എക്സാലോജിക് വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ നിയമസഭയിൽ ആരോപണം ഉന്നയിക്കാനുള്ള ശ്രമം തടഞ്ഞ് സ്പീക്കർ; മാത്യു കുഴൽനാടനെ മൈക്ക് ഓഫ് ചെയ്തു; വ്യക്തമായ രേഖകൾ ഇല്ലെന്ന് സ്പീക്കർ; ചട്ടപ്രകാരം ആരോപണം എഴുതി നൽകിയിട്ടും അനുമതി നിഷേധിച്ചെന്ന് മാത്യു കുഴൽനാടൻ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: എക്സാലോജിക് വിവാദം നിയമസഭയിൽ ഉന്നയിക്കുന്നതിന് സഭയിൽ വീണ്ടും വിലക്ക്. മാത്യു കുഴൽനാടനാണ് മുഖ്യമന്ത്രിക്കെതിരെ ആരോപണം സഭയിൽ ഉന്നയിക്കാൻ ശ്രമിച്ചത്. ആരോപണം എഴുതി നൽകിയിട്ടും സ്പീക്കർ എ എൻ ഷംസീർ അത് പരിഗണിക്കാൻ കൂട്ടാക്കിയില്ല. വ്യക്തമായ രേഖകൾ ഇല്ലാതെയുള്ള ആരോപണം അനുവദിക്കില്ലെന്ന് സ്പീക്കർ നിലപാട് എടുക്കുകയായിരുന്നു. തുടർന്ന് ആരോപണം ഉന്നയിക്കാൻ സ്പീക്കർ ശ്രമിച്ചതോടെ മാത്യു കുഴൽനാടന്റെ മൈക്ക് സ്പീക്കർ ഓഫ് ചെയ്തു. തുടർന്ന് പ്രതിപക്ഷം സഭവിട്ടിറങ്ങി.
താൻ ചട്ടപ്രകാരമാണ് സഭയിൽ ഇടപെട്ടതെന്ന് മാത്യു കുഴൽനാടൻ നിയമസഭാ പ്രസ് കോൺഫറൻസ് ഹാളിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആരോപണത്തിന് അടിസ്ഥാനമായ രേഖ വേണമെന്ന് സ്പീക്കറുടെ ഓഫീസ് ആവശ്യപ്പെട്ടിരുന്നു. അത് നൽകുകയും ചെയ്തു. എന്നിട്ടും അനുമതി നിഷേധിച്ചത് എന്തിനെന്ന് മനസിലായില്ലെന്ന് മാത്യു കുഴൽനാടൻ പ്രതികരിച്ചു.
എംഎൽഎ എന്ന നിലയിൽ ഉത്തരവാദിത്തത്തോടെ വിഷയം അവതരിപ്പിക്കാവുന്ന വേദി എന്ന നിലയിലാണ് ആരോപണം ഉന്നയിക്കാൻ നിയമസഭ തെരഞ്ഞെടുത്തത്. നിയമസഭയിൽ ആധികാരികതയോടെ കാര്യം അവതരിപ്പിക്കാനാണ് ശ്രമിച്ചത്. പാർട്ടിയുടെ അനുമതിയോടെ വിഷയം ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുമെന്നും മാത്യു കുഴൽനാടൻ കൂട്ടിച്ചേർത്തു. ഗവർണർ പക്ഷപാതമായാണ് പെരുമാറുന്നത്. ജനാധിപത്യവിരുദ്ധമായ നടപടികളാണ് സഭയിൽ നടക്കുന്നതെന്നും വാ മൂടിക്കെട്ടാമെന്ന് വിചാരിക്കേണ്ടെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി.
അസാധാരണമായ സംഭവങ്ങളാണ് നിയമസഭയിൽ അരങ്ങേറിയതെന്ന് പി.സി വിഷ്ണുനാഥ് പറഞ്ഞു. ആരോപണം മുൻകൂട്ടി എഴുതി കൊടുത്തിട്ടാണ് ഉന്നയിക്കാൻ ശ്രമിച്ചത്. എഴുതിക്കൊടുത്താണ് പി.വി അൻവർ ആരോപണം ഉന്നയിച്ചത്. അത് അനുവദിച്ച സ്പീക്കർ മാത്യുവിന് അനുമതി നൽകിയില്ലെന്നും വിഷ്ണുനാഥ് കുറ്റപ്പെടുത്തി.
ഇതിന് മുമ്പും എക്‌സാലോജിക് വിവാദം നിയമസഭയിൽ ഉന്നയിക്കാൻ മാത്യു കുഴൽനാടൻ ശ്രമിച്ചപ്പോഴും അതും സ്പീക്കർ തടഞ്ഞിരുന്നു. നേരത്തെ കെഎംആർഎൽ മാസപ്പടി ആരോപണത്തിൽ നടക്കുന്ന കേന്ദ്ര അന്വേഷണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന് ക്ലീൻ ചിറ്റ് ലഭിക്കുക എളുപ്പമല്ലെന്ന് മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞിരുന്നു. കേന്ദ്ര കോർപറേറ്റ് മന്ത്രാലയത്തിന്റെ അന്വേഷണത്തേക്കുറിച്ചുള്ള സംശയങ്ങൾ ആവർത്തിച്ച കുഴൽനാടൻ വീണയെ സംരക്ഷിക്കാൻ ശ്രമിച്ചാൽ കേന്ദ്ര ഏജൻസി തുറന്നുകാട്ടപ്പെടുമെന്നും അഭിപ്രായപ്പെട്ടു.
''മുൻകാല സംഭവങ്ങളിലെ കേന്ദ്ര ഏജൻസികളുടെ സമീപനം വിലയിരുത്തുമ്പോൾ, കേന്ദ്ര സർക്കാരും കേന്ദ്ര ഏജൻസികളും അന്വേഷണം നടത്തുന്നതിൽ സത്യസന്ധത പുലർത്തുന്നില്ലെന്ന് വിശ്വസിക്കാൻ ഞങ്ങൾക്ക് ന്യായമായ കാരണങ്ങളുണ്ട്. കേന്ദ്ര ഏജൻസികൾക്ക് നേരിട്ട് ഇടപെട്ട് ബന്ധപ്പെട്ടവരെ പിടികൂടാമായിരുന്ന കൂടുതൽ വിവാദമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ എല്ലായ്‌പ്പോഴും അവർ മെല്ലെപ്പോക്ക് സമീപനമാണ് സ്വീകരിച്ചത്. അതുകൊണ്ടാണ് ഈ അന്വേഷണത്തിന്റെ ഫലത്തേക്കുറിച്ച് ഞങ്ങൾ സംശയിക്കുന്നത്'' മാത്യു കുഴൽനാടൻ പറഞ്ഞു.
അതിനിടെ എക്‌സാലോജിക് സിഎംആർഎൽ സാമ്പത്തിക ഇടപാട് കേസിൽ അന്വേഷണം നടക്കുന്നതാണ് നല്ലതെന്ന് കേരളാ ഹൈക്കോടതി അഭിപ്രായപ്പെട്ടു. എസ്എഫ്‌ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടു കെഎസ്‌ഐഡിസി നൽകിയ ഹർജിയിലാണ് ഹൈക്കോടതി പരാമർശം. അന്വേഷണത്തിൽ ആശങ്ക എന്തിനാണെന്നും നിർത്തിവയ്ക്കാൻ ആവശ്യപ്പെടുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു.
അന്വേഷണം പേരിനു കളങ്കം വരുത്തുന്നതായി കെസ്‌ഐഡിസി കോടതിയെ അറിയിച്ചു. സിഎംആർഎലിനെതിരായ അന്വേഷണത്തിൽ എതിർപ്പില്ലെന്നും അവർ വ്യക്തമാക്കി. എന്നാൽ എക്‌സാലോജിക് കരാറിൽ സിഎംആർഎലിനോട് വിശദീകരണം തേടിയതിന്റെ പകർപ്പ് ഹാജരാക്കാൻ കെഎസ്‌ഐഡിസിയോട് കോടതി ആവശ്യപ്പെട്ടു. ഇതിനു സമയം വേണമെന്ന് കെഎസ്‌ഐഡിസി പറഞ്ഞതിനാൽ ഹർജി ഈ മാസം 26ലേക്കു മാറ്റി.
ജനുവരി 31നാണ് എക്‌സാലോജിക് കമ്പനിക്കെതിരായ അന്വേഷണം എസ്എഫ്‌ഐഒയ്ക്ക് വിടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. സിഎംആർഎല്ലിന്റെ ഡയറക്ടർ ബോർഡിൽ കെഎസ്‌ഐഡിസി പ്രതിനിധിയും ഉണ്ട് എന്നതാണ് ഈ പൊതുമേഖലാ സ്ഥാപനത്തേയും അന്വേഷണ പരിധിയിൽ കൊണ്ടുവന്നത്. വീണയുടെ കമ്പനിക്ക് 1.72 കോടി രൂപ കൈമാറിയത് ഐടി, മാനേജ്‌മെന്റ് അധിഷ്ഠിത സേവനങ്ങളുടെ പ്രതിഫലമായാണ് എന്ന സിഎംആർഎൽ തെറ്റാണെന്നു വെളിപ്പെട്ടതോടെയാണ് ഈ ഇടപാടിൽ കോർപറേറ്റ് മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചത്.
വകുപ്പ് 210 എടുത്ത കേസിൽ ഈ മാസം 8, 9 തീയതികളിൽ അന്വേഷണത്തിന് എത്തുമെന്ന് കെഎസ്‌ഐഡിസിയെ അറിയിച്ചിരുന്നു. എന്നാൽ അന്വേഷണം എസ്എഫ്‌ഐഒയ്ക്കു വിടുന്നതിന്റെ ഭാഗമായി വകുപ്പ് 212 അനുസരിച്ച് കേസ് രജിസ്റ്റർ ചെയ്തു. ഇതിനു പിന്നാലെ എസ്എഫ്‌ഐഒ കഴിഞ്ഞ ദിവസം സിഎംആർഎലിലും കെഎസ്‌ഐഡിസിയിലും പരിശോധന നടത്തി. മൂന്നര മണിക്കൂർ നീണ്ട പരിശോധനയ്‌ക്കൊടുവിൽ കെഎസ്‌ഐഡിസിയുടെ അക്കൗണ്ട് സോഫ്റ്റ്‌വെയർ എസ്എഫ്‌ഐഒ സംഘം ശേഖരിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ