിയായ ശിവശങ്കറും സ്വപ്നയും ഫോണിലൂടെ പരിചയപ്പെടുന്നു. യുഎഇ സന്ദർശിക്കുന്ന കേരള സംഘത്തിന്റെ യാത്രയുമായി ബന്ധപ്പെട്ടായിരുന്നു പരിചയത്തിന്റെ തുടക്കം.
മുഖ്യമന്ത്രിയുടെ യാത്രയുടെ ഏകോപനത്തിന് വേണ്ടത് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്വപ്നയെ 2017ലാണ് ശിവശങ്കർ വിളിക്കുന്നത്. പിന്നീട് കോൺസുലേറ്റ് ജനറലിന്റെ ചാരിറ്റ് ഡോളർ അക്കൗണ്ടിലേക്ക് യുഎഇയിൽ നിന്നും വൻ തോതിൽ സംഭാവന എത്തുന്നു. ഇത് ഇന്ത്യൻ രൂപയിലേക്ക് മാറ്റി മറ്റൊരു സമാന്തര എൻ ആർ ഐ ചാരിറ്റി അക്കൗണ്ടു ഉണ്ടാക്കുന്നു. സ്വപ്നയെ ചാർട്ടേഡ് അക്കൗണ്ടന്റായ വേണുഗോപാലിനെ പരിചയപ്പെടുത്തുന്നു. ലോക്കർ തുറക്കാനായിരുന്നു ഇത്. അങ്ങനെ തിരുവനന്തപുരം സിറ്റി ബ്രാഞ്ചിൽ സ്വപ്ന ലോക്കർ തുറന്നു. ഈ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശിവശങ്കറുമായി സ്വപ്ന പങ്കുവയ്ക്കുന്നുണ്ട്. 2018ലാണ് ഇതെല്ലാം സംഭവിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ